വാഇല്‍-അല്‍-ദഹ്ദൂഹ്; മാധ്യമപ്രവര്‍ത്തകന്‍, ഗസയിലെ പോരാളി
ആര്യ. പി
15 കാരനായ തന്റെ മകന്‍ മഹ്‌മൂദിന്റെ രക്തം പുരണ്ട ശരീരത്തിന് മുന്നില്‍ മുട്ടുകുത്തിയപ്പോഴാണ് അയാള്‍ ആദ്യം നിലവിളിച്ചത്. തുടര്‍ന്ന് അറബ് ലോകത്ത് പ്രതികാരം ചെയ്യുന്ന ഒരു വാചകം ഉച്ചരിച്ചു: 'നമ്മുടെ കുട്ടികളിലൂടെ അവര്‍ നമ്മോട് പ്രതികാരം ചെയ്തു.' | സെെത്തൂണിന്‍റെ മക്കള്‍ ഭാഗം അഞ്ച്

2023 ഒക്ടോബര്‍ 25 വൈകുന്നേരം അഞ്ച് മണി. ഗസയിലെ അല്‍ ജസീറ ഓഫീസില്‍, ഇസ്രഈല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ലൈവ് റിപ്പോര്‍ട്ടിങ് നടത്തുകയാണ് മാധ്യമപ്രവര്‍ത്തകനായ വാഇല്‍-അല്‍-ദഹ്ദൂഹ്.

പെട്ടെന്ന് പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ ശബ്ദിച്ചുതുടങ്ങി. അല്‍ ജസീറയില്‍ തന്നെ ജോലി ചെയ്യുന്ന തന്റെ അനന്തരവന്‍ ഹംദാന്റെ മുഖത്തെ പരിഭ്രാന്തി ദഹ്ദൂഹ് ശ്രദ്ധിച്ചു. ലൈവ് റിപ്പോര്‍ട്ടിങ്ങ് നടക്കുകയായിരുന്നിട്ട് കൂടി ഹംദാന്‍ ദഹ്ദൂഹിന്റെ അടുത്തെത്തി അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു.

ഇത്തരമൊരു ഇടപെടല്‍ സാധാരണ ഉണ്ടാവാത്തതുകൊണ്ട് തന്നെ ദഹ്ദൂഹിനെ അത് ആശ്ചര്യപ്പെടുത്തി.

ആരാണ്? എന്തുപറ്റി? പരിഭ്രാന്തിയോടെയുള്ള അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കാന്‍ ആകാതെ ഹംദാന്‍ തന്റെ കൈകള്‍ കൊണ്ട് ചുമരില്‍ ശക്തമായി ഇടിച്ചു.

വാഇല്‍-അല്‍-ദഹ്ദൂഹ്

എന്താണ് പറ്റിയത് പറയൂ? ദഹ്ദൂഹ് വീണ്ടും ചോദിച്ചു.

നമ്മുടെ കുടുംബം നില്‍ക്കുന്നയിടം അവര്‍ തകര്‍ത്തിരിക്കുന്നു. താങ്കളുടെ മകള്‍ ആശുപത്രിയിലുണ്ട്. ഹംദാന്‍ പറഞ്ഞു.

ചാനലില്‍ ലൈവ് സ്ട്രീമിങ് അപ്പോഴും തുടരുകയായിരുന്നു. ഫോണ്‍ തിടുക്കത്തില്‍ വാങ്ങുന്ന ദഹ്ദൂഹിനേയും അദ്ദേഹത്തിന്റെ ചോദ്യങ്ങളുമെല്ലാം പശ്ചാത്തലത്തില്‍ കേള്‍ക്കാം. അല്‍പ്പസമയത്തിനകം സംപ്രേക്ഷണം തടസപ്പെട്ടു.

ദഹ്ദൂഹിന്റെ 21 വയസ്സുള്ള മകള്‍ ഖുലൂദ് ആയിരുന്നു ഫോണില്‍. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി പറയാന്‍ അവള്‍ക്കും ആയില്ല. ഫോണ്‍ കട്ട് ചെയ്ത് ദഹ്ദൂഹ് ഏഴ് മൈല്‍ അകലെയുള്ള നുസൈറത്തിലെ ക്യാമ്പിലേക്ക് ഓടി.

അവിടെയാണ് ദഹ്ദൂഹിന്റെ ഭാര്യയും എട്ട് കുട്ടികളില്‍ ഏഴ് പേരും താമസിക്കുന്നത്. ഇസ്രഈലിന്റെ നിയുക്ത സുരക്ഷാ മേഖല കൂടിയായിരുന്നു അത്.

40 മിനിട്ടുകൊണ്ട് ദഹ്ദൂഹ് അവിടെ എത്തി. അസ്വസ്ഥമായ ചില കാഴ്ചകള്‍ അദ്ദേഹം അവിടെ കണ്ടു. ആളുകള്‍ കൈകള്‍ കൊണ്ട് മണ്ണുമാറ്റി മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ മൃതദേഹ ഭാഗങ്ങള്‍ തിരയുകയാണ്.

ചിലര്‍ കണ്ണീരോടെയും മറ്റുള്ളവര്‍ മരിച്ചവരുടെ പേരുകള്‍ വിളിച്ചും കരയുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍, ദഹ്ദൂഹ് തന്റെ 18 മാസം പ്രായമുള്ള ചെറുമകന്‍ ആദാമിനെ പൊടിയില്‍ പൊതിഞ്ഞ നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. കുഞ്ഞിനെ കൈകളില്‍ എടുത്ത് 15 മിനിറ്റ് അകലെയുള്ള അല്‍-അഖ്സ ആശുപത്രിയിലേക്ക് ഓടി.

ആശുപത്രിക്കു പുറത്തുള്ള തിരക്കിനിടയില്‍ ദഹ്ദൂഹ് തന്റെ മകള്‍ ഖുലൂദിനെ കണ്ടു. പിതാവിന്റെ കൈകളില്‍ ചലനമറ്റു കിടക്കുന്ന ആദാമിനെ കണ്ടതും അവള്‍ ഉറക്കെ കരയാന്‍ തുടങ്ങി. അവന്റെ മുഖത്ത് തലോടി തട്ടിവിളിച്ചു. അതിന് ശേഷം അവള്‍ കുഴഞ്ഞുവീണു.

ആശുപത്രിയിലെ ഒരു ഡോക്ടറുടെ കൈകളില്‍ അദ്ദേഹം ആദാമിനെ ഏല്‍പ്പിച്ചു, അതിന് ശേഷം കുടുംബത്തിലുള്ള മറ്റുള്ളവരെ തിരഞ്ഞു.

പരിക്കേറ്റവരും അല്ലാത്തവരുമായി നിരവധി പേര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ അന്വേഷിച്ച് ആശുപത്രിയുടെ വരാന്തയിലുടനീളം നടക്കുന്നുണ്ടായിരുന്നു.

ദീര്‍ഘനാളായി ഗസയില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ദഹ്ദൂഹ് ആളുകള്‍ക്ക് പരിചിതനായിരുന്നു, അദ്ദേഹത്തിന്റെ കുടുംബവും.

ആരെങ്കിലും തന്റെ ഭാര്യയെയും കുട്ടികളെയും കണ്ടിരുന്നോ എന്ന ചോദ്യം പലരും അവഗണിക്കുന്നതായി ദഹ്ദൂഹിന് തോന്നി. തനിക്ക് അറിയാത്ത എന്തോ അവര്‍ക്കറിയാമായിരുന്നു എന്നതുപോലെ.

വൈകാതെ ഒരു ആംബുലന്‍സ് ആശുപത്രിയിലെത്തി. അതില്‍ 12 വയസുള്ള ദഹ്ദൂദിന്റെ ഇളയ മകന്‍ യഹ്യയുണ്ടായിരുന്നു.
അവന്റെ തലയോട്ടി തുറന്നുകിടക്കുന്നു, തല രക്തത്തില്‍ മുങ്ങിയിരിക്കുകയാണ്. പക്ഷേ അവന് ബോധമുണ്ടായിരുന്നു.

ദഹ്ദൂഹ് അവനെ പെട്ടെന്ന് ഡോക്ടറുടെ അടുത്തേക്ക് എത്തിച്ചു. അദ്ദേഹം അവിടെ വെച്ചു തന്നെ മുറിവുകള്‍ തുന്നിക്കെട്ടാന്‍ തുടങ്ങി. അനസ്തേഷ്യ നല്‍കിയില്ല. അവന്‍ വേദന കൊണ്ട് അലറിക്കരഞ്ഞു, ഒരു ഡോസ് അനസ്തെറ്റിക് കണ്ടെത്തി നല്‍കുന്നതുവരെ.

യഹ്യയുടെ അരികില്‍ ദഹ്ദൂഹ് കാത്തിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മറ്റൊരു മകളേയും ഭാര്യാമാതാവിനേയും നിരവധി ബന്ധുക്കളേയും ആശുപത്രിയില്‍ എത്തിച്ചു. അവരില്‍ നിന്ന് ആദാമിന്റെ അമ്മയും മറ്റ് മൂന്ന് പെണ്‍മക്കളും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതായി ദഹ്ദൂദ് മനസ്സിലാക്കി.

ദഹ്ദൂദിന്റെ മൂത്ത മകന്‍ 27 വയസ്സുള്ള ഹംസ ഗസയുടെ തെക്ക് ഭാഗത്താണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ എട്ട് കുട്ടികളില്‍ ആറ് പേരെ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോ പറഞ്ഞ് അറിഞ്ഞു. ഒന്നുകില്‍ അവര്‍ സുരക്ഷിതരായിരിക്കാം, അല്ലെങ്കില്‍ യഹ്യയെപ്പോലെ പരിക്കേറ്റെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന് ദഹ്ദൂഹിന് തോന്നി.

പക്ഷേ തന്റെ ഭാര്യയെയും മറ്റ് രണ്ട് കുട്ടികളെയും കാണാനില്ല. മോര്‍ച്ചറി മാത്രമാണ് നോക്കാതിരുന്നത്. ഒടുവില്‍ ‘രക്തസാക്ഷി കൂടാരം’ എന്നറിയപ്പെടുന്ന ആശുപത്രി പരിസരത്തുള്ള താത്കാലിക മോര്‍ച്ചറിയിലേക്ക് ദഹ്ദൂഹ് നടന്നു. മാധ്യമപ്രവര്‍ത്തകരും ചിലയാളുകളും അദ്ദേഹത്തിന്റെ ഓരോ നിമിഷവും ക്യാമറയില്‍ പകര്‍ത്തി.

ഗസ ഒരു ചെറിയ പ്രദേശമാണ്. നാല് മൈലില്‍ താഴെ വീതിയുള്ള ആ ഇടുങ്ങിയ സ്ഥലത്തുകൂടി, ചുറ്റും കൂടിയിരുന്ന ജനക്കൂട്ടത്തിനിടയിലൂടെ അദ്ദേഹം നടന്നു. ചിലര്‍ തുറിച്ചുനോക്കി, മറ്റുള്ളവര്‍ പിന്തുണയെന്ന പോലെ ചില വാക്കുകള്‍ ഉച്ചരിച്ചു. ചിലര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ എത്തി.

ഒടുവില്‍ മോര്‍ച്ചറിയില്‍, ദഹ്ദൂഹ് തന്റെ 15 വയസ്സുള്ള മകന്‍ മഹ്‌മൂദിന്റെയും ഏഴ് വയസ്സുള്ള മകള്‍ ഷാമിന്റെയും ഭാര്യ ആമിനയുടെയും മൃതദേഹങ്ങള്‍ കണ്ടു.

ഏഴുവയസുകാരിയായ ഷാമിനെ എടുത്ത് അവളോട് എന്തോ ചിലത് സംസാരിച്ചു. ഭാര്യയുടെ മൃതദേഹത്തിനരികില്‍ മുട്ടുകുത്തി നിന്ന് അവളുടെ കൈ പിടിച്ചു.

ഒരു മൃതദേഹത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അയാള്‍ നീങ്ങുമ്പോള്‍, അപരിചിതരായ ചിലരുടെ കൈകള്‍, അവരില്‍ തന്നെ ചില കുട്ടികള്‍ അദ്ദേഹത്തെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു.

15 കാരനായ തന്റെ മകന്‍ മഹ്‌മൂദിന്റെ രക്തം പുരണ്ട ശരീരത്തിന് മുന്നില്‍ മുട്ടുകുത്തിയപ്പോഴാണ് അയാള്‍ ആദ്യം നിലവിളിച്ചത്. തുടര്‍ന്ന് അറബ് ലോകത്ത് പ്രതികാരം ചെയ്യുന്ന ഒരു വാചകം ഉച്ചരിച്ചു: ‘നമ്മുടെ കുട്ടികളിലൂടെ അവര്‍ നമ്മോട് പ്രതികാരം ചെയ്തു.’

ഭാര്യയുടേയും മക്കളുടേയും മൃതദേഹം അടക്കംചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രഈല്‍ നടത്തുന്ന ക്രൂരവംശഹത്യയെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരിട്ട് അദ്ദേഹം അല്‍ ജസീറയില്‍ റിപ്പോര്‍ട്ട് ചെയ്തു.

വാഇല്‍-അല്‍-ദഹ്ദൂഹ് റിപ്പോർട്ടിനിടെ

ഭാര്യയുടേയും മക്കളുടേയും മരണം നടന്ന് കൃത്യം രണ്ടുമാസം തികയുന്നതിന് മുന്‍പ് 2023 ഡിസംബര്‍ 15-ന്, ഖാന്‍ യൂനിസിലെ ഹൈഫ സ്‌കൂള്‍ വ്യോമാക്രമണം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന ദഹ്ദൂഹിനും സഹ ക്യാമറാമാന്‍ സമീര്‍ അബു ദഖയ്ക്കും നേരെ ഇസ്രഈലിന്റെ മിസൈല്‍ ആക്രമണമുണ്ടായി. ദഹ്ദൂദിന്റെ കൈയ്ക്ക് പരിക്കേറ്റു. ഉടന്‍ തന്നെ അദ്ദേഹത്തെ ചിലര്‍ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ ഗുരുതരമായി പരിക്കേറ്റ സമീര്‍ അബു ദഖയ്ക്ക് അരികിലേക്ക് ആംബുലന്‍സുകള്‍ എത്തുന്നത് ഇസ്രഈല്‍ സൈന്യം തടഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം രക്തം വാര്‍ന്ന് അദ്ദേഹം മരിച്ചു.

കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടിട്ടും പരിക്കേറ്റിട്ടും മാധ്യമപ്രവര്‍ത്തനമെന്ന തന്റെ ജോലിയില്‍ നിന്ന് പിന്തിരിയാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ ഒരു മാസം തികയുന്നതിന് മുന്‍പ് 2024 ജനുവരി 7ന് ഖാന്‍ യൂനിസില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ദഹ്ദൂഹിന്റെ മൂത്ത മകനും മാധ്യമപ്രവര്‍ത്തകനുമായ ഹംസ അല്‍-ദഹ്ദൂഹ് കൊല്ലപ്പെട്ടു. 27 വയസുമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

ഹംസ അല്‍-ദഹ്ദൂഹ്

ഹംസയുടെ കാറില്‍ ബോംബ് വെക്കുകയായിരുന്നു ഇസ്രഈല്‍ സൈന്യം. ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ഹംസ പകര്‍ത്തുകയും ലോകത്തെ കാണിക്കുകയും ചെയ്തിരുന്നു. അതിനുള്ള മറുപടി.

‘ഭീഷണി ഉയര്‍ത്തിയ ഒരു തീവ്രവാദിയെ ഞങ്ങള്‍ ആക്രമിച്ചു’ എന്നായിരുന്നു ഹംസയുടെ കൊലപാതകത്തിന് പിന്നാലെ ഇസ്രഈലിന്റെ പ്രതികരണം. ആക്രമണമല്ലെന്നും ഇത് കൊലപാതകമാണെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ദഹ്ദൂദിന്റെ കുടുംബത്തെ ഇസ്രഈല്‍ സേന ആസൂത്രിതമായി ലക്ഷ്യവെച്ചെന്നും അവര്‍ എഴുതി.

എന്നാല്‍ ഹംസ ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ പ്രവര്‍ത്തകനാണെന്നായിരുന്നു ഇസ്രഈല്‍ സൈന്യത്തിന്റെ വാദം. എന്നാല്‍ ആ വാദം സ്ഥിരീകരിക്കുന്ന ഒരു തെളിവും ഇസ്രഈലിന് നല്‍കാനില്ലായിരുന്നു.

പിന്നീട് നടന്ന മറ്റൊരു കാര്‍ ബോംബാക്രമണത്തില്‍ ദഹ്ദൂഹിന്റെ രണ്ട് അനന്തരവന്‍മാരായ അഹമ്മദ് അല്‍-ദഹ്ദൂഹും മുഹമ്മദ് അല്‍-ദഹ്ദൂഹും കൊല്ലപ്പെട്ടു.

കെയ്‌റോയിലെ ഈജിപ്ഷ്യന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റിന്റെ അഭ്യര്‍ത്ഥനപ്രകാരം, 2024 ജനുവരിയില്‍ അല്‍-ദഹ്ദൂഹിന് റഫ ക്രോസിംഗ് വഴി ഈജിപ്തിലേക്കും തുടര്‍ന്ന് അല്‍-അരിഷ് വിമാനത്താവളം വഴി ദോഹയിലേക്കും വൈദ്യചികിത്സയ്ക്കായി പോകാന്‍ അനുമതി ലഭിച്ചു.

അന്നത്തെ റോക്കറ്റ് സ്ഫോടനത്തില്‍ ദഹ്ദൂവിന്റെ വലതു കൈയിലെ ഞരമ്പുകള്‍ തകര്‍ന്നിരുന്നു. ഇപ്പോള്‍ ഖത്തറില്‍ താമസിക്കുന്ന ദഹ്ദൂഹ്, ഗസയിലെ ജനങ്ങളുടെ ദുരവസ്ഥയില്‍ പങ്കുകൊള്ളാനും അവരോട് സഹാനുഭൂതി കാണിക്കുന്നവരുമായ പടിഞ്ഞാറന്‍ മാധ്യമപ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്.

ഗസയിലെ അല്‍ ജസീറയുടെ ടീമിനെ അദ്ദേഹം ഇപ്പോഴും നയിക്കുന്നു. അവരെ അപകടത്തില്‍ നിന്ന് സുരക്ഷിതരാക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് ദഹ്ദൂഹിന് അറിയാം.

വ്യക്തിപരമായ ദുരന്തങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ പോലും, ഗാസയില്‍ നിന്നുള്ള വാര്‍ത്തകള്‍ ദുരന്തമുഖത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ ദഹ്ദൂഹ് ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു.

‘തുടരുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഞങ്ങള്‍ കരുതുന്നു, ‘അവിടെ നമ്മള്‍ തുടരേണ്ടതുണ്ട്. ഇതാണ് നമ്മുടെ ജോലി. കഷ്ടപ്പാടുകള്‍ വളരെ വലുതാണ്, പക്ഷേ ഉത്തരവാദിത്തബോധവും അങ്ങനെ തന്നെ. അല്ലാത്തപക്ഷം സത്യം പറയാന്‍ ആരുമുണ്ടാകില്ല,’

‘പത്രപ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് പല ദിവസങ്ങളും വളരെ വേദനാജനകമായിരുന്നു. നമുക്ക് ചുറ്റും പൊട്ടിത്തെറിക്കുന്ന മിസൈലുകളേക്കാളും ബോംബുകളേക്കാളും വേദനാജനകമായിരുന്നു ചില കാഴ്ചകള്‍.

‘അവിടെ സുരക്ഷിതമായ സ്ഥലങ്ങളില്ല, പത്രപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, പൊതുജനങ്ങള്‍ക്കും പോകാന്‍ ഒരിടവുമില്ല. എല്ലാത്തിന്റേയും അവസാനം ഇങ്ങനെ ആയിരിക്കുമെന്ന് നമ്മള്‍ മനസിലാക്കി തുടങ്ങും. അവിടെ നിങ്ങള്‍ക്ക് ഭയമോ മടിയോ തോന്നിയാല്‍ അത് നല്ലതല്ല,

ഗസയില്‍ നടക്കുന്നത് ലോകത്തെ അറിയിക്കണമെന്ന വെല്ലുവിളി ഞങ്ങള്‍ സ്വയം സ്വീകരിച്ചു. അവസരത്തിനൊത്ത് ഉയരണമെന്ന് തീരുമാനിച്ചു. അത് നമ്മുടെ കടമയാണ്, നമുക്കോ നമ്മുടെ ആളുകള്‍ക്കോ വേണ്ടിയല്ല, മറിച്ച് മനുഷ്യരാശിക്കും വേണ്ടി കൂടിയാണ്.’ ‘ദഹ്ദൂഹ് പറയുന്നു.

അല്‍ ജസീറ, അല്‍-അഖ്സ ടിവി, റോയിട്ടേഴ്‌സ് തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങള്‍ക്കാണ് തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ ഇസ്രഈല്‍ ആക്രമണത്തില്‍ നഷ്ടമായത്.

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റിന്റെ കണക്കുകള്‍ പ്രകാരം 2023 ഒക്ടോബര്‍ 7 മുതല്‍ ഇന്നുവരെ ഗസയില്‍ കൊല്ലപ്പെട്ടത് 246 മാധ്യമപ്രവര്‍ത്തകരാണ്. കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സിന്റെ കണക്കനുസരിച്ച് ഇതില്‍ ഏകദേശം 195 പേരും ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകരാണ്.

 

സെെത്തൂണിന്‍റെ മക്കള്‍

ഭാഗം ഒന്ന്: ഹിന്ദ് റജബ്; 302 വെടിയുണ്ടകള്‍, ഇസ്രഈല്‍ കൊന്നുകളഞ്ഞ അഞ്ചു വയസുകാരി

ഭാഗം രണ്ട്: റിഫാത്ത് അല്‍ അറൈര്‍; ഗസയുടെ പ്രിയപ്പെട്ട കവി

ഭാഗം മൂന്ന്: ഡോ. അബു സഫിയ; ഇസ്രഈലിന്റെ തോക്കിന് മുമ്പിലും ചങ്കുറപ്പോടെ നിന്ന ഗസയുടെ ഡോക്ടര്‍

ഭാഗം നാല്: ഡോ. സൂഫിയാന്‍ തയെ; ഗസയുടെ അധ്യാപകന്‍… ശാസ്ത്രജ്ഞന്‍

ഭാഗം ആറ്: അവ്‌നി എല്‍ ദൗസ്: മരണശേഷം ലോകമറിഞ്ഞ ഗസയിലെ യൂട്യൂബര്‍

ഭാഗം ഏഴ്: തുടരൂ അനസ്… ഇസ്രഈല്‍ കൊന്നുകളഞ്ഞ ഗസയുടെ ശബ്ദം

ഭാഗം എട്ട്റീമും താരിഖും, ഗസയുടെ മുത്തച്ഛന്റെ റൂഹായ പൊന്നുമക്കള്‍

ഭാഗം ഒമ്പത്: ഇസ്രഈല്‍ കൊലപ്പെടുത്തിയ ‘ഫലസ്തീന്‍ പെലെ’; സുലൈമാന്‍ അല്‍ ഉബൈദ്

ഭാഗം പത്ത്: ഡോ. മര്‍വാന്‍ അല്‍-സുല്‍ത്താന്‍; ഗസയുടെ ഹൃദയസൂക്ഷിപ്പുകാരന്‍

ഭാഗം പതിനൊന്ന്: ഡോ. ഗസ്സാന്‍ അബു-സിത്ത; ഇസ്രഈല്‍ പ്രാകൃതത്വത്തിന് നേര്‍സാക്ഷിയായ സര്‍ജന്‍

 

 

Content Highlight: Wael al-Dahduh; journalist, fighter in Gaza

 

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.