തമിഴ് സിനിമയെ ഞെട്ടിച്ച തിരിച്ചുവരവായിരുന്നു സംവിധായകന്‍ നെല്‍സന്റേത്. വിജയ്‌യെ നായകനാക്കി ഒരുക്കിയ ബീസ്റ്റ് എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം നെല്‍സണ്‍ ഒരുക്കിയ ചിത്രമായിരുന്നു ജയിലര്‍. രജിനികാന്തിനെ നായകനാക്കി ഒരുക്കിയ ജയിലറില്‍ ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ അണിനിരന്നിരുന്നു.
കന്നഡ് സൂപ്പര്‍താരം ശിവ രാജ്കുമാറും മലയാളികളുടെ സ്വന്തം മോഹന്‍ലാലും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തിയിരുന്നു. ബോളിവുഡ് താരം ജാക്കി ഷ്‌റോഫ്, തെലുങ്ക് താരം സുനില്‍ എന്നിവരുടെ സാന്നിധ്യവും ജയിലറിലുണ്ടായിരുന്നു. ബോക്‌സ് ഓഫീസില്‍ നിന്ന് 600 കോടിയോളം ചിത്രം സ്വന്തമാക്കിയിരുന്നു. ഈയടുത്ത് ജയിലറിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
ആദ്യ ഭാഗത്തിന് മുകളില്‍ നില്‍ക്കുന്നതാകും ജയിലര്‍ 2വെന്ന് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോയിലൂടെ മനസിലായിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അട്ടപ്പാടിയില്‍ നടക്കുന്ന ഷെഡ്യൂളില്‍ രജിനികാന്ത് കഴിഞ്ഞദിവസം ജോയിന്‍ ചെയ്തിരുന്നു. ആദ്യ ഭാഗത്തെ താരങ്ങള്‍ക്കൊപ്പം പുതിയ കഥാപാത്രങ്ങളും ജയിലറിലുണ്ടാകും.
ആദ്യഭാഗത്തില്‍ ആരാധകരെ ത്രസിപ്പിച്ച കഥാപാത്രമായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യൂസ്. മുംബൈയിലെ അധോലോകത്തെ നിയന്ത്രിക്കുന്ന മാത്യൂസ് എന്ന ഡോണ്‍ തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. അനിരുദ്ധിന്റെ ബി.ജി.എമ്മില്‍ ഇതുവരെ കാണാത്ത സ്‌റ്റൈലിഷ് മോഹന്‍ലാലിനെ കാണാന്‍ സാധിച്ചു. വെറും രണ്ട് സീന്‍ കൊണ്ട് വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ മോഹന്‍ലാലിന് സാധിച്ചു.
ഇപ്പോഴിതാ ജയിലര്‍ 2വിനായി സംവിധായകന്‍ നെല്‍സണ്‍ മോഹന്‍ലാലിനെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഹൃദയപൂര്‍വം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് നെല്‍സണും മോഹന്‍ലാലും കണ്ടുമുട്ടിയത്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജിനികാന്ത്, മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിവര്‍ ഒന്നിച്ച് ഒരു ഫ്രെയിമില്‍ ഇത്തവണ ഉണ്ടാകുമോ എന്ന് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ആദ്യ ഭാഗത്തില്‍ വില്ലനായി തകര്‍ത്ത് അഭിനയിച്ചത് മലയാളി താരം വിനായകനായിരുന്നു. വര്‍മന്‍ എന്ന കഥാപാത്രമായി അപാര പ്രകടനമാണ് വിനായകന്‍ കാഴ്ചവെച്ചത്. രണ്ടാം ഭാഗത്തില്‍ വില്ലനാകുന്നത് എസ്.ജെ സൂര്യയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ എസ്.ജെ. സൂര്യ ജോയിന്‍ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇവര്‍ക്ക് പുറമെ ബാലകൃഷ്ണയും ജയിലര്‍ 2വിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Director Nelson Dileepkumar met Mohanlal in Hridayapoorvam movie set for Jailer 2