സി.ബി.ഐ ഡയറക്ടർ നിയമനം: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി; പ്രതിപക്ഷ നേതാവ് റബ്ബർ സ്റ്റാമ്പല്ലെന്ന് കത്ത്
India
സി.ബി.ഐ ഡയറക്ടർ നിയമനം: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി; പ്രതിപക്ഷ നേതാവ് റബ്ബർ സ്റ്റാമ്പല്ലെന്ന് കത്ത്
മുഹമ്മദ് നബീല്‍
Wednesday, 13th May 2026, 7:42 am

ന്യൂദൽഹി: പുതിയ സി.ബി.ഐ ഡയറക്ടർ തെരഞ്ഞെടുപ്പ് രീതികളിൽ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്ഥാനാത്ഥികളുടെ വിലയിരുത്തൽ റിപ്പോർട്ട് തനിക്ക് ലഭിച്ചില്ലെന്നും മുൻകൂട്ടി തീരുമാനിച്ച പ്രകാരമായിരുന്നു സർക്കാരിന്റെ തെരഞ്ഞെടുപ്പെന്നും രാഹുൽ വിമർശിച്ചു.

പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ ഉൾപ്പെടുന്ന മൂന്നംഗ സമിതിയാണ് സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത്. പ്രതിപക്ഷ നേതാവിനെ ഈ സമിതിയിൽ ഉൾപ്പെടുത്തിയത് ഇത്തരം സ്ഥാപനങ്ങളെ കേന്ദ്രം പിടിച്ചെടുക്കുന്നത് തടയുന്നതിന് വേണ്ടിയാണെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് റബ്ബർ സ്റ്റാമ്പ് അല്ലെന്നും രാഹുൽ മോദിക്കയച്ച കത്ത് പങ്കുവച്ചുകൊണ്ട് എക്‌സിൽ കുറിച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്ഥാനാർത്ഥികളുടെ സ്വയം വിലയിരുത്തൽ റിപ്പോർട്ടുകളും 360 ഡിഗ്രി റിപ്പോർട്ടുകളും നൽകിയില്ലെന്നും രാഹുൽ പറഞ്ഞു. സ്ഥാനാർത്ഥികളുടെ പൂർവകാല ചരിത്രം, ജോലിയിലെ പ്രകടനം എന്നിവ മനസിലാകുന്നതിന് ഈ റിപ്പോർട്ടുകൾ ഏറെ നിർണായകമാണ്.

ഇത്തരം വിവരങ്ങൾ മറച്ചുവയ്ക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും കേന്ദ്രം മുൻകൂട്ടി തീരുമാനിച്ച സ്ഥാനാർത്ഥികളെ മാത്രം തെരഞ്ഞെടുക്കാൻ തീരുമാനിച്ചിരിക്കയാണെന്നും രാഹുൽ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെയും പത്രപ്രവർത്തകരെയും വിമർശകരെയും ലക്ഷ്യം വയ്ക്കാൻ സർക്കാർ സി.ബി.ഐയെ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു. മുമ്പ് രണ്ട് യോഗങ്ങളിലും തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ സി.ബി.ഐ ഡയറക്ടർ പ്രവീൺ സൂദിന്റെ കാലാവധി മെയ് 24 ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ സി.ബിഐ ഉന്നത തസ്തികയിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

Content Highlight:  CBI Director Appointment: Rahul Gandhi slams Centre; Opposition Leader says he is not a rubber stamp, writes letter

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം