കപ്പ് മോഹിച്ച് ഒരുത്തനും വരണ്ട, മിനിമം 1000 കോടി നേടിയിട്ടേ ദേവയും കൂട്ടരും കളം വിടുള്ളൂ, തീപ്പൊരി സ്റ്റില്ലുകള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
Entertainment
കപ്പ് മോഹിച്ച് ഒരുത്തനും വരണ്ട, മിനിമം 1000 കോടി നേടിയിട്ടേ ദേവയും കൂട്ടരും കളം വിടുള്ളൂ, തീപ്പൊരി സ്റ്റില്ലുകള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th May 2025, 7:07 am

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് കൂലി. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. തമിഴ് താരം സത്യരാജ്, തെലുങ്ക് താരം നാഗാര്‍ജുന, കന്നഡ താരം ഉപേന്ദ്ര എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിറും കൂലിയുടെ ഭാഗമാകുന്നുണ്ട്. ബോളിവുഡ് താരം ആമിര്‍ ഖാന്റെ സാന്നിധ്യവും കൂലിയുടെ ഹൈപ്പ് കൂട്ടുന്നുണ്ട്.

കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട സ്റ്റില്ലുകളും ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോയുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. രജിനികാന്തിന്റെ മാസ് ഓറ പരമാവധി ഉപയോഗിക്കുന്ന ചിത്രമാകും കൂലിയെന്ന് ഈ ചിത്രങ്ങളിലൂടെ ഉറപ്പാക്കുന്നുണ്ട്. സത്യരാജും രജിനികാന്തുമൊത്തുള്ള ഫേസ് ഓഫ് സീനുകളുടെ സ്റ്റില്ലും പുറത്തുവിട്ടിട്ടുണ്ട്. ഒരുപാട് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.

തമിഴില്‍ ഈയടുത്ത് വന്നതില്‍ ഏറ്റവും വലിയ ചിത്രമകും കൂലിയെന്ന് ബി.ടി.എസ്. വീഡിയോ അടിവരയിടുന്നുണ്ട്. ഒരു തുറമുഖവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന കഥയുമാണ് ചിത്രത്തിന്റേതെന്നാണ് സൂചന. ദേവ എന്ന സാധാരണ പോര്‍ട്ടറായാണ് രജിനി കൂലിയില്‍ വേഷമിടുന്നത്. സൈമണ്‍ എന്ന അധോലോക നായകനായി നാഗാര്‍ജുനയും വേഷമിടുന്നുണ്ട്.

രാജശേഖര്‍ എന്ന കഥാപാത്രത്തെ സത്യരാജ് അവതരിപ്പിക്കുമ്പോള്‍ കലീസ എന്ന കഥാപാത്രമായാണ് ഉപേന്ദ്ര വേഷമിടുന്നത്. ദയാല്‍ എന്ന കഥാപാത്രമായി സൗബിന്‍ ഷാഹിറും പ്രീതി എന്ന കഥാപാത്രമായി ശ്രുതി ഹാസനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തില്‍ അഞ്ചോളം ഗെറ്റപ്പുകളാണ് സൗബിന് ഉണ്ടെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഓഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബോളിവുഡ് ചിത്രം വാര്‍ 2വും ഇതേ ദിവസമാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. മോശം വി.എഫ്.എക്‌സും സ്ഥിരം സ്‌പൈ യൂണിവേഴ്‌സ് പാറ്റേണുമാണ് വാര്‍ 2 ടീസറിന്റെ ന്യൂനതയായി പലരും ചൂണ്ടിക്കാണിക്കുന്നത്. ഹൃതിക് റോഷന്‍, ജൂനിയര്‍ എന്‍.ടി.ആര്‍. കിയാര അദ്വാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

രണ്ട് ഇന്‍ഡസ്ട്രിയിലെ രണ്ട് വമ്പന്‍ ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലെത്തുമ്പോള്‍ പലരും സാധ്യത കല്പിക്കുന്നത് കൂലിക്കാണ്. പോസിറ്റീവ് റിവ്യൂ ലഭിച്ചാല്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടി വരെ കൂലി സ്വന്തമാക്കുമെന്നാണ് കരുതുന്നത്. തമിഴിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാറാനും കൂലിക്ക് സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഹാട്രിക് ഇന്‍ഡസ്ട്രി ഹിറ്റ് സ്വന്തമാക്കുന്ന ആദ്യ സംവിധായകനായി ലോകേഷ് മാറും.

Content Highlight: Coolie movie behind the scenes stills are out