'അക്ബര്‍, ടിപ്പു'; പേരിന് മുമ്പില്‍ മഹാന്മാര്‍ എന്ന് വേണ്ടെന്ന് ബി.ജെ.പി; എന്‍.സി.ആര്‍.ടി പാഠപുസ്തകത്തിലെ മാറ്റത്തിനെതിരെ കോണ്‍ഗ്രസ്
India
'അക്ബര്‍, ടിപ്പു'; പേരിന് മുമ്പില്‍ മഹാന്മാര്‍ എന്ന് വേണ്ടെന്ന് ബി.ജെ.പി; എന്‍.സി.ആര്‍.ടി പാഠപുസ്തകത്തിലെ മാറ്റത്തിനെതിരെ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th November 2025, 10:38 am

ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തി അക്ബറിനെയും മൈസൂര്‍ ഭരണാധികാരി ടിപ്പുസുല്‍ത്താനെയും എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ മഹാന്‍ എന്ന് വിശേഷിക്കേപ്പണ്ട എന്ന ബി.ജെ.പി സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ്. ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഒന്നും രണ്ടും ദിവസമല്ല 700 വര്‍ഷം ഇന്ത്യ ഭരിച്ചവരാണ് മുഗള്‍ രാജാക്കന്മാരെന്നും അവരുടെ കാലത്ത് ഇന്ത്യയുടെ ജി.ഡി.പി ലോകത്തിന്റെ 27 ശതമാനമായിരുന്നുവെന്നും കോണ്‍ഗ്രസ് എം.പി ഇമ്രാന്‍ മസൂദ് പറഞ്ഞു. അക്കാലത്ത് ഇന്ത്യക്ക് സ്വര്‍ണപക്ഷി എന്ന വിളിപ്പേര് ലഭിച്ചിരുന്നുവെന്നും ഇപ്പോള്‍ പാഠപുസ്തകത്തിലെ തലക്കെട്ടുകള്‍ മാറ്റുന്നതിലൂടെ എന്ത് നേട്ടമാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘അവര്‍ ഒന്നോ രണ്ടോ ദിവസം ഭരിച്ചവരല്ല… അവര്‍ 700 വര്‍ഷം രാജ്യം ഭരിച്ചു. പാഠപുസ്തകത്തിലെ തലക്കെട്ടുകള്‍ മാറ്റുന്നതിലൂടെ എന്ത് നേട്ടമാണ് ലഭിക്കുന്നത്?… അവരുടെ ഭരണകാലത്ത് ജി.ഡി.പി 27 ശതമാനമായിരുന്നു. അന്ന് ഇന്ത്യയെ സ്വര്‍ണ പക്ഷി എന്നും വിളിച്ചിരുന്നു. അവര്‍ ഇവിടെ നിന്നും വന്ന് ഇവിടെ തന്നെ നശിക്കുകയും ചെയ്തു.

അവസാന ചക്രവര്‍ത്തിയെ തലയറുത്തു, പക്ഷേ അദ്ദേഹം ബ്രിട്ടീഷ് അടിമത്തം അംഗീകരിച്ചില്ല. തന്റെ മക്കളുടെ തലകള്‍ ഒരു തളികയില്‍ വെച്ചുനല്‍കിയത് അദ്ദേഹം കണ്ടു. പക്ഷേ അദ്ദേഹം അടിമത്തം അംഗീകരിച്ചില്ല. ‘ബ്രിട്ടീഷുകാരുടെ മുന്നില്‍ മുട്ടുകുത്തിയവര്‍’ ഇപ്പോള്‍ ഇതെല്ലാം സ്വയം ആസ്വദിക്കുകയാണ്,’ മസൂദ് പറഞ്ഞു.

അതേസമയം എന്‍.സി.ആര്‍.ടിയുടെ നടപടിയില്‍ പിന്തുണ അറിയിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും രംഗത്ത് വന്നിരുന്നു. ടിപ്പുവിനെ അടിച്ചോടിക്കണമെന്നും, ഇഷ്ടമുള്ള എവിടെയെങ്കിലും കളയുകയോ, അതോ കടലില്‍ താഴ്ത്തുകയോ ചെയ്യണമെന്നും ബിശ്വ ശര്‍മ പറഞ്ഞു. ഒരു പരിപാടിക്കിടയില്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് അദ്ദേഹം പറഞ്ഞു. കൂടാതെ ആര്‍.എസ്.എസ് നേതാവ് സുനില്‍ അംബേക്കര്‍ ഈ മാറ്റം മികച്ചതാണെന്നും പറഞ്ഞു.

‘ചരിത്ര പുസ്തകങ്ങളില്‍ നിരവധി നല്ല മാറ്റങ്ങള്‍ കൊണ്ടുവന്നത് എനിക്ക് കാണാന്‍ സാധിച്ചു. ഭാവിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഇപ്പോള്‍ അവയില്‍ (ചരിത്ര പാഠപുസ്തകങ്ങളില്‍) ‘അക്ബര്‍ ദി ഗ്രേറ്റ്’ ഇല്ല, ‘ടിപ്പു സുല്‍ത്താന്‍ ദി ഗ്രേറ്റ്’ ഇല്ല. നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്, എന്നിരുന്നാലും ഈ പുസ്തകങ്ങളില്‍ നിന്ന് ആരെയും നീക്കം ചെയ്തിട്ടില്ല, കാരണം പുതിയ തലമുറ അവരുടെ ക്രൂരമായ പ്രവൃത്തികള്‍ അറിയണം,’ വെള്ളിയാഴ്ച കാണ്‍പൂരില്‍ നടന്ന ഓറഞ്ച് സിറ്റി സാഹിത്യോത്സവത്തില്‍ അംബേക്കര്‍ പറഞ്ഞു.

 

Content Highlight: Congress opposes BJP government’s move to not mention Akbar and Tipu Sultan as great in NCERT textbooks