ഹിന്ദ് റജബിന്റെ മരണം; ഒടുവില്‍ കുറ്റം സമ്മതിച്ച് ഈസ്രഈല്‍: രണ്ട് വര്‍ഷത്തിന് ശേഷം ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചു
World
ഹിന്ദ് റജബിന്റെ മരണം; ഒടുവില്‍ കുറ്റം സമ്മതിച്ച് ഈസ്രഈല്‍: രണ്ട് വര്‍ഷത്തിന് ശേഷം ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചു
അഞ്ജു ചന്ദ്രന്‍
Thursday, 20th August 2026, 11:27 am

ടെല്‍ അവീവ്: ഗസയില്‍ അഞ്ച് വയസുകാരിയായ ഹിന്ദ് റജബിനെ വെടിവെച്ച്‌ കൊന്നത്‌ തങ്ങളെന്ന് സമ്മതിച്ച് ഇസ്രഈല്‍ സൈന്യം. 2024 ജനുവരിയില്‍ ഗസയില്‍ ഫലസ്തീന്‍ ബാലിക ഹിന്ദ് റജബും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രഈല്‍ സൈനികര്‍ വെടിയുതിര്‍ത്തതായി സൈന്യം സമ്മതിച്ചു. സംഭവത്തില്‍ ഹിന്ദ് റജബും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിനെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം നടത്തുമെന്നും ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.

2024 ജനുവരി 29-നായിരുന്നു സംഭവം. ഗസ സിറ്റിയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ ഹിന്ദ് റജബും കുടുംബവും സഞ്ചരിച്ച കാറിന് നേരെ തുടര്‍ച്ചയായി ഇസ്രഈല്‍ സൈന്യം വെടിവയ്ക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങളില്‍ പലരും കൊല്ലപ്പെട്ടു. ഹിന്ദ് റജപും ബന്ധുവായ ലയാന്‍ ഹമാദയും ആദ്യം രക്ഷപ്പെട്ടെങ്കിലും പിന്നീട് ലയാനും കൊല്ലപ്പെട്ടു. തുടര്‍ന്ന് കാറിനുള്ളില്‍ ഒറ്റപ്പെട്ട ഹിന്ദ് റജപ് ഫലസ്തീന്‍ റെഡ് ക്രസന്റുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.

ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട ഫോണ്‍ സംഭാഷണത്തില്‍ തന്നെ രക്ഷിക്കണമെന്ന് ഹിന്ദ് നിരന്തരം ആവശ്യപ്പെട്ടു. ഈ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പിന്നീട് പുറത്തുവന്നതോടെയാണ് സംഭവം ലോകശ്രദ്ധ നേടിയത്.

ഹിന്ദ് റജപിനെ രക്ഷിക്കാന്‍ ഫലസ്തീന്‍ റെഡ് ക്രസന്റ് അയച്ച ആംബുലന്‍സിനു നേരെയും പിന്നീട് ആക്രമണമുണ്ടായി. ഹിന്ദിനെയും കുടുംബത്തെയും കണ്ടെത്താന്‍ പോയ രണ്ട് പാരാമെഡിക്കുകളും കൊല്ലപ്പെട്ടു. ദിവസങ്ങള്‍ക്കുശേഷമാണ് ഹിന്ദിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ വാഹനത്തില്‍ നിന്ന് കണ്ടെത്തിയത്.

ഒടുവില്‍ കുറ്റം സമ്മതിച്ച് ഇസ്രഈല്‍

സംഭവത്തിന് പിന്നാലെ വാഹനത്തിന് നേരെ വെടിയുതിര്‍ത്തത് തങ്ങളുടെ സൈനികരല്ലെന്നായിരുന്നു ഇസ്രഈലിന്റെ ആദ്യ നിലപാട്. സംഭവസ്ഥലത്തിന് സമീപം ഇസ്രഈല്‍ സൈനികര്‍ ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ സൈന്യത്തിന് വെടിയുതിര്‍ക്കാന്‍ കഴിയുമായിരുന്നില്ലെന്നുമായിരുന്നു വിശദീകരണം.

എന്നാല്‍ പിന്നീട് പുറത്തുവന്ന വിവിധ അന്വേഷണങ്ങള്‍ ഈ വാദത്തെ ചോദ്യം ചെയ്തു. സാറ്റ്‌ലൈറ്റ് ചിത്രങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച അന്വേഷണങ്ങളില്‍ സംഭവസമയത്ത് ഇസ്രഈല്‍ സൈനിക വാഹനങ്ങള്‍ പ്രദേശത്തുണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ ഇസ്രഈല്‍ സൈന്യത്തിന്റെ സമ്മതം അതുകൊണ്ടുതന്നെ കേസില്‍ നിര്‍ണായക വഴിത്തിരിവായാണെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷണം

ഹിന്ദ് റജബിന്റെയും കുടുംബത്തിന്റെയും മരണത്തില്‍ സൈനികര്‍ നടത്തിയ വെടിവയ്പ്പിനെക്കുറിച്ചാണ് പുതിയ ക്രിമിനല്‍ അന്വേഷണം. അതോടൊപ്പം 2025 മാര്‍ച്ചില്‍ റഫയ്ക്ക് സമീപം 15 ഫലസ്തീന്‍ മെഡിക്കല്‍ ജീവനക്കാരും രക്ഷാപ്രവര്‍ത്തകരും കൊല്ലപ്പെട്ട സംഭവത്തിലും ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഗസയിലെ മറ്റ് ചില വലിയ വിവാദ സംഭവങ്ങളില്‍ ക്രിമിനല്‍ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് ഇസ്രഈല്‍ സൈന്യം തീരുമാനിച്ചത്. 2024 ഏപ്രിലില്‍ വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്റെ ഏഴ് ജീവനക്കാര്‍ കൊല്ലപ്പെട്ട ആക്രമണവും ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ജീവനക്കാരുടെ മരണവുമായി ബന്ധപ്പെട്ട ചില കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ തീരുമാനത്തിനെതിരെ ബന്ധപ്പെട്ട സംഘടനകള്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

ഇസ്രഈല്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മനുഷ്യാവകാശ സംഘടനകള്‍ ഇത്തരം ആഭ്യന്തര സൈനിക അന്വേഷണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഹിന്ദ് റജബിന്റെ കുടുംബവും അന്താരാഷ്ട്ര തലത്തില്‍ നീതിക്കായുള്ള ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര അന്വേഷണത്തിനും ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടിക്കും നേരത്തെ തന്നെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തെ ആസ്പദമാക്കി ‘The Voice of Hind Rajab’ എന്ന സിനിമയും പുറത്തിറക്കിയിരുന്നു.

കൂടുതല്‍ വായിക്കാം- സൈത്തൂണിന്റെ മക്കള്‍

Content Highlights: Death of Hind Rajab: Israel finally admits fault; criminal investigation announced after two years.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.