നടനായും നിര്‍മാതാവായും മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ദിനേശ് പണിക്കര്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായ കിരീടത്തിന്റെ നിര്‍മാണ പങ്കാളിയായിക്കൊണ്ടാണ് ദിനേശ് സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് രജപുത്രന്‍, കളിവീട്, പ്രണയവര്‍ണങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു.
റോക്ക് ആന്‍ഡ് റോള്‍, കെമിസ്ട്രി, പുതിയ മുഖം തുടങ്ങി ഒരുപിടി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളിലും ദിനേശ് പണിക്കര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കിരീടത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിബി മലയിലും ലോഹിതദാസും ഒരുമിച്ച് ചെയ്യേണ്ടിയിരുന്ന പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
ദിനേശ് പണിക്കര്‍ Photo: Screen grab/ Movie World Media
കിരീടത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന ആലോചന ആദ്യം കൊണ്ടുവന്നത് താനായിരുന്നെന്ന് ദിനേശ് പണിക്കര്‍ പറഞ്ഞു. കിരീടം റീയൂണിയന്‍ എന്ന രീതിയില്‍ നല്ല മാര്‍ക്കറ്റിങ് ചെയ്യാമെന്നൊക്കെ കരുതിയെന്നും അതിനായി ലോഹിതദാസിനും സിബി മലയിലിനും അഡ്വാന്‍സ് നല്‍കിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ദിനേശ് പണിക്കര്‍.
‘കഥയൊക്കെ എഴുതാനും കൂടുതല്‍ ഡിസ്‌കഷനും വേണ്ടി തൊട്ടടുത്ത ദിവസം സിബി ലോഹിയുടെ വീട്ടിലേക്ക് ചെന്നപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. ഒരു കത്തും അവിടെ എഴുതി വെച്ചിരുന്നു. ആള് നല്ല മാന്യനായിരുന്നു. എനിക്ക് ഇപ്പോഴും ലോഹിയോട് യാതൊരു ദേഷ്യവുമില്ല.
അദ്ദേഹം കാണിച്ചത് കൊടും ചതിയായിട്ടും എനിക്ക് ഒരു ദേഷ്യവും തോന്നിയില്ല. കാരണം, ലോഹിക്ക് ആ സമയത്ത് കാശിന് കുറച്ച് അത്യാവശ്യമുണ്ടായിരുന്നു. സീലൈന്‍ എന്ന പ്രൊഡക്ഷന്‍ ഹൗസ് ഒരു സിനിമ സംവിധാനം ചെയ്യാനും സ്‌ക്രിപ്റ്റ് എഴുതാനുമുള്ള ഓഫര്‍ കിട്ടിയപ്പോള്‍ ഈ സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നു.
ആ സിനിമ ഓണത്തിന് റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍. അരയന്നങ്ങളുടെ വീടായിരുന്നു ആ സിനിമ. പക്ഷേ, ഈ സംഭവത്തിന് ശേഷം സിബി മലയിലും ലോഹിയും ഒരു സിനിമയിലും ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടില്ല എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. എനിക്ക് അദ്ദേഹത്തോട് പരാതിയില്ല,’ ദിനേശ് പണിക്കര്‍ പറയുന്നു.
ആ പ്രൊജക്ടിനായി താന്‍ നല്‍കിയ രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് തിരിച്ച് ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് കസ്തൂരിമാന്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് അതിന്റെ നിര്‍മാതാവിനോട് താന്‍ ഇക്കാര്യം സൂചിപ്പിച്ചെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു. കസ്തൂരിമാനിന്റെ സമയത്ത് ഇന്‍സ്റ്റാള്‍മെന്റായി തന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറയുന്നു.
Content Highlight: Dinesh Panicker about Kireedam team’s reunion movie