ആറ് ദിവസം അടുപ്പിച്ച് മഴയത്ത് ഷൂട്ട് ചെയ്യേണ്ട സീക്വന്‍സുണ്ടായിരുന്നു, ലാല്‍ സാറിന് പനിയായതുകൊണ്ട് അത് വേണോ എന്ന് സംശയിച്ചു, എന്നാല്‍.... ഛായാഗ്രഹകന്‍ ഷാജികുമാര്‍
സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ക്ക് ഒരുപാട് പ്രതീക്ഷയുള്ള ചിത്രമായിരുന്നു തുടരും. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഛായാഗ്രഹകന്‍ ഷാജികുമാര്‍.
മോഹന്‍ലാലുമായി വര്‍ക്ക് ചെയ്ത സിനിമകളിലും അല്ലാത്ത സിനിമകളിലും അദ്ദേഹത്തിന്റെ പല മാജിക്കുകളും കണ്ടിട്ടുണ്ടെന്ന് ഷാജികുമാര്‍ പറഞ്ഞു. അത്തരമൊരു അനുഭവത്തിന്റെ വെളിച്ചത്തില്‍ മോഹന്‍ലാല്‍ എന്ന നടന്‍ അടുത്തതായി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ലെന്നും ഷാജികുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഷണ്മുഖന്‍ എന്ന ടാക്‌സി ഡ്രൈവറെ മാത്രമേ ഈ സിനിമയില്‍ കാണാന്‍ സാധിക്കുള്ളൂവെന്നും ആ കഥാപാത്രത്തിന് എന്താണോ വേണ്ടത് അത് കൃത്യമായി മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ടെന്നും ഷാജികുമാര്‍ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ മോഹന്‍ലാലിന് ശാരീരികമായി ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെന്നും ഷാജികുമാര്‍ പറയുന്നു.
പനിയുടെ തുടക്കലക്ഷണം അദ്ദേഹത്തില്‍ കണ്ടിരുന്നെന്നും അതേ സമയത്ത് ആറ് ദിവസത്തോളം റെയിന്‍ സീക്വന്‍സ് എടുക്കാനുണ്ടായിരുന്നെന്നും ഷാജികുമാര്‍ കൂട്ടിച്ചേര്‍ത്തു. ആ സീന്‍ അപ്പോള്‍ എടുത്തില്ലെങ്കില്‍ ഷൂട്ട് പിന്നെയും നീണ്ടുപോകുമായിരുന്നെന്നും എന്നാല്‍ മോഹന്‍ലാല്‍ യാതൊരു മടിയുമില്ലാതെ ആ സീന്‍ എടുക്കാന്‍ തയ്യാറായെന്നും ഷാജികുമാര്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ഷാജികുമാര്‍.
‘ലാല്‍ സാറിന്റെ കൂടെ ഒരുപാട് സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ പടങ്ങളിലും അല്ലാത്ത പടങ്ങളിലുമൊക്കെ അദ്ദേഹത്തിന്റെ മാജിക് നമ്മള്‍ കണ്ടിട്ടുണ്ട്. അദ്ദേഹം അടുത്തതായി എന്ത് ചെയ്യുമെന്ന് നമുക്ക് ഒരിക്കലും പ്രെഡിക്ട് ചെയ്യാന്‍ പറ്റില്ല. ഈ പടത്തില്‍ ഷണ്മുഖന്‍ എന്ന ടാക്‌സി ഡ്രൈവറെ മാത്രമേ കാണാന്‍ സാധിക്കുള്ളൂ.
ഈ പടത്തില്‍ അഞ്ചാറ് ദിവസം അടുപ്പിച്ച് മഴയത്ത് എടുക്കേണ്ട സീക്വന്‍സുകളുണ്ടായിരുന്നു. ആ സമയത്ത് ലാല്‍ സാറിന് പനിയുടെ ചെറിയൊരു തുടക്കമുണ്ടായിരുന്നു. അതുകൊണ്ട് ആ സീക്വന്‍സ് പിന്നീട് എടുത്താലോ എന്ന് ചിന്തിച്ചു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഷൂട്ട് വീണ്ടും നീണ്ടുപോയേനെ. ലാല്‍ സാര്‍ പനിയൊന്നും വകവെക്കാതെ ഷൂട്ടിനിറങ്ങി,’ ഷാജികുമാര്‍ പറയുന്നു.
Content Highlight: Cinematographer Shaji Kumar shares the shooting experience of Thudarum movie