മലയാളത്തിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. 2009 ല്‍ ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഋതുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം അപൂര്‍വ്വരാഗം, ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. പിന്നീട് 2016 ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളം, സണ്‍ഡേ ഹോളിഡേ, ബി.ടെക്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ആസിഫ് മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു.
ആസിഫ് അലിയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രമായിരുന്നു 2013ല്‍ പുറത്തിറങ്ങിയ ഹണി ബീ. സംവിധായകനും നടനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ സെബാന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ആസിഫ് അലി വേഷമിട്ടത്. ചിത്രത്തില്‍ ലാലും പ്രധാനവേഷത്തിലെത്തിയിരുന്നു. സാള്‍ട്ട് മാംഗോ ട്രീ, ഹണി ബീ 2.0, 2018 തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ ഈ കൂട്ടുകെട്ട് ഒന്നിച്ചെത്തിയിരുന്നു.
അടുത്തിടെ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആസിഫിനെ കുറിച്ച് ലാല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആസിഫിനെ വിളിക്കുമ്പോള്‍ താരം ഫോണെടുക്കില്ലെന്നും ഇതേക്കുറിച്ച് ഒരിക്കല്‍ താരത്തോട് സംസാരിച്ചിട്ടുണ്ടെന്നും പറയുകയാണ് ലാല്‍.
‘മുമ്പ് ആസിഫ് അലിയ്ക്ക് വിളിച്ചാല്‍ ഫോണെടുക്കാത്ത ഒരു സ്വഭാവമുണ്ടായിരുന്നു. ഞാന്‍ വിളിച്ചാലും എടുക്കില്ല. സൈലന്റില്‍ ഇട്ട് അവിടെ എവിടെയെങ്കിലും വെക്കും. അങ്ങനെയിരിക്കെ ഒരു ദിവസം പുലര്‍ച്ചെ ആസിഫ് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ ഫോണെടുത്തു. ഉമ്മയ്ക്ക് നല്ല സുഖമില്ലെന്നും ഒരു പ്രൈവറ്റ് ആശുപത്രിയില്‍ പോകണമെന്നും പറഞ്ഞു. അവിടെ ആരെയെങ്കിലും പരിചയമുണ്ടോ എന്നറിയാനാണ് എന്നെ വിളിച്ചത്. ഞാന്‍ അതിന് വേണ്ട കാര്യങ്ങള്‍ എല്ലാം ഏര്‍പ്പാട് ചെയ്ത് നല്‍കി.
പിറ്റേ ദിവസം കാലത്ത് ഞാനവനെ വിളിച്ചു. എന്നിട്ട് പറഞ്ഞു ഇതുപോലെ എന്റെ അമ്മച്ചിയ്ക്ക് ഒരു സുഖമില്ലാതെ ഞാന്‍ നിന്നെ വിളിച്ചാല്‍ കിട്ടില്ല. കാരണം നീ സൈലന്റ് ആക്കി വെച്ചിരിക്കുകയായിരിക്കും. ഇങ്ങനെ പരസ്പരം സഹായിക്കാന്‍ വേണ്ടിയിട്ടുള്ള കാര്യങ്ങളാണിതെല്ലാം. നമ്മുടെ തന്നെ ഏറ്റവും അടുത്ത ആളുകള്‍ ഒരത്യാവശ്യത്തിന് വഴിയില്‍ നിന്നും വിളിക്കുകയാണെങ്കില്‍ ഫോണെടുത്തില്ലെങ്കില്‍ മോശപ്പെട്ട കാര്യമാണന്നെല്ലാം അവനോട് പറഞ്ഞു. അത് പറഞ്ഞതിന് ശേഷം അവന് മാറ്റം വന്നിട്ടുണ്ടെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ ലാല്‍ പറഞ്ഞു.
Content Highlight: Director, actor Lal talks about Asif Ali