വെറുമൊരു പ്രഷര്‍ കുക്കറില്‍ പോലും ഇജ്ജാതി ബ്രില്യന്‍സ്, സംവിധായകന്‍ ഒരു സംഭവം തന്നെ... ഒ.ടി.ടി റിലീസിലും ഹിറ്റായി മോഹിനിയാട്ടം
Malayalam Cinema
വെറുമൊരു പ്രഷര്‍ കുക്കറില്‍ പോലും ഇജ്ജാതി ബ്രില്യന്‍സ്, സംവിധായകന്‍ ഒരു സംഭവം തന്നെ... ഒ.ടി.ടി റിലീസിലും ഹിറ്റായി മോഹിനിയാട്ടം
അമര്‍നാഥ് എം.
Saturday, 9th May 2026, 10:08 am

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ട ചിത്രമാണ് മോഹിനിയാട്ടം. തിയേറ്ററില്‍ പരാജയമായ ഭരതനാട്യത്തിന്റെ സീക്വലായ മോഹിനിയാട്ടം ഈ വര്‍ഷത്തെ മികച്ച ഹിറ്റുകളിലൊന്നായി മാറി. കഴിഞ്ഞദിവസം നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ച മോഹിനിയാട്ടം ഒ.ടി.ടിയിലും ഹിറ്റായി മാറിയിരിക്കുകയാണ്.

ഡാര്‍ക്ക് കോമഡി സിനിമകളില്‍ മോളിവുഡില്‍ പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ചിരിക്കുകയാണ് മോഹിനിയാട്ടം. അങ്ങേയറ്റം വയലന്‍സ് നിറഞ്ഞ ഒരു കഥയെ ഒരുതുള്ളി ചോര പോലും കാണിക്കാതെ കോമഡിയുടെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ അവതരിപ്പിച്ചത്. പോപ് കള്‍ച്ചര്‍, സിനിമാ റഫറന്‍സുകളും മോഹിനിയാട്ടത്തെ കൂടുതല്‍ ഗംഭീരമാക്കിയിട്ടുണ്ട്.

മോഹിനിയാട്ടം Photo: Netflix

സംവിധായകന്‍ പറയാതെ പറഞ്ഞ പല കാര്യങ്ങളും ഒ.ടി.ടി റിലീസിന് ശേഷം ചര്‍ച്ചയാവുകയാണ് പല സീനുകളിലും ഒളിപ്പിച്ചുവെച്ച ബ്രില്യന്‍സുകള്‍ സിനിമാപേജുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ ഗോവിന്ദരാജ കഥാപാത്രം രുഗ്മിണിയമ്മക്ക് നല്‍കുന്ന പ്രഷര്‍ കുക്കര്‍. ഭരതന്‍ നായരുടെ വീട്ടുകാര്‍ വാങ്ങിയ പുതിയ വീട്ടിലേക്ക് ആദ്യമായി വരുമ്പോള്‍ ഗോവിന്ദന്‍ നല്‍കുന്നത് ഒരു പ്രഷര്‍ കുക്കറാണ്.

ഈ കുക്കറിന് തുടക്കത്തില്‍ വലിയ പ്രധാന്യം നല്‍കുന്നില്ലെങ്കിലും ക്ലൈമാക്‌സില്‍ അത് ഉപകാരപ്പെടുന്നുണ്ട്. ഗോവിന്ദരാജയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കിറ്റിലാക്കി കളയുന്ന സമയത്ത് ഒരു കിറ്റ് മാത്രം വീടിനകത്ത് പെട്ടുപോകുന്നുണ്ട്. പൊലീസെത്തിയതിനാല്‍ അത് പുറത്തേക്ക് കളയാനാകാത്ത അവസ്ഥയില്‍ അജയ്‌ഘോഷ് അത് കുക്കറിലിട്ട് വേവിക്കുകയാണ്.

മോഹിനിയാട്ടം Photo: Netflix

ഗോവിന്ദരാജ സമ്മാനമായി കൊടുത്ത കുക്കറില്‍ അയാളെ ഇട്ട് വേവിക്കുന്നത് ഒ.ടി.ടി റിലീസിന് ശേഷമാണ് പലരും കണ്ടുപിടിച്ചത്. പ്രഷര്‍ കുക്കറിന്റെ പേരും വ്യത്യസ്തമാണ്. ‘ടെര്‍മിനേറ്റര്‍’ എന്ന ബ്രാന്‍ഡ് ആ പേര് അന്വര്‍ത്ഥമാക്കിയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഓരോ സീനിനെയും കൃത്യമായി തന്നെയാണ് സംവിധായകന്‍ സമീപിച്ചതെന്നും കമന്റുകളുണ്ട്.

ഈയടുത്ത് വന്നതില്‍ ഏറ്റവും മികച്ച സ്‌ക്രിപ്റ്റ് മോഹിനിയാട്ടത്തിന്റെയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. മറ്റ് സിനിമകളിലെ സീനുകളും ഡയലോഗുകളും ഏച്ചുകെട്ടല്‍ തോന്നിക്കാതെ റഫറന്‍സായി ഉപയോഗിക്കുക എന്ന വലിയൊരു ടാസ്‌ക് സംവിധായകന്‍ ഗംഭീരമായി ഉപയോഗിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ മോഹിനിയാട്ടം കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Director brilliance in Mohiniyattam movie viral after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം