റീമും താരിഖും, ഗസയുടെ മുത്തച്ഛന്റെ റൂഹായ പൊന്നുമക്കള്‍
ആര്യ. പി
കൊച്ചുമക്കളായ റീമിനും താരിഖിനും എല്ലാം മുത്തച്ഛനാണ്. എപ്പോഴും അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും അദ്ദേഹവുമൊത്ത് കൃസൃതി കളിക്കാനുമാണ് അവര്‍ക്കിഷ്ടം. തന്റെ മുത്തച്ഛന്റെ നീണ്ടുവളര്‍ന്ന താടി പിടിച്ചുവലിക്കാനാണ് റീമിന് എറ്റവും ഇഷ്ടം. അവളുടെ കുഞ്ഞുമുടി പിടിച്ചുവെച്ച് നബ്ഹാനും അവളെ ദേഷ്യം പിടിപ്പിടിക്കും | സെെത്തൂണിന്‍റെ മക്കള്‍ - ഭാഗം ഒമ്പത്‌

അവളുടെ ആ കണ്ണുകള്‍ ഒരുവട്ടം തുറന്നിരുന്നെങ്കിലെന്ന് ആ മുത്തച്ഛന്‍ ആഗ്രഹിച്ചു. ചലനമറ്റു കിടക്കുന്ന അവളുടെ മുഖത്ത് എത്ര ചുംബിച്ചിട്ടും അദ്ദേഹത്തിന് മതിവരാത്ത പോലെ.

എന്നും അവളെ ഇക്കിളിപ്പെടുത്തുമായിരുന്ന തന്റെ നീളത്താടികൊണ്ട് അവളുടെ ഒടിഞ്ഞുതൂങ്ങിയ തലയില്‍ അദ്ദേഹം തടവി നോക്കി. അവളുടെ രക്തം പുരണ്ട മുഖം വീണ്ടും വീണ്ടും തുടച്ചു. അവസാനമായി വിട പറയുന്നതിനുമുമ്പ് അവളെ കെട്ടിപ്പിടിച്ചു…

ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരിയായ തന്റെ പേരക്കുട്ടിയെ കുറിച്ച് പറയുമ്പോള്‍ ഖാലിദ് നബ്ഹാന് വാക്കുകള്‍ തികയാതെ വരും. തന്റെ ആത്മാവിന്റെ ആത്മാവാണ് അവള്‍ ( റൂഹ്-അല്‍-റൂഹ് ) എന്നാണ് റീമിനെ കുറിച്ച് ഖാലിദ് പറയാറ്. റീം മാത്രമല്ല തന്റെ പ്രിയപ്പെട്ട കൊച്ചുമകന്‍ താരിഖും.

2023 നവംബറില്‍ തെക്കന്‍ ഗസയിലെ അല്‍-നുസൈറത്തില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിലാണ് മൂന്ന് വയസ്സുള്ള റീമും അഞ്ച് വയസ്സുള്ള താരീഖും കൊല്ലപ്പെടുന്നത്.

റീമുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അയാളുട മുഖം പ്രകാശിക്കും. വാക്കുകള്‍ മതിയാകാതെ വരും.. പക്ഷേ പതിയെ ആ മുഖത്ത് ദു:ഖ ഭാരം കനക്കും.

താത്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായിരുന്നു ഇവര്‍ താമസിച്ച വീടിന് നേരെ ഇസ്രഈലിന്റെ ബോംബ് പതിച്ചത്. ആ സമയം നല്ല ഉറക്കത്തിലായിരുന്നു കുടുംബം.

സ്‌ഫോടനം നടന്നയുടനെ തന്റെ മക്കളെയും പേരക്കുട്ടികളെയുമാണ് ഖാലിദ് അന്വേഷിച്ചത്. വൈദ്യുതി ഇല്ലാത്തതിനാല്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ അവരെ കണ്ടെത്താന്‍ അദ്ദേഹത്തിനായില്ല.

എനിക്ക് ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല, അവര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരുന്നു,’ തന്റെ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ഖാലിദ് പറഞ്ഞു. ആക്രമണത്തില്‍ റീമിന്റെ അമ്മ മെയ്സയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

തന്റെ പൊന്നു മകള്‍ സഹായത്തിനായി നിലവിളിക്കുന്നത് കേട്ടിട്ടും നിസ്സഹയയായ ആ അമ്മയ്ക്ക് വീടിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയതിനാല്‍ അവളെ രക്ഷിക്കാനായില്ല.

റീമിന്റെ പിതാവ് ഫലസ്തീന് പുറത്താണ് ജോലി ചെയ്യുന്നത്, അതുകൊണ്ട് തന്നെ കുടുംബം മുത്തച്ഛനായ ഖാലിദ് നബ്ഹാനൊപ്പമാണ് താമസിച്ചിരുന്നത്.

കൊച്ചുമക്കളായ റീമിനും താരിഖിനും എല്ലാം മുത്തച്ഛനാണ്. എപ്പോഴും അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും അദ്ദേഹവുമൊത്ത് കൃസൃതി കളിക്കാനുമാണ് അവര്‍ക്കിഷ്ടം.

തന്റെ മുത്തച്ഛന്റെ നീണ്ടുവളര്‍ന്ന താടി പിടിച്ചുവലിക്കാനാണ് റീമിന് എറ്റവും ഇഷ്ടം. അവളുടെ കുഞ്ഞുമുടി പിടിച്ചുവെച്ച് നബാനും അവളെ ദേഷ്യം പിടിപ്പിടിക്കും.

‘ഞാന്‍ അവള്‍ക്ക് ഒരുപാട് ഉമ്മ കൊടുക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ ഉമ്മ കൊടുത്തിട്ടും അവള്‍ ഉണരുന്നില്ലല്ലോ…നബാന് വാക്കുകള്‍ മുഴുമിപ്പിക്കാനായില്ല..

മൂന്നുവയസുകാരിയായ റീമിനോട് ഒല്‍പം വാത്സല്യക്കൂടുതല്‍ ഖാലിദിനുണ്ടായിരുന്നു. ‘ഞങ്ങള്‍ വേര്‍പിരിയാനാവാത്തവരായിരുന്നു, താന്‍ അവളെ എന്റെ പ്രാണനേക്കാള്‍ സ്‌നേഹിച്ചിരുന്നെന്നാണ് ഖാലിദ് നബ്ഹാന്‍ പറയുന്നത്.

കുഞ്ഞുങ്ങളുടെ മരണത്തിന് പിന്നാലെ ഖാലിദ് തന്റെ കൊച്ചുമകനായ താരിഖിന്റെ മുടി ചീകിവെക്കുന്നതും വെളുത്ത തുണിയില്‍ കിടത്തിയിരിക്കുന്ന തന്റെ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഫോണില്‍ എടുക്കുന്നതുമായ വീഡിയോകള്‍ വൈറലായിരുന്നു.

‘അവന്‍ എപ്പോഴും എന്നോട് ആവശ്യപ്പെടുന്നതുപോലെ ഞാന്‍ അവന്റെ മുടി ചീകി, അവന് അവന്റെ മുടി ഒത്തിരി ഇഷ്ടമായിരുന്നു, അവന്‍ ആവശ്യപ്പെടാറുള്ള പോലെ ഒരു ഫോട്ടോ ഞാനെടുത്തു. അവന്‍ പോവുകയാണല്ലോ…

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച മറ്റൊരു വീഡിയോയില്‍ ഖാലിദ് നബ്ഹാന്‍ തന്റെ ഷര്‍ട്ടില്‍ റീമിന്റെ കമ്മല്‍ ഒരു ബാഡ്ജുപോലെ ധരിച്ചിരിച്ചതായി കാണാമായിരുന്നു. ആ കമ്മല്‍ റീമിന് പ്രിയപ്പെട്ടതായിരുന്നു.

‘റീമും താരീഖും എന്റെ ആത്മാവിന്റെ സത്തയാണ്. എന്റെ രണ്ടു കണ്ണുകള്‍. അവരുടെ ദേഹത്തേയും മുഖത്തേയും പൊടി ഉപ്പ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുകയായിരുന്നു. അപ്പോഴാണ് ഞാന്‍ ആ കമ്മല്‍ കണ്ടത്. ഒരു കമ്മല്‍ നഷ്ടപ്പെട്ടിരുന്നു. ആ കമ്മല്‍ ഞാന്‍ എന്റെ മകളുടെ ഓര്‍മയ്ക്കായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുകയാണ്….

‘അവള്‍ എന്നോടൊപ്പം ഉണ്ടാകും. ഈ കമ്മലിലൂടെ ഞാന്‍ അവളെ ഓര്‍ക്കും. എനിക്ക് അവളെ ഓര്‍ക്കാതിരിക്കാനാവില്ലല്ലോ.. നിനക്കിനി സമാധാനത്തോടെ വിശ്രമിക്കാം റീം….

റീമും മുത്തച്ഛനുമായി മറ്റൊരു സാമ്യത കൂടിയുണ്ട്. രണ്ടുപേരുടേയും ജന്മദിനം ഒരേ ദിവസമായിരുന്നു. ഡിസംബര്‍ 23. റീമിന്റെ മൂന്നാം പിറന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെപ്പിലായിരുന്നു ഖാലിദ് നബ്ഹാന്‍.

പക്ഷേ അങ്ങനെയൊരു ജന്മദിനം ആഘോഷിക്കാനുള്ള സമയം അവള്‍ക്ക് കിട്ടിയില്ല. ദു:ഖമല്ലാതെ മറ്റൊന്നും തന്റെ ജീവിതത്തിലുണ്ടാകില്ലെന്നും ദൈവത്തിലുള്ള വിശ്വാസം മുറുകെ പിടിച്ച് മുന്നോട്ടുപോകുകയാണ് താനെന്നും ഖാലിദ് നബാന്‍ പലകുറി പറഞ്ഞിരുന്നു.

‘നമ്മള്‍ ദൈവത്തോട് മാത്രമേ പരാതിപ്പെടാവൂ, ദൈവത്തിന് മാത്രമേ നമ്മുടെ ദുഃഖവും ഹൃദയവേദനയും അറിയാനാവുകയുള്ളൂ.. സര്‍വ്വശക്തനായ ദൈവമാണ് എല്ലാത്തിനും മറുപടി കൊടുക്കുകയെന്ന് ഞാന്‍ വിശ്വസിക്കുന്നു, നബാന്‍ പറഞ്ഞു.

‘എന്റെ ആത്മാവായ റീമിന്റെയും താരിഖിന്റേയും രക്തവും ഇവിടെ രക്തസാക്ഷികളായ ആയിരങ്ങളുടെ ചോരയും ഇസ്രഈലിനും അമേരിക്കയ്ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും മേല്‍ ശാപമായി വീഴട്ടെ എന്ന് സര്‍വശക്തനായ ദൈവത്തോട് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും ഖാലിദ് നബാന്‍ പറഞ്ഞിരുന്നു.

ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് പ്രകാരം ഗാസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

ലോകത്തില്‍ കുട്ടികള്‍ക്ക് താമസിക്കാന്‍ ഏറ്റവും അപകടകരമായ സ്ഥലമായി ഐക്യരാഷ്ട്രസഭ ഗസയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഗസയിലെ സ്ത്രീകള്‍ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നവരാണ്. ആ സമാധാനം അവിടെ പുലര്‍ന്നില്ലെങ്കില്‍ കൈകളില്‍ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചുള്ള ഉറക്കത്തിനിടെ പെട്ടെന്നുള്ള ഒരു മരണം തങ്ങള്‍ക്ക് തരണേ എന്നാണ് അവരുടെ മറ്റൊരു പ്രാര്‍ത്ഥന..എന്തൊരു ഗതികേടെന്ന് ഓര്‍ക്കണം…

ഒരു വര്‍ഷത്തിനിപ്പുറം ഗസയുടെ ‘പ്രിയപ്പെട്ട മുത്തച്ഛന്‍’ എന്ന് അറിയപ്പെട്ട ഖാലിദ് നബാന്‍ 2024 ഡിസംബറില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

തന്റെ കൊച്ചുമക്കളുടെ വേര്‍പാടിന്റെ ദു:ഖത്തില്‍ നിന്ന് ഖാലിദ് കരകയറി വരുന്നേ ഉണ്ടായിരുന്നുള്ളൂ. ഗസയിലെ ദുരന്തബാധിതരായ മനുഷ്യരെ തന്നാലാവും വിധം സഹായിക്കാന്‍ അദ്ദേഹം തയ്യാറായി. മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍.

ലോകത്തെമ്പാടുനിന്നും തന്നെ ആശ്വസിപ്പിക്കാനായി വിളിക്കുന്നവര്‍ക്ക് പോലും അദ്ദേഹം പ്രതീക്ഷയായി. ഗസയിലെ രക്തച്ചൊരിച്ചില്‍ തടയാന്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലോ എന്ന് വിലപിച്ചവരോട് ഗസയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനായിരുന്നു ഖാലിദ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.

‘നിങ്ങളുടെ പ്രാര്‍ത്ഥനയേക്കാള്‍ വിലപ്പെട്ടതായി ഒന്നുമില്ല… അല്ലാഹു നമ്മോടൊപ്പം ഉണ്ടായിരിക്കാന്‍ പ്രാര്‍ത്ഥിക്കൂ,’ മരണത്തിന് മുന്‍പും അദ്ദേഹം പറഞ്ഞത് അത് മാത്രമാണ്.

റീമിന്റേയും താരിഖിന്റേയും ചിത്രങ്ങള്‍ക്കൊപ്പം ഖാലിദിന്റെ ചിത്രവും ചേര്‍ത്തുവെക്കപ്പെട്ടു. അല്ലെങ്കിലും അവര്‍ക്കരികിലിരിക്കുന്നതായിരുന്നല്ലോ അദ്ദേഹത്തിന് ഏറ്റവും സന്തോഷം.. തന്റെ റൂഹിന്റെ റൂഹായ മക്കള്‍ക്കരിലേക്ക് ഖാലിദ് മടങ്ങി..ഗസയില്‍ സമാധാനം പുലരട്ടേയെന്ന പ്രാര്‍ത്ഥനയോടെ….

സെെത്തൂണിന്‍റെ മക്കള്‍

 

ഭാഗം ഒന്ന്: ഹിന്ദ് റജബ്; 302 വെടിയുണ്ടകള്‍, ഇസ്രഈല്‍ കൊന്നുകളഞ്ഞ അഞ്ചു വയസുകാരി

ഭാഗം രണ്ട്: റിഫാത്ത് അല്‍ അറൈര്‍; ഗസയുടെ പ്രിയപ്പെട്ട കവി

ഭാഗം മൂന്ന്: ഡോ. അബു സഫിയ; ഇസ്രഈലിന്റെ തോക്കിന് മുമ്പിലും ചങ്കുറപ്പോടെ നിന്ന ഗസയുടെ ഡോക്ടര്‍

ഭാഗം നാല്: ഡോ. സൂഫിയാന്‍ തയെ; ഗസയുടെ അധ്യാപകന്‍… ശാസ്ത്രജ്ഞന്‍

ഭാഗം അഞ്ച്: വാഇല്‍-അല്‍-ദഹ്ദൂഹ്; മാധ്യമപ്രവര്‍ത്തകന്‍, ഗസയിലെ പോരാളി

ഭാഗം ആറ്: അവ്‌നി എല്‍ ദൗസ്: മരണശേഷം ലോകമറിഞ്ഞ ഗസയിലെ യൂട്യൂബര്‍

ഭാഗം ഏഴ്: തുടരൂ അനസ്… ഇസ്രഈല്‍ കൊന്നുകളഞ്ഞ ഗസയുടെ ശബ്ദം

ഭാഗം ഒമ്പത്: ഇസ്രഈല്‍ കൊലപ്പെടുത്തിയ ‘ഫലസ്തീന്‍ പെലെ’; സുലൈമാന്‍ അല്‍ ഉബൈദ്

ഭാഗം പത്ത്: ഡോ. മര്‍വാന്‍ അല്‍-സുല്‍ത്താന്‍; ഗസയുടെ ഹൃദയസൂക്ഷിപ്പുകാരന്‍

ഭാഗം പതിനൊന്ന്: ഡോ. ഗസ്സാന്‍ അബു-സിത്ത; ഇസ്രഈല്‍ പ്രാകൃതത്വത്തിന് നേര്‍സാക്ഷിയായ സര്‍ജന്‍

 

 

Content Highlight: Reem and Thareq, Children who lost their lives in the Israeli attack

 

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.