തിരുവനന്തപുരം: പി.എം ശ്രീയില്‍ കടുത്ത നിലപാടുമായി സി.പി.ഐ. വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കും. ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സി.പി.ഐ തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വവും തമ്മില്‍ നടന്ന ചര്‍ച്ചയിലും സമവായമുണ്ടായില്ല. ആലപ്പുഴയിലെ ഗസ്റ്റ് ഹൗസില്‍ ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയാണ് പരാജയമായത്.
സി.പി.ഐ മന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
സി.പി.ഐ ഇപ്പോഴും പി.എം ശ്രീ ധാരണാപത്രം റദ്ദാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് വിവരം. സി.പി.ഐ സെക്രട്ടറിയേറ്റിന് ശേഷം മാധ്യമങ്ങളെ കണ്ട ബിനോയ് വിശ്വം കൂടിക്കാഴ്ചയിൽ പരിഹാരമുണ്ടായില്ലെന്ന് അറിയിച്ചു .
‘ഞങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചു. എന്നാല്‍ വിഷയങ്ങളില്‍ പരിഹാരം കാണാന്‍ സാധിച്ചില്ല. പി.എം ശ്രീയിലെ ഞങ്ങളുടെ അടുത്ത നീക്കങ്ങളെ കുറിച്ച് വരും ദിവസങ്ങളില്‍ അറിയിക്കും. സി.പി.ഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുമെന്നതില്‍ ഉള്‍പ്പെടെ അന്തിമ തീരുമാനം ഉണ്ടാകും,’ ബിനോയ് വിശ്വം വ്യക്തമാക്കി.
അതേസമയം പി.എം ശ്രീയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ആറ് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്.
കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലാണ് സമരം നടന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ സംഘിവത്കരണത്തിന് വിട്ടുകൊടുക്കില്ലെന്നും പി.എം ശ്രീയില്‍ എ.ഐ.എസ്.എഫുമായി ചേര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്ക് തയ്യാറെന്ന് അലോഷ്യസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെ എ.ഐ.എസ്.എഫും ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം എ.ഐ.എസ്.എഫും സി.പി.ഐയുടെ യുവജന സംഘടനായ എ.വൈ.എസ്.എഫും സംയുക്തമായി വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.