ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ദിമാഗി നക്സൽ (ബുദ്ധിയുള്ള നക്സൽ)’ പരാമർശവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്കിടെ ‘ദിമാഗി നക്സൽ ജനതാ പാർട്ടി’ എന്ന പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. എക്സ് അടക്കമുള്ല സമൂഹ മാധ്യമങ്ങളിലാണ് ഈ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്.
രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാൾ എന്നി പ്രതിപക്ഷ നേതാക്കളടക്കം 13 പേരെ ദിമാഗി നക്സൽ ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. പ്രകാശ് രാജ്, മാധ്യമ പ്രവർത്തകൻ മുഹമ്മദ് സുബൈർ, യൂട്യൂബർ ധ്രുവ് രതീ, സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്ര എന്നിവരുടെ അക്കൗണ്ടുകളും ഫോളോ ചെയ്യുന്നതിൽ ഉൾപ്പെടുന്നു. ഞായറാഴ്ച രാത്രി വരെ നാലായിരത്തിന് മുകളിൽ ഫോളോവേഴ്സിനെയും ദിമാഗി ജനതാ പാർട്ടി എക്സ് അക്കൗണ്ടിന് ലഭിച്ചിട്ടുണ്ട്.
ഇന്നലെ (ഓഗസ്റ്റ് 15) ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആയിരുന്നു മോദി ‘ദിമാഗി നക്‌സല്‍’ എന്ന പ്രയോഗം നടത്തിയത്. രാജ്യത്തെ ആയുധമെടുത്ത നക്സലുകളെ ഇല്ലാതാകാകാൻ കഴിഞ്ഞെന്നും എന്നാൽ തലച്ചോറിൽ നക്സലിസവും സൂക്ഷിക്കുന്നവർ ഇപ്പോഴും തുടരുന്നുവെന്നും മോദി പറഞ്ഞിരുന്നു.
മോദിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷത്തിൽ നിന്നടക്കം വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. മുമ്പ് രാഷ്ട്രീയ എതിരാളികളെ ‘അര്‍ബന്‍ നക്‌സലുകള്‍’ എന്ന് ആക്ഷേപിച്ചിരുന്ന മോദി ഇപ്പോൾ ‘ദിമാഗി നക്സലുകൾ’ എന്ന് വിളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഇത് മോദിയുടെ നിരാശയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അര്‍ബന്‍ നക്‌സലുകള്‍’ അല്ലെങ്കിൽ ‘ദിമാഗി നക്സലുകൾ’ എന്ന് വിളിക്കപ്പെടുന്നവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ പിന്നീട് മോദിക്ക് നടപ്പാക്കേണ്ടി വരുന്നുണ്ട്. മാസ്റ്റർ അബ്യൂസർ ഇൻ എന്റയർ പൊളിറ്റിക്കൽ സയൻസ് എന്ന നിലയിലാണ് മോദി എം.എ നേരിയതെന്നും ജയറാം രമേശ് പറഞ്ഞു.
ദിമാഗി നക്‌സലായതിൽ താൻ അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ് നേതാവായ പി. ചിദംബരവും അഭിപ്രായപ്പെട്ടിരുന്നു. സാമൂഹികമാധ്യമമായ എക്‌സിലെ പോസ്റ്റിലായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
അതേസമയം, മോദിയുടെ പരാമർശത്തിന് പിന്നാലെ ‘ആരാണ് ദിമാഗി നക്സലുകൾ’ എന്ന് പറയുന്ന കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്റെ ഒരു പ്രസ്താവനയും പുറത്ത് വന്നിരുന്നു. മോദിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലായിരുന്നു റിജിജുവിന്റെ പ്രതികരണം. പ്രതിപക്ഷ നേതാക്കളെ മോദി ‘ദിമാഗി നക്സലുകൾ’ എന്ന് പ്രത്യേകമായി പരാമർശിച്ചിട്ടില്ലെന്നും റിജിജു പറഞ്ഞു.
മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നവരും ആർട്ടിക്കിൾ 370 നെ പിന്തുണയ്ക്കുന്നവരും അടക്കമുള്ളവരാണ് ദിമാഗി നക്സലുകളെന്ന് റിജിജി അവകാശപ്പെട്ടു. ഇന്ത്യൻ ഭരണഘടനയെ നിരസിക്കുന്നവരെയും വിഘടനവാദികളെ പിന്തുണയ്ക്കുന്നവരെയും വടക്കുകിഴക്കൻ മേഖലയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന മേഖലയെ മുറിക്കണമെന്ന് വാദിക്കുന്നവരെയും ഉദ്ദേശിച്ചാണ് മോദിയുടെ പരാമർശമെന്നും റിജിജു അവകാശപ്പെട്ടു.
Content Highlight: Dimagi Naxal Janata Party Social Media Accounts Appeared After Modi’s Dimagi Naxal Remark
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.