ഐതിഹ്യ കഥകളിലൂടെ നൂറ്റാണ്ടുകളായി മലയാളികള്‍ക്ക് പരിചിതമായ കഥാപാത്രങ്ങളാണ് കടമറ്റത്ത് കത്തനാറും കള്ളിയങ്കാട്ട് നീലിയും ചാത്തനുമെല്ലാം. കഥാപാത്രങ്ങളെ പശ്ചാത്തലമാക്കി ഒട്ടനവധി സീരിയലുകളും സിനിമകളും ഒരുക്കിയിട്ടുമുണ്ട്. എന്നാല്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടി മലയാളത്തില്‍ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര.
കള്ളിയങ്കാട്ട് നീലിയെന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയ ചിത്രത്തില്‍ നായികയായെത്തിയത് കല്ല്യാണി പ്രിയദര്‍ശനായിരുന്നു. നീലിക്ക് പുറമെ കത്തനാറും ചാത്തനുമെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു. ഐതിഹ്യങ്ങളില്‍ കേട്ടുപരിചയമുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരുപാട് മാറ്റങ്ങള്‍ വരുത്തി, ഒരു നഗരമായിരുന്നു ലോകഃ പശ്ചാത്തലമാക്കിയിരുന്നത്.
കത്തനാര്‍. Photo: Jio Hotstar
കഴിഞ്ഞ ദിവസം റോജിന്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായെത്തുന്ന ചിത്രമായ കത്തനാറിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നതോടെയാണ് ഐതിഹ്യങ്ങളില്‍ നിന്നും നിര്‍മിക്കപ്പെടുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. പഴയ സിനിമകളിലും സീരിയലുകളിലും കണ്ട കത്തനാറല്ല തന്റെ ചിത്രത്തിലേതെന്ന് ജയസൂര്യ പറഞ്ഞതിനെ വിമര്‍ശിച്ചുകൊണ്ട് സിനിമാ പേജായ മൂവി സ്ട്രീറ്റിലാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്.
ഐതിഹ്യങ്ങളിലുള്ള യഥാര്‍ത്ഥ കഥയില്‍ നിന്നും ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തി മാറ്റി തങ്ങളുടെ ഇഷ്ടപ്രകാരം കഥയെ മാറ്റിമറിക്കുന്നതില്‍ താത്പര്യമില്ലെന്നായിരുന്നു പോസ്റ്റിട്ടയാളുടെ വാദം. യഥാര്‍ത്ഥ കഥാപശ്ചാത്തലത്തില്‍ നിന്നും മാറിയപ്പോള്‍ ഒരു മാജിക് ഷോ കാണുന്ന ഫീലാണ് ലഭിച്ചതെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ ഇതിനുള്ള മറുപടിയായി സിനിമാ പ്രേക്ഷകര്‍ പോസ്റ്റിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.
ഐതിഹ്യ കഥകളിലെ കഥാപാത്രങ്ങള്‍ എന്ന നിലയില്‍ പലരുടെയും ഭാവനകളാണ് ഈ കഥാപാത്രങ്ങളെയെല്ലാം രൂപപ്പെടുത്തിയതെന്നും കാലഘട്ടത്തിനനുസരിച്ച് സിനിമയും അതിന്റെതായ രീതിയില്‍ മാറമെന്നും പലരും അഭിപ്രായപ്പെടുന്നു. ലോകഃയില്‍ നീലിയെ അവതരിപ്പിച്ചത് നഗരത്തില്‍ താമസിക്കുന്ന, ബ്ലഡ് ബാങ്കില്‍ നിന്നും തനിക്കിഷ്ടപ്പെട്ട രക്തം കുടിക്കുന്ന മോഡേണ്‍ ആയിട്ടുള്ള കഥാപാത്രമായിട്ടാണ്. ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായി മാറിയതിന്റെ കാരണവും ഇത്തരത്തില്‍ കാലത്തിനൊത്തുള്ള മാറ്റമാണെന്നും പലരും അഭിപ്രായപ്പെടുന്നു.
എം.ടിയുടെ തിരക്കഥയില്‍ പിറന്ന വടക്കന്‍ വീരഗാഥയില്‍ കേട്ടുകേള്‍വിയുള്ള ചന്തുവിനെയല്ല കണ്ടതെന്നും ആരോമലും വ്യത്യസ്തനായിരുന്നുവെന്നും എന്നിട്ടും ചിത്രം വലിയ വിജയമായി മാറിയില്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്. വിരലിലെണ്ണാവുന്ന ഫാന്റസി ചിത്രങ്ങള്‍ മാത്രം നിര്‍മിച്ചിട്ടുള്ള മലയാള സിനിമയില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്ന കത്തനാറിനായി വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകരുള്ളത്. അനുഷ്‌ക ഷെട്ടിയും പ്രഭു ദേവയുമടക്കമുള്ള കാസ്റ്റും ചിത്രത്തിന്റെ ഹെപ്പ് വര്‍ധിപ്പിക്കുന്നു.
Content Highlight: Compare post between Lokah and Kathanar as both Films portrays Fictional characters
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.