തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ ഡോ. വാസുകി ഐ.എ.എസിനെ ചുമതലപ്പെടുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടോയെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 166 പ്രകാരം റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണ് ഭരണം നടത്തേണ്ടത്. ഇതില്‍ പറയുന്ന സര്‍ക്കാരിന്റെ ഭരണജോലികള്‍ മാത്രമേ വകുപ്പ് സെക്രട്ടറിമാര്‍ക്ക് എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ ചെയ്യാനാകുകയുള്ളുവെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.
വകുപ്പിന്റെ കാര്യം വകുപ്പുമന്ത്രിമാര്‍ക്ക് തീരുമാനിക്കാം. ബാക്കിയെല്ലാം ക്യാബിനറ്റ് അറിയണം. അല്ലെങ്കില്‍ ക്യാബിനറ്റ് ഒരു പ്രത്യേക ജോലി ചെയ്യാന്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തണം. അല്ലാതെ വകുപ്പ് സെക്രട്ടറിമാര്‍ സ്വയം സ്റ്റേറ്റല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്യാബിനറ്റാണ് സ്റ്റേറ്റെന്നും അതിന്റെ കയ്യാളാണ് സെക്രട്ടറിയെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു. വകുപ്പ് സെക്രട്ടറിമാര്‍ ഏതെങ്കിലും കരാറില്‍ ഒപ്പിടുന്നത് ഭരണഘടനാപരവും നിയമാനുസൃതവുമായ അധികാരം വെച്ചല്ലെന്നും അദ്ദേഹം പറയുന്നു.
അതൊരു ഡെലിഗേറ്റഡ് അധികാരമാണ്. സംസ്ഥാനത്തിനുള്ള എക്‌സിക്യൂട്ടീവ് അധികാരം മുഖേന മന്ത്രിസഭ കരാര്‍ പരിശോധിച്ച് ഒപ്പിടാന്‍ തീരുമാനിച്ചാല്‍ അക്കാര്യത്തിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തും. ചുമതലപ്പെടുത്തുന്ന ഉത്തരവ് മുദ്രവെച്ചിറങ്ങുമെന്നും ഹരീഷ് വാസുദേവന്‍ വ്യക്തമാക്കി.
ഇതെല്ലാം കഴിയുമ്പോള്‍ മാത്രമേ സെക്രട്ടറിക്ക് ഈ കരാറില്‍ ഒപ്പിടാനുള്ള അധികാരം ലഭിക്കുന്നുള്ളു. മാത്രമല്ല ഒപ്പിട്ട് കഴിഞ്ഞാല്‍ ആ കരാര്‍ വകുപ്പിലെ എല്ലാവരും അറിയുന്നതിനായി, കരാറിന്റെ കോപ്പി സഹിതം മറ്റൊരു ഉത്തരവും പുറത്തിറക്കും. അപ്പോള്‍ മാത്രമാണ് ഒരു കരാര്‍ സംസ്ഥാന സര്‍ക്കാരിന് നിയമമായി നടപ്പാക്കാനാകുകയെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അനുനയ നീക്കവും പരാജയപ്പെട്ടിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുഖ്യമന്ത്രിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ പരിഹാരം കണ്ടെത്താന്‍ കഴിയാതെ വരികയായിരുന്നു.
Content Highlight: Did the govt issue an order assigning Vasuki IAS to sign the PM Shri MOU? Harish Vasudevan