മലയായാളത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് വി.എം. വിനു. ബാലേട്ടൻ, മയിലാട്ടം,വേഷം, ബസ് കണ്ടക്ടർ, പെൺ പട്ടണം തുടങ്ങിയ നിരവധി സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വലിയ വിജയമായി മാറിയതിന് പിന്നിലെ പ്രധാന കാരണം സിനിമ മുഴുവൻ കുടുംബത്തിനും ഒരുമിച്ചിരുന്ന് ആസ്വദിക്കാൻ കഴിയുന്ന എന്റർടെയ്‌നറായതുകൊണ്ടാണെന്ന് തുറന്നു പറയുകയാണ് സംവിധായകൻ വി.എം. വിനു.
ഗിരീഷ് എ.ഡി.ക്ക് വേറിട്ട തരത്തിലുള്ള സിനിമകൾ ചെയ്യാൻ അറിയാഞ്ഞിട്ടല്ല ഈ സിനിമ ചെയ്തതെന്നും, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും തിയേറ്ററിൽ വിജയിക്കുകയും ചെയ്യുന്ന തരത്തിലുള്ള സിനിമയാണിതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നുവെന്നും വി.എം. വിനു പറഞ്ഞു.

വി.എം. വിനു. Photo. Screen Grab/ Youtube
‘ബെത്‌ലഹേം ഹിറ്റായത് എന്തുകൊണ്ടാണെന്ന് വെച്ചാൽ, അത് ഫാമിലിക്ക് മൊത്തം ഇരുന്ന് കാണാൻ പറ്റിയ സിനിമയാണ്. ഭയങ്കര എന്റർടെയ്‌നറാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് ഗിരീഷ് ഉണ്ടാക്കിയത്. ഗിരീഷിന് വേറെ ടൈപ്പ് സിനിമ ചെയ്യാൻ അറിയാഞ്ഞിട്ടല്ല. ഇത് ചിലവാകുന്നതാണ്, കറക്ട് സിനിമയാണ്, ഇത് വിറ്റുപോകുന്ന സിനിമയാണ് എന്നുള്ളത് ഗിരീഷിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം അത് ചെയ്തത്,’ വി.എം. വിനു പറഞ്ഞു.
സിനിമയെ വിമർശിക്കുന്നവരെ ഗിരീഷ് എ.ഡി. കാര്യമായി പരിഗണിക്കുന്നില്ലെന്നും വിനു പറയുന്നു. സിനിമയുടെ കാര്യത്തിൽ പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്കൊപ്പം തന്നെ പണം തിരിച്ചുപിടിക്കാനാകുന്നുണ്ടോ എന്നതാണ് പ്രധാനമായി നോക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
‘സ്വാഭാവികമായും ബെത്‌ലഹേമിനെ വിമർശിക്കുന്നവരും ഉണ്ടാകും. ഗിരീഷ് അതൊന്നും മൈൻഡ് ചെയ്യുന്നില്ല. സിനിമ വിജയിക്കുന്നുണ്ടോ എന്നതാണ് നോക്കുന്നത്. പണം മുടക്കി ആ പണം തിരിച്ചുകിട്ടുന്നുണ്ടോ, പ്രൊഡ്യൂസർക്ക് പണം കിട്ടുന്നുണ്ടോ എന്നുള്ളത് മാത്രമാണ് സിനിമയിൽ നോക്കേണ്ടത്. അല്ലാതെ ആളുകളെ ഉപദേശിച്ച് നന്നാക്കാനോ ആളുകളുടെ ജീവിതം മാറ്റിമറിക്കാനോ സിനിമയ്ക്ക് പറ്റില്ല,’ അദ്ദേഹം പറഞ്ഞു.
സിനിമകൾക്ക് സമൂഹത്തിൽ ചെറിയ രീതിയിൽ സ്വാധീനം ഉണ്ടാകാമെങ്കിലും ഒരു സിനിമ കണ്ടതുകൊണ്ട് ആളുകൾ അതിലെ കാര്യങ്ങൾ അതേപടി ജീവിതത്തിൽ പകർത്തുമെന്ന വാദത്തോട് യോജിക്കാനാകില്ലെന്നും വി.എം. വിനു കൂട്ടിച്ചേർത്തു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMDb
‘ചെറിയ ഇൻഫ്ലുവൻസ് ഒക്കെ സിനിമ കാണുന്നത് കൊണ്ട് ഉണ്ടാകും. അങ്ങനെയാണെങ്കിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഇൻവെസ്റ്റിഗേഷനും കൊലപാതകവും ചോരയുമൊക്കെയുള്ള സിനിമകളാണ് ഇറങ്ങുന്നത്. എന്നുവെച്ച് ഇപ്പോൾ ആരെങ്കിലും അങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടോ? ഇല്ലല്ലോ. ഇനി ഉണ്ടെങ്കിൽ തന്നെ ലഹരിക്ക് അടിമപ്പെട്ടവരായിരിക്കും അങ്ങനെ ചെയ്യുന്നത്. ബോധമുള്ളവർ അങ്ങനെ ചെയ്യില്ലല്ലോ,’ വി.എം. വിനു പറഞ്ഞു.
Content Highlight: Director V.M vinu Talks About BKU movie
