മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ചയാളാണ് ദീപു കരുണാകരന്‍. പിന്നീട് ക്രേസി ഗോപാലന്‍ എന്ന വിജയചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ദീപു തേജാഭായി ആന്റ് ഫാമിലി, വിന്റര്‍, കരിങ്കുന്നം സിക്സസ്, ഫയര്‍മാന്‍ തുടങ്ങി ഒട്ടനവധി നല്ല ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.
ഇന്ദ്രജിത്ത് സുകുമാരനെയും അനശ്വര രാജനെയും കേന്ദ്രകഥാപാത്രങ്ങളാക്കി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മിസ്റ്റര്‍ ആന്‍ മിസിസ് ബാച്ച്ലര്‍ എന്ന ചിത്രമാണ് ദീപുവിന്റെ സംവിധാനത്തില്‍ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. പൃഥ്വിരാജിനൊപ്പം തേജാഭായി ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലും വര്‍ക്ക് ചെയ്ത ദീപു സഹോദരങ്ങളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മാസ്റ്റര്‍ ബിന്‍ എന്ന ഓണ്‍ലൈന്‍ ചാനലിലൂടെ പുറത്തുവന്ന അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘പൃഥ്വിയില്‍ ഞാന്‍ കണ്ട പ്ലസ് പോയന്റ് എന്താണെന്ന് വെച്ചാല്‍ അദ്ദേഹം ഭാഗമാകുന്ന പ്രൊജക്ടിനെ ഒരു റിയല്‍ ഹീറോയെ പോലെ മുന്നില്‍ നിന്ന് നയിച്ച് കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കും എന്നുള്ളതാണ്. ഷൂട്ടിനിടയില്‍ ഉണ്ടാകുന്ന പ്രൊഡക്ഷനിലെ പ്രശ്‌നങ്ങളിലോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളിലോ ഒരു നടനിടപെടേണ്ട കാര്യമില്ലെന്ന് പറഞ്ഞ് പൃഥ്വി ഒരിക്കലും മാറി നില്‍ക്കില്ല. പൃഥ്വി അതിലിടപെട്ട് ആ പ്രൊജക്ടിന്റെ ഫുള്‍ഫില്‍മെന്റിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യും.
അതേസമയം ഇന്ദ്രന്‍ ഒരു ഗംഭീര ആക്ടറാണ്. ആ ഒരു വിഭാഗത്തില്‍ മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുക. അതിനപ്പുറത്തേക്ക് ആ പ്രൊജക്ടിനെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം ഉണ്ടോ എന്ന് ചോദിച്ചാല്‍ അത് കുറവാണെന്ന് വേണം പറയാന്‍. അതൊരു കുറവായിട്ട് പറയാനും സാധിക്കില്ല. സത്യത്തില്‍ അഭിനേതാക്കള്‍ അങ്ങനെയാണ് ആകേണ്ടത്. അവരുടെ റോള്‍ വന്ന് ചെയ്തിട്ട് പോകുക എന്നതാണ് അഭിനേതാക്കളുടെ ജോലി. എന്നാല്‍ ഇന്നത്തെ സര്‍വൈവല്‍ വേള്‍ഡില്‍ അത് പ്രയാസമാണ്,’ ദീപു പറഞ്ഞു.
Content Highlight: Director Deepu Karunakaran talks about difference between Indrajith and Prithviraj Sukumaran
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.