കിച്ചണ്‍ പൊളിറ്റിക്‌സ് വിളമ്പിയ ആണ്‍ കാറ്ററിങ്ങ് സര്‍വീസ്
Film News
കിച്ചണ്‍ പൊളിറ്റിക്‌സ് വിളമ്പിയ ആണ്‍ കാറ്ററിങ്ങ് സര്‍വീസ്
വിഷ്ണു. പി.എസ്‌
Thursday, 17th November 2022, 7:08 pm
മൊത്തത്തില്‍ ഒരാണ്‍കൂട്ടത്തിന്റെ ആഘോഷ രാവിലെ തമാശക്കഥയായി തോന്നാവുന്ന ഈ ജിയോ ബേബി പടം പറഞ്ഞുവെക്കുന്നത് പിന്നണിയിലെ സ്ത്രീകളുടെ രാഷ്ട്രീയം തന്നെയാണ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ പെണ്ണടുക്കളയില്‍ നിന്ന് ശ്രീധന്യ കാറ്ററിങ് സര്‍വീസിലെ ആണടുക്കളയിലേക്കെത്തുമ്പോള്‍ ജിയോ ബേബി ഉയര്‍ത്തിക്കാണിക്കുന്ന ഈ രാഷ്ട്രീയം വീണ്ടും വ്യക്തമാവുക തന്നെയാണ്.

വീട്ടകങ്ങളിലെ പെണ്ണുങ്ങളുടെ ജീവിതത്തിലൂടെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി മലയാളികളെ കാണിച്ചുതന്ന ജിയോ ബേബി ചിത്രമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.

നാട്ടുമ്പുറത്തുള്ള തറവാട്ടുവീടിനെ കേന്ദ്രീകരിച്ച് നടന്ന കഥയെ കേരളത്തിലെ ഭൂരിഭാഗം വീടുകളുടെയും അകത്തളങ്ങളില്‍ ജീവിക്കുന്ന പെണ്ണുങ്ങളിലേക്കുളള കണ്ണാടിയാക്കാന്‍ ജിയോ ബേബിക്കും കൂട്ടര്‍ക്കും കഴിഞ്ഞിട്ടുണ്ട്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ വീട്ടിനുള്ളിലെ അടുക്കളയില്‍ നിന്ന് പുറത്ത് ചാടാന്‍ കഴിയാത്ത ഭൂരിപക്ഷ സ്ത്രീജീവിതങ്ങളെ പെണ്ണടുക്കളയുടെ ദുരിതങ്ങളിലൂടെ കാണിക്കുമ്പോള്‍ ശ്രീധന്യ കാറ്ററിങ്ങ് സര്‍വീസ് പറയുന്നത് ഒരാഘോഷരാവിലെ ആണടുക്കളയുടെ നേര്‍രൂപമാണ്.

മകളുടെ ഒന്നാം പിറന്നാളിന് ബിരിയാണി വെക്കാന്‍ ഒത്തുകൂടിയ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഷിനോയും ആണ്‍കൂട്ടവും. കൂട്ടത്തില്‍ സ്‌കൂള്‍ യൂണിഫോമില്‍ അമ്മാവനൊപ്പം അച്ഛനെ തേടിവന്ന കുട്ടി മുതല്‍ അന്നാട്ടിലെ ഭൂരിഭാഗം ആളുകളേയും പഠിപ്പിച്ച അധ്യാപകന്‍ വരെയുണ്ട്.

ചിത്രം ആണ്‍കൂട്ടത്തിന്റെ ആഘോഷരാവിലേക്ക് കേന്ദ്രീകരിക്കുമ്പോഴും പിന്നണിയിലുള്ള പെണ്‍ ജീവിതങ്ങളുടെ ദുരിതങ്ങളിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

ഷിനോയുടെ മകളുടെ പിറന്നാളിന് ബിരിയാണി ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഒത്തുകൂടിയ ആണ്‍കൂട്ടവും അതിനിടയില്‍ നടക്കുന്ന സംഭാഷണങ്ങളും അപ്രതീക്ഷിതമായി കടന്നുവരുന്ന അതിഥികളും, പറ്റുന്ന അമളികളുമായാണ് കഥ മുന്നോട്ടുപോകുന്നത്.

ബിരിയാണിവെപ്പിനിടെ മദ്യപാനം കൊഴുക്കുന്നതോടെ ആണ്‍കൂട്ടത്തിനിടയില്‍ സംഘര്‍ഷങ്ങളും അനാവശ്യ ഈഗോകളും കൊഴുക്കുകയാണ്. ഈ ആണ്‍കൂട്ട ഭാഷണങ്ങള്‍ കഥയിലെ പെണ്ണുങ്ങളെത്തന്നെയാണ് സാരമായി ബാധിക്കുന്നത്.

കേന്ദ്ര കഥാപാത്രമായ ശ്രീധന്യ കാറ്ററിങ് സര്‍വീസിന്റെ ഉടമ ഷിനോയുടെ കാര്യം തന്നെ എടുത്താല്‍ വിവാഹത്തിന് ശേഷം സ്ത്രീധനമായി കിട്ടിയ പണം കൊണ്ടാണ് ഇയാള്‍ കാറ്ററിങ് സര്‍വീസ് തുടങ്ങുന്നത്. തുടര്‍ന്ന് കയ്യിലിരിപ്പുകൊണ്ടുണ്ടാകുന്ന കാറ്ററിങ് സര്‍വീസിന്റെ സ്ഥിതിയും കഥയില്‍ സൂചിപ്പിച്ച് പോകുന്നുണ്ട്.

ആഘോഷ രാവിനൊടുവില്‍ ബിരിയാണി കഞ്ഞിയായതോടെ ആണ്‍കൂട്ടത്തിന് മണിക്കൂറുകളെടുത്തിട്ടും ശരിയാക്കാന്‍ കഴിയാത്ത പ്രശ്‌നം ഷിനോയുടെ ഭാര്യ ശ്രീധന്യയുടെ തലയിലേക്ക് തന്നെയാണ് എത്തുന്നത്. ഇത് മുന്‍കൂട്ടി കണ്ട് ശ്രീധന്യ പ്ലാന്‍ ബി തയ്യാറാക്കി വെച്ചാണ് പ്രശ്‌നം പരിഹരിക്കുന്നത്. പരിപാടിയെല്ലാം കഴിഞ്ഞ് ഷിനോ കടം വീട്ടാനായി സഹായത്തിനെത്തുന്നതും ശ്രീധന്യയുടെ മുന്നിലേക്ക് തന്നെയാണ്.

വയറിങ് ജോലി ചെയ്യുന്ന ഉഴപ്പനായ മധ്യവയസ്‌കന്റെ ഭാര്യയാണ് ചിത്രത്തിലെ മറ്റൊരു സ്ത്രീകഥാപാത്രം. പണിക്ക് പോകാതെ കൂട്ടുകാരുമൊത്ത് മദ്യപിച്ച് നടക്കുന്ന ഇയാളെ വകവെക്കാതെ കുടുംബം നോക്കുന്നത് സ്വയംപര്യാപ്തയായ ഈ സ്ത്രീയാണ്. ആണ്‍കൂട്ടത്തിന്റെ ആഘോഷരാവിനിടെ മദ്യപിച്ച് ബോധം പോയ ഇയാളെയും കൂട്ടികൊണ്ടു പോകാന്‍ വന്ന മകനേയും വീട്ടില്‍ കൊണ്ടുപോകുന്നതും കുടുംബശ്രീ ഓട്ടോ ഓടിക്കുന്ന ഇവരാണ്.

സംവിധായകന്‍ ജിയോ ബേബി അവതരിപ്പിക്കുന്ന സിബിയുടെ ഭാര്യയായി ജിലു ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് മറ്റൊരു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റഫറന്‍സുള്ള കഥാപാത്രം.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ അതിഥിയായി എത്തുന്ന ആളോടൊപ്പം ആണുങ്ങള്‍ ആടുക്കള കയ്യടക്കുന്ന രംഗമുണ്ട്. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന സന്ദര്‍ഭത്തിലൂടെയാണ് ശ്രീധന്യയിലും ജിലു ജോസഫിന്റെ സ്ത്രീ കഥാപാത്രവും കടന്നുപോകുന്നത്.

സിബിയുടെ വീട്ടിലാണ് ആണ്‍കൂട്ടത്തിന്റെ ആഘോഷ പരിപാടികള്‍ നടക്കുന്നത്. കുടുംബവീട്ടിലേക്ക് വിരുന്ന് പോയ ജിലുവിന്റെ കഥാപാത്രം തിരിച്ചെത്തുമ്പോള്‍ കാണുന്നത് വൃത്തികേടായി കിടക്കുന്ന വീടും മദ്യപിച്ച് ഓഫായി കിടക്കുന്ന ഭര്‍ത്താവിനെയുമാണ്.

പുരോഗമനവാദം ചമയുന്ന കാമുകന് സ്ത്രീപക്ഷവാദങ്ങള്‍ പറഞ്ഞുകൊടുക്കുന്ന, എന്നാല്‍ ജീവിതത്തില്‍ അതിന് വിപരീതമായി ചെയ്യുന്ന അയാളെ തിരുത്തുന്ന കാമുകി. സമൂഹത്തെ പേടിച്ച് കാമുകനുമായി ഒന്നിക്കാന്‍ കഴിയാതെ മദ്യപാനിയായ ഭര്‍ത്താവിനൊപ്പെം പി.എസ്.സി ലക്ഷ്യവുമായി ജീവിക്കുന്ന സ്ത്രീ.

കൂട്ടുകാരന് സര്‍പ്രൈസ് കൊടുക്കാന്‍ ബൈക്കുമായി ദൂരദേശത്തേക്ക് ഇറങ്ങി പുറപ്പെടുന്ന വ്‌ളോഗര്‍ പെണ്‍കുട്ടി. വഴിയില്‍ നിന്നുപോയ ബൈക്ക് നന്നാക്കാനെത്തുന്ന മൊബൈല്‍ വര്‍ക്‌ഷോപ്പ് നടത്തുന്ന പെണ്‍കുട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന സ്ത്രീ കഥാപാത്രങ്ങളാണ്.

മൊത്തത്തില്‍ ഒരാണ്‍കൂട്ടത്തിന്റെ ആഘോഷ രാവിലെ തമാശക്കഥയായി തോന്നാവുന്ന ഈ ജിയോ ബേബി പടം പറഞ്ഞുവെക്കുന്നത് പിന്നണിയിലെ സ്ത്രീകളുടെ രാഷ്ട്രീയം തന്നെയാണ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ പെണ്ണടുക്കളയില്‍ നിന്ന് ശ്രീധന്യ കാറ്ററിങ് സര്‍വീസിലെ ആണടുക്കളയിലേക്കെത്തുമ്പോള്‍ ജിയോ ബേബി ഉയര്‍ത്തിക്കാണിക്കുന്ന ഈ രാഷ്ട്രീയം വീണ്ടും വ്യക്തമാവുക തന്നെയാണ്.

ചിത്രത്തിലേക്ക് നോക്കുമ്പോള്‍ ആണുങ്ങളുടെ കുക്കിങ് കാശുണ്ടാക്കുന്ന കാറ്ററിങ് സര്‍വീസ് ആകുകയും, പെണ്ണുങ്ങളുടെ കുക്കിങ് കുടുംബത്തോടുള്ള കടമയുടെ ഫ്രീ സര്‍വീസ് ആകുകയും ചെയ്യുന്നത് സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ചയാണ്.

 

Content Highlight: Writeup of Vishnu P S about the connection of the movies Sree Dhanya Catering service and Great Indian Kitchen

വിഷ്ണു. പി.എസ്‌
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍, പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.