ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് റാഫേൽ വിമാനം പൊളിക്കാനും കൂട്ടിച്ചേർക്കാനും പറ്റും, പക്ഷേ പഠിക്കാൻ പറ്റില്ലെന്ന് രേവന്ത് റെഡ്ഡി
India
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് റാഫേൽ വിമാനം പൊളിക്കാനും കൂട്ടിച്ചേർക്കാനും പറ്റും, പക്ഷേ പഠിക്കാൻ പറ്റില്ലെന്ന് രേവന്ത് റെഡ്ഡി
റെന്വര്‍ പി
Saturday, 15th August 2026, 9:01 pm

ഹൈദരാബാദ്: ഹൈദരാബാദിൽ നടന്ന മൈനോരിറ്റി എക്സലൻസ് ഉച്ചകോടിക്കിടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമർശം വിവാദത്തിൽ. ‘ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് റാഫേൽ വിമാനം പൊളിച്ചുമാറ്റാനും വീണ്ടും കൂട്ടിച്ചേർക്കാനും കഴിയും, പക്ഷേ ഒരു പുസ്തകത്തിലെ പാഠങ്ങൾ ഓർമ്മിക്കാൻ കഴിയില്ല,’ എന്ന റെഡ്ഡിയുടെ പരാമർശമാണ് വിവാദമായത്. ഓഗസ്റ്റ് 13നായിരുന്നു റെഡ്ഡിയുടെ പരാമർശം.

ന്യൂനപക്ഷ സമുദായങ്ങളിലെ കുട്ടികളുടെ കഴിവുകളെയും അവസരങ്ങളെയും കുറിച്ച് സംസാരിക്കുമ്പോഴാണ് തെലങ്കാന മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്. ‘നൈപുണ്യമുള്ള തൊഴിലാളികൾ’ എന്നും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ റെഡ്ഡി വിശേഷിപ്പിച്ചിരുന്നു.

ന്യൂനപക്ഷ സമുദായങ്ങളിലുള്ളവരെ അധ്യാപകനാവാനും രാജ്യത്തിന് കൂടുതൽ വിശാലമായ സംഭാവനകൾ നൽകാനും പ്രോത്സാഹിപ്പിക്കണമെന്നും റെഡ്ഡി പറഞ്ഞു.

അതേസമയം, മതം നോക്കാതെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ നൽകാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും റെഡ്ഡി പറഞ്ഞു. ഹിന്ദുക്കളും മുസ്‌ലിങ്ങളും തന്റെ രണ്ട് കണ്ണ് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുുപോലെയാണ്. അവർ എന്റെ രണ്ട് കണ്ണുകൾ പോലെയാണ്. ഹിന്ദുക്കൾക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ മുസ്‌ലിങ്ങൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ സർക്കാർ പ്രവർത്തിക്കുന്നു,’ അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ ‘ഇന്ത്യാ വിരുദ്ധർ’ ആയി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ റഫാൽ പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ മികവ് ആഘോഷിക്കുന്നതിനായി നടത്തിയ ഒരു പരിപാടിയിൽ അവരെ ഈ പരാമർശത്തിലൂടെ സ്റ്റീരിയോ ടൈപ്പ് ചെയ്യുന്നു എന്ന തരത്തിലുള്ള വിമർശനമാണ് ഉയർന്നിട്ടുള്ളത്.

വലതുപക്ഷക്കാർ പ്രചരിപ്പിക്കുന്ന സ്റ്റീരിയോടൈപ്പുകളിൽ നിന്നാണ് റെഡ്ഡിയുടെ പ്രസ്താവന സ്വാധീനം ഉൾക്കൊണ്ടതെന്നും ഇത്തരം വിമർശനങ്ങളിൽ പറയുന്നു. അക്കാദമിക് മേഖലയേക്കാൾ മാനുവൽ ജോലിക്കാണ് സമുദായം കൂടുതൽ അനുയോജ്യമെന്ന് ചിത്രീകരിക്കുന്നതാന്ന് റെഡ്ഡിയുടെ പരാമർശമെന്നും അവർ വിമർശിച്ചു.

ഒരു മുഖ്യമന്ത്രിക്ക് ഒരു സമുദായത്തിന്റെ വിദ്യാഭ്യാസപരമായ കഴിവുകളെക്കുറിച്ച് സാമാന്യവൽക്കരണം നടത്താൻ എങ്ങനെ കഴിയുമെന്നും സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ചോദിക്കുന്നു.

ജാതീയതയിൽ വേരൂന്നിയ വർഗീയ സ്റ്റീരിയോടൈപ്പുകളിൽ ഒന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം എന്നും ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. മുസ്‌ലിം സമുദായക്കാർ ഹൈദരാബാദിന്റെ ഉദ്യോഗസ്ഥ തലങ്ങളിലടക്കം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് രേവന്ത് റെഡ്ഡിക്ക് അറിയാമായിരിക്കും. എന്നാൽ ഇപ്പോൾ സംഘികൾ പ്രചരിപ്പിക്കുന്ന തരം വാദമാണ് രേവന്ത് പറയുന്നതെന്നും പോസ്റ്റിൽ പറയുന്നു.

Content Highlight: Criticisms against Telengana CM Revant Reddy’s Remarks about Minority Students

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.