സി.ജെ.പി സമരം; പൊലീസ് അതിക്രമങ്ങളില്‍ സ്വതന്ത്ര്യ അന്വേഷണം വേണം: പതിനെട്ട് വയസിന് താഴെയുള്ളവരെ വിട്ടയക്കണം: സുപ്രീം കോടതി
India
സി.ജെ.പി സമരം; പൊലീസ് അതിക്രമങ്ങളില്‍ സ്വതന്ത്ര്യ അന്വേഷണം വേണം: പതിനെട്ട് വയസിന് താഴെയുള്ളവരെ വിട്ടയക്കണം: സുപ്രീം കോടതി
നിഷാന. വി.വി
Tuesday, 28th July 2026, 2:39 pm

ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.ജെ.പി സമരങ്ങളെ നേരിട്ട പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സ്വത്വന്ത്ര്യമായ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. സമരം നടക്കുന്നു എന്ന കാരണം കൊണ്ട് മാത്രം പൊലീസിന്റെ അതിക്രമങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

കേസന്വേഷണത്തിനായി വിരമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന സൂചനയും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മറുപടി കൂടി പരിഗണിച്ച ശേഷമായിരിക്കും ഈ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

പ്രതിഷേധത്തില്‍ പങ്കെടുത്ത കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്ത പതിനെട്ട് വയസിന് താഴെയുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും വിട്ടയക്കണമെന്നും കോടതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

കൂടാതെ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങളും ഡിജിറ്റല്‍ ഡാറ്റയും സംരക്ഷിക്കണമെന്നും തത്ക്കാലത്തേക്ക് അവ പൊതുസമൂഹത്തിന് മുന്നില്‍ പരസ്യപ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു.

ജൂലൈ 20 ന് നീറ്റ് പരീക്ഷാ ക്രമക്കേടുമാായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹരജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി നിര്‍ദേശം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി.മോഹന, എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. സമരം നടക്കുമ്പോഴുള്ള സി.സി.ടി.വി, ഡ്രോണ്‍ ദൃശ്യങ്ങള്‍, ബോഡി ക്യാമറ ദൃശ്യങ്ങള്‍, പൊലീസിന്റെ വയര്‍ലെസ് ആശയവിനിമയ റെക്കോര്‍ഡുകള്‍ എന്നിവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു.

കൂടാതെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കടുത്തതോ പ്രതികാരപരമോ ആയ നടപടികള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. പെല്ലറ്റ് തോക്കുകള്‍, റബ്ബര്‍ ബുള്ളറ്റുകള്‍, ആണികള്‍ തറച്ച ലാത്തികള്‍, ഇലക്ട്രിക് ബാറ്റണുകള്‍ എന്നിവ ഉപയോഗിച്ച് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കടുത്ത അതിക്രമം അഴിച്ചുവിട്ടതായി ഹരജിക്കാര്‍ ആരോപിച്ചു. പെല്ലറ്റ് വെച്ച് ഒരു വിദ്യാര്‍ത്ഥിയുടെ കാഴ്ചശക്തി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള ദാരുണമായ സംഭവങ്ങളാണ് ഉണ്ടായത്.

അതേസമയം, സമരം അക്രമാസക്തമാക്കിയത് പ്രതിഷേധത്തിലേക്ക് കടന്നുകൂടിയ അതിക്രമികളാണെന്നും, ആക്രമണത്തില്‍ 250ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

 

Content Highlight: CJP Protest: Supreme Court calls for an independent inquiry into police excesses and the release of those under eighteen.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.