അവൻ പാടിയപ്പോൾ ആളുകൾക്ക്‌ അത് അംഗീകരിക്കാൻ കഴിഞ്ഞില്ല, ബിഗ് ബ്രദറിലെ ആ പാട്ടായിരുന്നു പ്രശ്നം: ദീപക് ദേവ്
Entertainment
അവൻ പാടിയപ്പോൾ ആളുകൾക്ക്‌ അത് അംഗീകരിക്കാൻ കഴിഞ്ഞില്ല, ബിഗ് ബ്രദറിലെ ആ പാട്ടായിരുന്നു പ്രശ്നം: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th January 2024, 5:27 pm

മലയാള സിനിമയിൽ പാട്ടുകളിലൂടെ വലിയ രീതിയിൽ ആരാധകരെ സ്വന്തമാക്കിയ സംഗീത സംവിധായകനാണ് ദീപക് ദേവ്. കരിയറിന്റെ തുടക്കത്തിൽ തന്നെ ചെയ്ത പാട്ടുകളെല്ലാം ഹിറ്റ്‌ ചാർട്ടിൽ കയറ്റിയ വ്യക്തിയാണ് ദീപക്.

ഈയിടെ ഇറങ്ങിയ ബിഗ് ബ്രദർ എന്ന ചിത്രത്തിൽ സംഗീതസംവിധാനം നിർവഹിച്ചത് ദീപക് ആയിരുന്നു. ചിത്രത്തിലെ കണ്ടോ കണ്ടോ എന്ന പാട്ട് പാടിയിരിക്കുന്നത് ഗായകൻ അമിത് ത്രിവേദിയാണ്.

പാട്ട് ഇറങ്ങിയപ്പോൾ വലിയ വിമർശനം ഉയർന്നിരുന്നു എന്നാണ് ദീപക് പറയുന്നത്. തനിക്ക് ഏറ്റവും പ്രശ്നമായി തോന്നിയ പാട്ടായിരുന്നു അതെന്നും സംവിധായകൻ സിദ്ദിക്കിന്റെ അനുവാദത്തോടെയാണ് അമിതിനെ കൊണ്ട് പാടിപ്പിച്ചതെന്നും ദീപക് പറയുന്നു.

റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് ഏറ്റവും കൂടുതൽ പ്രശ്നമായിട്ട് തോന്നിയത് ബിഗ് ബ്രദറിലെ ആ പാട്ടായിരുന്നു. ആ പടത്തിൽ ലാലേട്ടന് വേണ്ടി അമിത് ത്രിവേദി ഒരു ഗാനം പാടിയിട്ടുണ്ട്. ഞാൻ അമിതിനെ കൊണ്ട് പാടിപ്പിച്ചത് അമിതിന്റെ വലിയ ഫാൻ ആയത് കൊണ്ടായിരുന്നു. ഇപ്പോഴും ഫാൻ ആണ്. പിന്നെ എന്റെ നല്ലൊരു സുഹൃത്ത് കൂടെയാണ്.

അമിതിന്റെ പാട്ടുകളിൽ അമിത് പാടുമ്പോഴുള്ള ശബ്‌ദം എനിക്ക് വലിയ ഇഷ്ടമാണ്. ആ ഒരു ആഗ്രഹത്തിൽ ഞാൻ സംവിധായകൻ സിദ്ദിഖ് സാറോട് പറഞ്ഞു. അങ്ങനെ അദ്ദേഹം അത് നടത്തി താരമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ അനുവാദത്തോടെ തന്നെയാണ് അമിതിനെ വിളിച്ചത്.

പക്ഷെ അമിത് പാടി കഴിഞ്ഞപ്പോൾ നമ്മുടെ നാട്ടുകാർക്ക് അത് കേട്ട് ശീലമില്ലാത്ത ഒരു ശബ്‌ദമായത് കൊണ്ട് പെട്ടെന്ന് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല.

അത് മാത്രമേ എനിക്കൊരു വെല്ലുവിളിയായി തോന്നിയിട്ടുള്ളൂ. സിനിമയിൽ അത് അപ്പോൾ തന്നെ ഞാൻ മാറ്റുകയും ചെയ്തു. അതിന്റെ യൂട്യൂബ് വേർഷനിൽ അമിത് ആണെങ്കിലും ചിത്രത്തിൽ അമിത് അല്ല പാടിയിരിക്കുന്നത്,’ദീപക് ദേവ് പറയുന്നു.

Content Highlight: Deepak Dev Talk About Big Brother Movie  Songs