'രാജൂന്റെ തോളും ചെരിഞ്ഞു'; പൃഥ്വിരാജിന്റെ ബ്രോ ഡാഡി ഫോട്ടോക്ക് മിഥുന്‍ മാനുവലിന്റെ കമന്റ്; പൊട്ടിച്ചിരിപ്പിക്കുന്ന മറുപടികള്‍
Entertainment
'രാജൂന്റെ തോളും ചെരിഞ്ഞു'; പൃഥ്വിരാജിന്റെ ബ്രോ ഡാഡി ഫോട്ടോക്ക് മിഥുന്‍ മാനുവലിന്റെ കമന്റ്; പൊട്ടിച്ചിരിപ്പിക്കുന്ന മറുപടികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th August 2021, 10:30 am

കഴിഞ്ഞദിവസം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ബ്രോ ഡാഡി ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോ ആയിരുന്നു ഇത്.

ഫോട്ടോക്ക് താഴെ ആരാധകര്‍ ലൈക്കും കമന്റും വാരിവിതറിയെത്തുന്നതിനിടയില്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ നല്ല കിടിലന്‍ കമന്റെത്തി.

‘രാജൂന്റെ തോളും ചെരിഞ്ഞു’ എന്നായിരുന്നു ഈ കമന്റ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി.

മോഹന്‍ലാലിന്റെ പ്രശസ്തമായ ആ ചെരിവ് പൃഥ്വിരാജിനും കിട്ടിയെന്ന മിഥുന്‍ മാനുവലിന്റെ നിരീക്ഷണം വന്നതിന് പിന്നാലെ അത് സത്യമാണല്ലോ എന്നായി പിന്നെ സോഷ്യല്‍ മീഡിയ കമന്റുകളെല്ലാം.

പൃഥ്വിരാജ് മോഹന്‍ലാലിനെ അനുകരിക്കുകയാണോ അതോ താന്‍ പോലും അറിയാതെ ലാലേട്ടനെ പകര്‍ത്തുകയാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. ചന്ദനം ചാരിയാല്‍, മുല്ലപ്പൂമ്പൊടി ഏറ്റ് കിടക്കും എന്നിങ്ങനെ പഴഞ്ചൊല്ലുകളും കമന്റുകളില്‍ വരുന്നുണ്ട്.

അതേസമയം മിഥുന്‍ മാനുവലിനോട് മോഹന്‍ലാലിനെ നായകനാക്കി ചിത്രം ചെയ്യേണ്ടേ എന്ന് ചോദിക്കുന്നവരുമുണ്ട്. നിങ്ങളുടെ തോളും ഒന്ന് ചെരിയേണ്ടേ, വേഗം എഴുതി തുടങ്ങിക്കോളു എന്നാണ് ഇവര്‍ പറയുന്നത്.

ഇനി ഈ ചെരിവുള്ളവര്‍ വല്ല ഇല്യുമിനാണ്ടിയോ മറ്റോ ആണോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എന്തായാലും മിഥുന്‍ മാനുവലിന്റെ കമന്റ് അതിഗംഭീരമായിരിക്കുന്നുവെന്നാണ് എല്ലാവരും ഒരുപോലെ ആവര്‍ത്തിക്കുന്നത്.

ലൂസിഫറിന് ശേഷം രണ്ടാം ഭാഗമായ എമ്പുരാന്‍ ചെയ്യാനിരിക്കേ കൊവിഡും ലോക്ഡൗണും തടസമായതിന് പിന്നാലെയാണ് പൃഥ്വിരാജ് ബ്രോ ഡാഡി പ്രഖ്യാപിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മീന, കനിഹ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയ വമ്പന്‍ താരനിര അണിനിരക്കുന്നുണ്ട്.

ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണെന്ന് നേരത്തേ പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫറില്‍ നിന്നും വ്യത്യസ്തമായ ചിത്രമാണ് ബ്രോ ഡാഡിയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Midhun Manuel  Thomas’s funny comment about Prithviraj’s photo, Bro Daddy movie pic