പറ്റാത്ത കാര്യം എന്തിനാ ഏല്‍ക്കുന്നത്? എല്ലാത്തിനുമുള്ള മരുന്ന് ആയുര്‍വേദത്തില്‍ കാണില്ലെന്ന് പറയുന്ന ജയ ഹേ
Entertainment
പറ്റാത്ത കാര്യം എന്തിനാ ഏല്‍ക്കുന്നത്? എല്ലാത്തിനുമുള്ള മരുന്ന് ആയുര്‍വേദത്തില്‍ കാണില്ലെന്ന് പറയുന്ന ജയ ഹേ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th October 2022, 10:51 pm

ദര്‍ശന രാജേന്ദ്രനെ കേന്ദ്ര കഥാപാത്രമാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നോട്ടു പോകുകയാണ്. പുരുഷാധിപത്യ സമൂഹത്തിനുള്ളില്‍ ശ്വാസം മുട്ടി ജീവിക്കേണ്ടി വരുന്ന സ്ത്രീ ജീവിതങ്ങളെ നര്‍മം കലര്‍ത്തി അവതരിപ്പിച്ചിരിക്കുകയാണ് സിനിമ.

ഇതിനോടൊപ്പം തന്നെ സമൂഹത്തില്‍ നടക്കുന്ന മറ്റ് നിരവധി സംഭവങ്ങളെ ചിത്രം തമാശരൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്. കുറിക്ക് കൊള്ളുന്ന വിമര്‍ശനവുമായി സിനിമ സമീപിക്കുന്ന വിഷയങ്ങളിലൊന്ന് ആയുര്‍വേദമാണ്.

എന്തിനും ഏതിനും ആയുര്‍വേദത്തെ മാത്രം ആശ്രയിക്കുന്ന രീതിയെയാണ് ചിത്രം വിമര്‍ശിക്കുന്നത്.
ചിത്രത്തിലെ ഒരു രംഗത്തില്‍ വയറ്റില്‍ ചവിട്ടേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടി ബേസില്‍ അവതരിപ്പിക്കുന്ന രാജേഷ് ആയുര്‍വേദ മരുന്നുകള്‍ വില്‍ക്കുന്ന കടയിലെത്തുന്നുണ്ട്.

കടക്കാരന്‍ പക്ഷെ രാജേഷിനോട് ആന്തരിക രക്തസ്രാവം സംഭവിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ സ്‌കാനിങ്ങ് ചെയ്തു നോക്കേണ്ടി വരുമെന്ന് പറയുന്നു. അതുകൊണ്ട് തന്നെ മെഡിക്കല്‍ കോളേജിലേക്ക് പോകുകയാകും നല്ലതെന്നും ഇയാള്‍ പറയുന്നു.

ഇതു കേട്ട ആയുര്‍വേദ കടയിലെ സഹായി ഇയാളെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. വല്ലപ്പോഴുമാണ് കടയിലേക്ക് ആളുകള്‍ വരുന്നതെന്നും അവരെയും അലോപ്പതിയിലേക്ക് വിട്ടാല്‍ എന്ത് ചെയ്യുമെന്നാണ് സഹായി ചോദിക്കുന്നത്.

ആന്തരിക രക്തസ്രാവമൊന്നും ചികിത്സിക്കാന്‍ നമുക്കാകില്ലെന്നും എന്തിനാണ് വെറുതെ നമ്മളെകൊണ്ട് പറ്റാത്ത കാര്യം ഏറ്റെടുക്കുന്നതെന്നും കടക്കാരന്‍ സഹായിയോട് തിരിച്ചു ചോദിക്കുന്നു.

വളരെ കുറച്ച് നിമിഷങ്ങള്‍ മാത്രമുള്ള ഈ സീനിലൂടെ ആയുര്‍വേദവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളിലേക്ക് കണ്ണ് തുറക്കുന്ന കാര്യങ്ങളാണ് ജയ ഹേ പറഞ്ഞുവെക്കുന്നത്. ഈ കാര്യം പറയുന്നത് ആയുര്‍വേദ മരുന്നുകള്‍ വില്‍ക്കുന്ന കടയിലെ തന്നെ വ്യക്തിയാണെന്നതും ശ്രദ്ധേയമാണ്.

എല്ലാ രോഗത്തിനും ആയുര്‍വേദ ചികിത്സകൊണ്ട് പരിഹാരം കാണാനാകില്ലെന്നും, അടിയന്തര ചികിത്സ ആവശ്യമായി ചില ഘട്ടങ്ങളില്‍ അലോപ്പതിയെ തന്നെ സമീപിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പല തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈയടുത്ത കാലത്തായി എം.ബി.ബി.എസ് പഠിച്ച ഡോക്ടര്‍മാര്‍ക്ക് ചെയ്യാനാകുന്ന ചികിത്സകളെല്ലാം ആയുര്‍ദവേദ ഡോക്ടര്‍മാര്‍ക്കും ചെയ്യാനാകുമെന്ന രീതിയില്‍ നിയമത്തില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കായിരുന്നു വഴിവെച്ചത്.

ജയ ഹേയിലെ ആയുര്‍വേദ സീന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളില്‍ ഇടം നേടുമെന്ന് തന്നെ കരുതാം.

Content Highlight: Criticism against Ayurveda in Jaya Jaya Jaya Jaya Hey