വാഴക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാമിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച് സി.പി.ഐ.എം.
പി.എം.എ സലാമിന്റേത് തരംതാണ നിലപാടെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനെന്ന പരാമര്‍ശത്തിലാണ് സി.പി.ഐ.എമ്മിന്റെ പ്രതികരണം.
മോശം പരാമര്‍ശങ്ങളിലൂടെ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹമാണെന്നും സി.പി.ഐ.എം പ്രതികരിച്ചു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് അവസരം ലഭിക്കാതിരിക്കുമ്പോഴാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയെ അധിക്ഷേചിച്ച് തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും സി.പി.ഐ.എം വ്യക്തമാക്കി. ലീഗിന്റെ സാംസ്‌കാരിക അപചയമാണ് സലാമിന്റെ പരാമര്‍ശങ്ങളിലൂടെ വ്യക്തമായതെന്നും സി.പി.ഐ.എം പ്രതികരിച്ചു.
മുഖ്യമന്ത്രിയെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും അധിക്ഷേപിച്ചുകൊണ്ടായിരുന്നു പി.എം.എ സലാമിന്റെ പരാമര്‍ശം.
ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാന്‍ മുഖ്യമന്ത്രി തയ്യാറായതെന്നാണ് പി.എം.എ സലാം പറഞ്ഞത്. മലപ്പുറം വാഴക്കാട് പഞ്ചായത്തിലെ മുസ്‌ലിം ലീഗിന്റെ സമ്മേളനത്തിലാണ് പി.എം.എ സലാം ഈ പരാമര്‍ശം നടത്തിയത്.
‘ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കാനുള്ള, ഹൈന്ദവത്വം പ്രചരിപ്പിക്കുന്ന തീവ്രഹിന്ദുത്വവാദം പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ടുവരാന്‍ ഒപ്പിട്ടിരിക്കുന്ന സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് അതില്‍ പോയി ഒപ്പിട്ടതെന്ന് പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല. ഒന്നുകില്‍ മുഖ്യമന്ത്രി ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം. ഇത് രണ്ടും കേട്ടൊരു മുഖ്യമന്ത്രിയെയാണ് നമുക്ക് കിട്ടിയിരിക്കുന്നത് എന്നതാണ് നമ്മുടെ അപമാനം,’ എന്നായിരുന്നു പി.എം.എ സലാമിന്റെ പരാമര്‍ശം.
ഒരു വനിതയെന്ന നിലയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഒരു പുരുഷനെന്ന നിലയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പി.എം ശ്രീയെ എതിര്‍ത്തിട്ടുണ്ടെന്നും സലാം പറഞ്ഞിരുന്നു. പി.എം ശ്രീയില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തിപരമായ കഴിവുകേടിനെയാണ് കാണിക്കുന്നതെന്നും സലാം പരാമര്‍ശിച്ചിരുന്നു.
നേരത്തെ സ്ത്രീയും പുരുഷനും തുല്യരല്ലെന്ന പി.എം.എ സലാമിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെ സലാമിനെ തള്ളി രംഗത്തെത്തിയിരുന്നു.
Content Highlight: CPI(M) responds to PMA Salam’s abusive remarks against the Chief Minister