ശ്രീശാന്തിനെയും സഞ്ജുവിനെയും ഓര്‍ത്ത് കേരളത്തിന് തീര്‍ച്ചയായും അഭിമാനിക്കാം; തുറന്ന് പറഞ്ഞ് ക്രിസ് ഗെയ്ല്‍
Cricket
ശ്രീശാന്തിനെയും സഞ്ജുവിനെയും ഓര്‍ത്ത് കേരളത്തിന് തീര്‍ച്ചയായും അഭിമാനിക്കാം; തുറന്ന് പറഞ്ഞ് ക്രിസ് ഗെയ്ല്‍
ശ്രീരാഗ് പാറക്കല്‍
Sunday, 30th August 2026, 3:29 pm

കെ.സി.എല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി സ്ഥാനമേറ്റതിന് പിന്നാലെ കേരളത്തിലെത്തിയിരിക്കുകയാണ് വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. ഇതോടെ കേരള താരങ്ങളായ ശ്രീശാന്തിനും സഞ്ജു സാംസണിനുമെതിരെ ഐ.പി.എല്ലിലും രാജ്യാന്തര ക്രിക്കറ്റിലും കളിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ഗെയ്ല്‍.

ശ്രീശാന്ത് വലിയ മത്സര വീര്യവും അതിശയകരമായ ഊര്‍ജവും ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്ന താരമായിരുന്നു എന്നും സമകാലിക ക്രിക്കറ്റിലെ ഏറ്റവും സ്വാഭാവിക പ്രതിഭയുള്ള സ്റ്റൈലിഷ് ബാറ്റര്‍മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍ എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സഞ്ജുന്റെ ടൈമിങ് അസാധാരണമാണെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീശാന്ത്‌

‘ശ്രീശാന്ത് വലിയ മത്സര വീര്യവും അതിശയകരമായ ഊര്‍ജവും ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്ന താരമായിരുന്നു. കളിയിലേക്ക് എപ്പോഴും ആവേശം കൊണ്ടുവരാന്‍ കഴിയുമായിരുന്ന ഒരാള്‍. താളം കണ്ടെത്തി പന്ത് സ്വിങ് ചെയ്യാനും മൂവ് ചെയ്യാനും തുടങ്ങിയാല്‍ ലോകത്തിലെ മികച്ച ബാറ്റര്‍മാരെപ്പോലും ബുദ്ധിമുട്ടിക്കാന്‍ കഴിഞ്ഞിരുന്നു. ഒരു തരത്തിലുള്ള പോരാട്ടത്തില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നില്ല. ആ പോരാട്ട വീര്യത്തെ ഞാന്‍ ബഹുമാനിച്ചിരുന്നു.

സമകാലിക ക്രിക്കറ്റിലെ ഏറ്റവും സ്വാഭാവിക പ്രതിഭയുള്ള സ്റ്റൈലിഷ് ബാറ്റര്‍മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. അദ്ദേഹത്തിന്റെ ടൈമിങ് അസാധാരണമാണ്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഷോട്ടുകള്‍ കളിക്കാന്‍ കഴിയും.

സഞ്ജു സാംസണ്‍

ഭയമില്ലാതെ അനായാസമായാണ് ബാറ്റ് ചെയ്യുന്നത്. ഇവിടുത്തെ പുതിയ ക്രിക്കറ്റ് താരങ്ങള്‍ക്ക് സഞ്ജു വലിയ പ്രചോദനവുമാണ്. ശ്രീശാന്തിനെയും സഞ്ജുവിനെയും ഓര്‍ത്ത് കേരളത്തിനു തീര്‍ച്ചയായും അഭിമാനിക്കാം,’ ഗെയ് മാധ്യമങ്ങളോട് പറഞ്ഞു.

താരങ്ങളെ പിന്തുണയ്ക്കാനും തന്റെ അനുഭവങ്ങള്‍ അവരുമായി പങ്കുവയ്ക്കാനും ബ്ലൂ ടൈഗേഴ്സിനെ ശക്തമായൊരു ക്രിക്കറ്റ് ബ്രാന്‍ഡായി വളര്‍ത്താനും സഹായിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ക്രിക്കറ്റിന് വലിയ ആരാധക പിന്തുണയുണ്ടെന്നും അവര്‍ക്കു മികച്ച പ്രകടത്തിലൂടെ ശ്രദ്ധ നേടാനും ഐ.പി.എല്ലിലേക്കും രാജ്യാന്തര ക്രിക്കറ്റിലേക്കും മുന്നേറാനും കെ.സി.എല്‍ പോലൊരു പ്രൊഫഷണല്‍ ലീഗ് വലിയ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ടീം ഉടമ സുഭാഷ് ജോര്‍ജ് മാനുവലുമായുള്ള സൗഹൃദമാണ് ഇതിലേക്ക് എത്തിച്ചത്. ബ്ലൂ ടൈഗേഴ്‌സ് നിലവിലെ കെ.സി.എല്‍ ചാമ്പ്യന്മാരാണ്.

Content Highlight: Chris Gayle Talking About Sanju Samson And Sreesanth

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ