സി.പി.ഐ.എം ഓഫീസ് ആക്രമണം; എ.ബി.വി.പി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
Kerala News
സി.പി.ഐ.എം ഓഫീസ് ആക്രമണം; എ.ബി.വി.പി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th August 2022, 7:55 am

തിരുവനന്തപുരം : സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണക്കേസില്‍ മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാല്‍, സതീര്‍ഥ്യന്‍, ഹരി ശങ്കര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രാവിലെ അഞ്ചുമണിയോടെ ഇവര്‍ ചികിത്സയിലുണ്ടായിരുന്ന ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇവരെ ചോദ്യം ചെയ്യുകയാണ്. ഇനി മൂന്നുപേരെ കൂടി കണ്ടെത്താന്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിലെ ആറ് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് എത്തിയെങ്കിലും പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ പൊലീസിനെ തടഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം വഞ്ചിയൂരില്‍ നടന്ന സംഘര്‍ഷത്തില്‍ ഇവര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ സംഘം അതിനിടെ ആശുപത്രിയില്‍ നിന്ന് ഇറങ്ങി സി.പി.ഐ.എം ഓഫീസിന് നേരെ കല്ലെറിഞ്ഞു എന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ഓഫീസിലേക്ക് കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. സംഭവം നടക്കുമ്പോള്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഓഫീസിലുണ്ടായിരുന്നു.

അക്രമികള്‍ ബൈക്ക് നിര്‍ത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാര്‍ പറഞ്ഞത്. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പൊലീസുകാര്‍ കാവല്‍ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.

എല്‍.ഡി.എഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം കൗണ്‍സിലര്‍ ഗായത്രി ബാബുവിന് എ.ബി.വി.പിക്കാര്‍ നിവേദനം നല്‍കിയതിനെ ചൊല്ലിയായിരുന്നു വഞ്ചിയൂരില്‍ എ.ബി.വി.പി-സി.പി.ഐ.എം സംഘര്‍ഷം നടന്നത്.

സംഘര്‍ഷത്തിന് പിന്നാലെ എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ എ.ബി.വി.പി ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് നിഗമനം.

അതേസമയം, പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രകോപനങ്ങളില്‍ വശംവദരാകരുതെന്ന് മുഴുവന്‍ ജനങ്ങളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അക്രമം നടന്ന സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: CPIM District Committee Office attack; the accused ABVP Members In Custody