ഇനി സൂപ്പര്‍ഹീറോ സന്ദീപ്... ഒരു സ്‌പൈഡര്‍മാന്‍ വൈബൊക്കെയുണ്ട്, പെരിയ സംഭവം ലോഡിങ്ങെന്ന് തെളിയിക്കുന്ന ടീസര്‍ പുറത്ത്
Malayalam Cinema
ഇനി സൂപ്പര്‍ഹീറോ സന്ദീപ്... ഒരു സ്‌പൈഡര്‍മാന്‍ വൈബൊക്കെയുണ്ട്, പെരിയ സംഭവം ലോഡിങ്ങെന്ന് തെളിയിക്കുന്ന ടീസര്‍ പുറത്ത്
അമര്‍നാഥ് എം.
Sunday, 23rd August 2026, 12:32 pm

ചുരുങ്ങിയ കാലം കൊണ്ട് മോളിവുഡിന്റെ മുന്‍നിരയില്‍ സ്ഥാനം നേടിയെടുത്ത നടനാണ് സന്ദീപ് പ്രദീപ്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ സന്ദീപ് പടക്കളത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു. കോമഡിയും ആക്ഷനും ഇമോഷണല്‍ സീനുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന ചുരുക്കം നടന്മാരിലൊരാളാണ് സന്ദീപ് പ്രദീപ്.

എക്കോയ്ക്ക് ശേഷം സന്ദീപ് നായകനായെത്തുന്ന ചിത്രമാണ് കോസ്മിക് സാംസണ്‍. സൂപ്പര്‍ഹീറോ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു. മിന്നല്‍ മുരളിക്ക് ശേഷമെത്തുന്ന സൂപ്പര്‍ഹീറോ ചിത്രം, എക്കോക്ക് ശേഷമുള്ള സന്ദീപിന്റെ സിനിമ എന്നിങ്ങനെ ഒരുപാട് സവിശേഷതകള്‍ കോസ്മിക് സാംസണുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. സന്ദീപിനെയോ മറ്റ് കഥാപാത്രങ്ങളുടെയോ മുഖം സംവിധായകന്‍ കാണിച്ചിട്ടില്ല. സന്ദീപ് അവതരിപ്പിക്കുന്ന സാംസണും അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മുകേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാത്രമാണ് ടീസറിലുള്ളത്.

രാത്രി ഏതോ ഒരു ബില്‍ഡിങ്ങിന്റെ മുകളിലിരിക്കുന്ന സന്ദീപിന്റെ ബാക്ക്‌ഷോട്ടിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ഫോണ്‍ കട്ട് ചെയ്ത ശേഷം ബില്‍ഡിങ്ങിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുന്നിടത്ത് ടൈറ്റില്‍ എഴുതി കാണിക്കുകയാണ്. പിന്നീട് കാണുന്ന ഷോട്ടില്‍ ഒരു കാര്‍ തകര്‍ന്ന് കിടക്കുന്നതും ‘അയ്യോ പണിയായല്ലോ, എന്തേലുമാവട്ടെ’ എന്നും പറഞ്ഞ് സന്ദീപ് നടന്നുപോകുന്നിടത്ത് ടീസര്‍ അവസാനിക്കുകയാണ്.

ഒരു സ്‌പൈഡര്‍മാന്‍ ടച്ചുള്ള മേക്കിങ്ങാണ് ചിത്രത്തിന്റേതെന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്. മിന്നല്‍ മുരളി പോലെ എടുത്താല്‍ മോളിവുഡിലെ അടുത്ത സൂപ്പര്‍ഹീറോ ചിത്രമായി കോസ്മിക് സാംസണ്‍ മാറുമെന്നാണ് വിലയിരുത്തല്‍. ചിത്രത്തിന്റെ കഥയെക്കുറിച്ചൊന്നും ഒരു സൂചനയും നല്‍കിയിട്ടില്ല. വരുംദിവസങ്ങളില്‍ കോസ്മിക് സാംസണിന്റെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവന്നേക്കും.

നവാഗതനായ അഭിജിത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിന്നല്‍ മുരളിയുടെ നിര്‍മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സാണ് കോസ്മിക് സാംസണിന്റെയും നിര്‍മാതാക്കള്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. റിലീസ് തിയതി ഇതുവരെ പുറത്തുവന്നിട്ടില്ല.

Content Highlight: Cosmic Samson first teaser out now

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം