ന്യൂദല്‍ഹി: ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് ദല്‍ഹി പൊലീസ് എ.ഐ അധിഷ്ഠിത സര്‍വൈലന്‍സ് സംവിധാനം ഉപയോഗിക്കുന്നതായി സി.ജെ.പി. സമര സ്ഥലത്ത് ദല്‍ഹി പൊലീസ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനമുള്ള വാനുകളെ വിന്യസിച്ചതായി സി.ജെ.പി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

‘ജന്തര്‍ മന്ദര്‍ ഒരു പ്രതിഷേധ സ്ഥലമാണ്, ഡിജിറ്റല്‍ തുറന്ന ജയിലല്ല,’ എന്ന് പറഞ്ഞാണ് സി.ജെ.പിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ തത്സമയം സ്‌കാന്‍ ചെയ്യാനായി ദല്‍ഹി പോലീസ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനമുള്ള വാനുകളെ വിന്യസിച്ചിട്ടുണ്ട്. അവര്‍ ബയോമെട്രിക് വിവരങ്ങള്‍ പകര്‍ത്തി അതില്‍ നിന്ന് വ്യക്തികളുടെ ഡാറ്റ ശേഖരിക്കുകയാണെന്ന് പോസ്റ്റില്‍ പറയുന്നു.

എ.ഐ അധിഷ്ഠിത സര്‍വൈലന്‍സ് സംവിധാനം സമര സ്ഥലത്ത് സ്ഥാപിച്ചതില്‍ ഭരണകൂടത്തോട് മൂന്ന് ചോദ്യങ്ങളും സി.ജെ.പി ചോദിക്കുന്നു. ‘ ഏത് നിയമപ്രകാരമാണ് ഇതിന് നിയമസാധുതയുള്ളത്?’ എന്നാണ് സി.ജെ.പി ചോദിക്കുന്ന ആദ്യ ചോദ്യം.

സ്വകാര്യത ഒരു മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ വിധിയുണ്ട് (പുട്ടസ്വാമി കേസില്‍). പ്രതിഷേധിക്കാനുള്ള നിയമപരമായ അവകാശം ഉപയോഗിക്കുന്ന പൗരന്മാരെ കൂട്ടത്തോടെ സ്‌കാന്‍ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സി.ജെ.പി ചൂണ്ടിക്കാട്ടി.