സാംസ്‌കാരിക നഗരിയും അക്ഷരനഗരിയും ഒക്കെ ജില്ലകളായിട്ടുള്ള കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതിവംശീയ വെറി പ്രകടമാക്കുന്നതില്‍ പുറകിലാണെന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ അത് തികച്ചും തെറ്റാണെന്നും ഇത്തരം ജാതി വംശീയത ഊട്ടി ഉറപ്പിക്കുന്നതില്‍ കേരളത്തിലെ സിനിമകള്‍ക്കും സാഹിത്യത്തിനും ഗണ്യമായ പങ്കുണ്ടെന്നുള്ളതുമാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രീയ നേതാക്കള്‍ വരെ നിസ്സാരമായാണ് ജാതി അധക്ഷേപങ്ങള്‍ നടത്തിയിരുന്നത്.
അടുത്തിടെ പി. സി ജോര്‍ജ് പുലയരിലെ വംശപാരമ്പര്യത്തെ ചോദ്യം ചെയ്ത വീഡിയോ പുറത്തുവന്നിരുന്നു. സ്ത്രീവിരുദ്ധതയും, ജാതിവംശീയ വാദവും കൂട്ടിക്കെട്ടിയ അദ്ദേഹത്തിന്റെ അധിക്ഷേപങ്ങള്‍ സാംസ്‌കാരിക സമൂഹത്തെ ഏറെയൊന്നും പ്രകോപനം കൊള്ളിക്കാഞ്ഞതിനു പിന്നില്‍ സമൂഹം പിന്‍തുടര്‍ന്നുപോരുന്ന ജാതിബോധം തന്നെയാണ് പ്രബലമായിട്ടുള്ളത്.
വളരെ ലാഘവത്വത്തോടെ പല സിനിമയിലും ജാതിയില്‍ അധിഷ്ഠിതമായ വംശീയ അധിക്ഷേപങ്ങള്‍ നടത്തുന്നത് നാം കണ്ടിരുന്നിട്ടുണ്ട്. സാഹിത്യമെന്നാല്‍ ദന്തഗോപുരങ്ങളിലിരുന്ന് എഴുതുന്നവരുടെ എന്ന ധാരണ നാം ഏറെക്കുറെ സമ്മതിച്ച മട്ടുതന്നെയാണ്. കലയും സാഹിത്യവും തെരുവില്‍ ജനിച്ചെങ്കിലും കേരളത്തിലതിനെ നെഞ്ചോടു ചേര്‍ത്തു പുല്‍കിയത് ജാതി പ്രിവിലേജ് ഉള്ള സാംസ്‌കാരിക നായകര്‍ തന്നെയാണ് അതുകൊണ്ടുതന്നെ ഒരു ദളിത് വിഷയത്തെ അഭിസംബോധന ചെയ്യാന്‍ മിക്കപ്പോഴും സാംസ്‌കാരിക കേരളം കൂട്ടുപിടിക്കുന്ന വരികള്‍ “”ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍”” എന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വരികളാണ്.

“ആഴ്വാഞ്ചേരി തമ്പ്രാക്കളിലുണ്ടയ്യന്‍പുലയനിലുമുണ്ട് അതിന്‍ ബഹിര്‍സ്ഫുരണം” എന്ന് സ്നേഹത്തെപ്പറ്റി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പറയുമ്പോഴാണ് കേരളത്തിന് കൂടുതല്‍ വ്യക്തത ലഭിക്കുക. നിലവിളക്കും ചന്ദനവും കിണ്ടിയും പൂണൂലുമൊക്കെ സൃഷ്ടിച്ച വള്ളുവനാടന്‍ ഭാഷ ചേര്‍ന്ന നിളയുടെ സൗന്ദര്യത്തില്‍ അതിമനോഹരമായി സാഹിത്യത്തില്‍ കൂടി കടത്തിവിട്ടത് സ്ലോ പോയിസനായ ജാതി തന്നെയായിരുന്നു.
മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ സര്‍വ്വം സഹയായ ഗംഗ, നിരവധി കഴിവുകള്‍ പുറത്തെടുക്കാന്‍ പറ്റാതെ നാഗവല്ലിയായി മാറുന്ന ദുര്‍ഗ്ഗാ ഫെമിനിസത്തിനപ്പുറം വായനാ അവബോധത്തോടെയുള്ള ചെറുത്തുനില്‍പ്പുകളുടെ രാഷ്ട്രീയത്തെ സാഹിത്യനായകര്‍ക്കും ഉള്‍ക്കൊള്ളാനാവാതെ വരുന്നു എന്നതിനുദാഹരണമാണ് അലീനയുടെ ചെറുത്തുനില്‍പ്.
എം.ജി.യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ അലീന സാബുവിനെ (അലീന ആകാശമിഠായി) നോക്കി കറന്റു പോയപ്പോള്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ സുഭാഷ് ചന്ദ്രന്‍ തിരൂരിലെ മാതൃഭൂമി സാഹിത്യ ക്യാമ്പില്‍ വെച്ച് നടത്തിയ പ്രസ്താവന അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ( പ്രസ്തുത എഴുത്തുകാരന് 2010 ലെ “മനുഷ്യനൊരാമുഖം” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. ഈ നോവലിനു തന്നെ ഓടക്കുഴല്‍ പുരസ്‌ക്കാരം ലഭിച്ച അദ്ദേഹത്തിന് മികച്ച നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിരുന്നു.) അലീന സ്വയം പരിചയപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴാണ് കറന്റുപോയത്. തൊട്ടടുത്തിരുന്നവര്‍ ഫോണ്‍ ഫ്ളാഷ് ഓണാക്കി. ഇവിടെയുള്ള മുഴുവന്‍ പേര് ടോര്‍ച്ചടിച്ചാലും അവളെ കാണാന്‍ പറ്റൂല എന്ന അദ്ദേഹത്തിന്റെ “നിര്‍ദോഷ കമന്റ്” അവിടെ കൂട്ടച്ചിരി പരത്തിയെന്ന് തന്റെ എഫ്.ബി. പോസ്റ്റില്‍ക്കൂടി അലീന വ്യക്തമാക്കി.

സംഭവം വൈറലായപ്പോള്‍ നിഷേധിക്കുവാന്‍ അദ്ദേഹം മുതിര്‍ന്നില്ല. പകരം പാവം കുട്ടി ആ തമാശ സങ്കടപ്പെടുത്തുമെന്ന് അവളേക്കാള്‍ കറുത്ത ഒരു പെങ്ങളുള്ള ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം ഒരു വാട്സ് ആപ് മെസേജില്‍ പറഞ്ഞതും പുറത്തുവന്നിരുന്നു. അവിടെയും താന്‍ ചെയ്തതിലെ തെറ്റ് അദ്ദേഹം മനസ്സിലാക്കുന്നില്ല പകരം അലീനയെ അപകര്‍ഷതാബോധത്തിന്റെ ചട്ടക്കൂട്ടില്‍ നിര്‍ത്തുവാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അല്പം കൂടി കടന്നപ്പോള്‍ കുട്ടിക്ക് ഞാന്‍ നേരത്തെ പ്രിയപ്പെട്ടവനായിരുന്നു ഇപ്പോഴാണ് വെറുക്കപ്പെട്ടവനായത് എന്ന തരത്തിലുള്ള പ്രസ്താവനകളും വന്നിരുന്നു.
ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപംകൊള്ളുന്നത് പലതരത്തിലുള്ള വായനകളും സംവാദങ്ങളും അറിവുകളും കൂടിച്ചേര്‍ന്നാണ്. മാതൃഭൂമി സാഹിത്യക്യാമ്പില്‍വെച്ചു നടന്ന വംശീയ അധിക്ഷേപത്തില്‍ അന്ന് പരാതി പറയാതിരുന്ന അലീന പില്‍ക്കാലത്ത് രാഷ്ട്രീയപരമായി ശക്തമായ നിലപാടിലേക്ക് സ്ത്രീവാദത്തിന്റെ വ്യക്തമായ സാധ്യതയിലേക്ക് ഭയമില്ലായ്കയുടെ ചോദ്യം ചെയ്യലുകളിലേക്ക് വളര്‍ന്നത് സുഭാഷ് ചന്ദ്രനെപ്പോലെയുള്ളവര്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല, അറിഞ്ഞത് ദഹിക്കാനുമായില്ല. ഞാനാണ് രക്ഷകന്‍ ഭാവമാണ് വാക്കുകള്‍കൊണ്ട് ഇരയാക്കപ്പെട്ട വ്യക്തിയോട് എഴുത്തുകാരന്‍ കാണിക്കുന്ന ദയ. അത്തരം ദയ പ്രത്യേകിച്ചൊരു ജ്ഞാനവ്യവഹാരവും ഉത്പാദിപ്പിക്കുന്നില്ല എന്നുള്ള ബോധത്തിലേക്ക് കടന്നുവന്ന കരുത്തയായ ദളിത് പെണ്‍കുട്ടിയുടെ നിലപാടിനെ എത്രയോ നിസ്സാരമയാണ് സുഭാഷ് ചന്ദ്രനും അദ്ദേഹത്തിന്റെ ആരാധകരും നേരിട്ടത്. കേരളത്തില്‍ ഒരു തമാശ പറയുമ്പോഴും ജാതി കടത്തുന്ന വര്‍ഗ്ഗീയത ദളിത് വിഭാഗക്കാരില്‍ ഉണ്ടെന്നാണ് സുഭാഷ് ചന്ദ്രന്റെ ആരാധകപക്ഷം സമര്‍ത്ഥിച്ചത്.
കോട്ടയത്ത് കെവിന്‍ മരണപ്പെട്ടപ്പോള്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കാന്‍ എത്തിയ പ്രബല പാര്‍ട്ടിയിലൊരു വിഭാഗം മുദ്രാവാക്യമുയര്‍ത്തിയത് ഷാജഹാന്റെയും മുംതാസിന്റെയും നാട്ടില്‍, കാഞ്ചനമാലയുടെയും മൊയ്തീന്റെയും നാട്ടില്‍ കെവിനും നീനുവിനും നീതിയില്ലേ സര്‍ക്കാരേ എന്നായിരുന്നു. മറ്റൊരു വിഭാഗം ഉയര്‍ത്തിയ മുദ്രാവാക്യം പാവപ്പെട്ടവനെന്തേ പറയൂ പണക്കാരെ പ്രേമിച്ചൂടെ പറയു പറയൂ സര്‍ക്കാരേ എന്നായിരുന്നു. പാവപ്പെട്ടവരുടെയും, പ്രണയപ്പെട്ടവരുടെയും ഇടയില്‍ ഞെരിഞ്ഞില്ലാതായത് യഥാര്‍ത്ഥ വിഷയമായ ജാതി എന്ന യാഥാര്‍ത്ഥ്യമായിരുന്നു. അവര്‍ക്കിടയിലേക്കു കയറിവന്ന ദളിത് പ്രവര്‍ത്തകരാണ് ജാതി എന്ന വിഷയത്തെ യഥാര്‍ത്ഥത്തില്‍ അഡ്രസ് ചെയ്തതും സമൂഹത്തെ അറിയിച്ചതും.

അധിക്ഷേപിക്കുമ്പോള്‍ കറുപ്പ് എന്ന നിറത്തെ ഉപയോഗിക്കുന്നത് സാമാന്യവല്‍ക്കരിക്കുന്നവര്‍ തന്നെയാണ്. ഒരു വിഷയം കടന്നുവരുമ്പോള്‍ അതില്‍ അടങ്ങിയ ജാതിയെ അഭിസംബോധന ചെയ്ത് ദളിത് സമൂഹം സംസാരിക്കുമ്പോള്‍ പ്രതിരോധിക്കുവാന്‍ ആദ്യം ഓടിയെത്തുന്നതും. “”എള്ളിന്‍ കറുപ്പ് പുറത്താണ് ഉള്ളിന്റെയുള്ള് തുടുത്താണ്”” എന്ന് മലയാളിയെ പാടി പഠിപ്പിച്ചവരുടെ ഊട്ടിയുറപ്പിക്കലില്‍ പുറന്തള്ളപ്പെടുന്നത് കറുപ്പെന്ന നിറമാണ് കറുത്ത നിറത്തോടുകൂടിയ ജനവിഭാഗങ്ങളാണ്. കരിക്കട്ടപോലെ കറുത്ത പെണ്ണ് ഉപഭോക്തൃ സംസ്‌കാരത്തിന്റെ ഇടങ്ങളിലെല്ലാം അഴകളവുകളില്ലാത്ത വികൃതയായി മാറുന്നതില്‍ സിനിമാ സംഗീതം, വരേണ്യ സാഹിത്യം എന്നിവര്‍ ചമച്ചുകൊടുത്ത ഭാഷ്യത്തിന് കൃത്യമായ പങ്കുണ്ട്.
മാധ്യമങ്ങള്‍ വംശീയമായോ ജാതീയമായോ അധിക്ഷേപിക്കുന്നില്ലെങ്കിലും പരോക്ഷമായി വരേണ്യഭാഷയില്‍ക്കൂടി സവര്‍ണ്ണതയെ ഊട്ടിയുറപ്പിക്കുമ്പോള്‍ ജാതിയുടെ കോമണ്‍ ബാലന്‍സില്‍ താഴ്ന്നുപോകുന്നത് ജാതി പ്രിവിലേജില്ലാത്ത ജനതയാണ്. ഡത്ത് എന്ന് മരണത്തെ വിശേഷിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷ കൊലപാതകത്തെ അഭിസംബോധന ചെയ്യുവാന്‍ മര്‍ഡര്‍ എന്ന വാക്ക് ഉപയോഗിക്കുന്നു. രാഷ്ട്രീയ പ്രമുഖര്‍ കൊല ചെയ്യപ്പെടുമ്പോള്‍ അത് അസ്സാസിനേഷന്‍ ആയി മാറുന്നു. ഭാഷയുടെ വ്യത്യസ്ത പ്രയോഗങ്ങള്‍കൊണ്ടുതന്നെ മരണത്തിന്റെ കാഠിന്യത ഓരോ ഘട്ടത്തിലും എങ്ങനെയെന്ന് ഊട്ടിയുറപ്പിക്കുവാന്‍ ഇംഗ്ലീഷ് ഭാഷയ്ക്കു കഴിയുമ്പോള്‍ എന്തിനും ഏതിനും പാശ്ചാത്യരിലേക്കു നോക്കിക്കൊണ്ടിരിക്കുന്ന നാം മരണത്തിലും ഫ്യൂഡലിസ്റ്റ് അവശേഷിപ്പുകളില്‍ കടിച്ചുതൂങ്ങിക്കൊണ്ടിക്കുന്നു.
നാടുനീങ്ങുക, ദിവംഗതനാവുക, തീപ്പെടുക തുടങ്ങിയ വാക്കുകളിലൂടെ മരണത്തെത്തന്നെ ഔന്നത്യവത്ക്കരിക്കുവാന്‍ ഭാഷയുടെ അധീശത്വ പ്രയോഗങ്ങള്‍ക്കു സാധിക്കുന്നു. പരോക്ഷമായി മാധ്യമങ്ങള്‍ നടത്തുന്നത് ഒരുതരത്തിലുള്ള ജാതിവംശീയ അധിക്ഷേപങ്ങള്‍ തന്നെയാണ്. പീഡിപ്പിച്ചു കൊല്ലുവാനും, അജ്ഞാത മൃതദേഹങ്ങളാകുവാനും, നിര്യാതരാകുവാനും ഒരുവിഭാഗം ജനങ്ങളുള്ളപ്പോള്‍ ദിവംഗതരാകുവാനും തീപ്പെടുവാനും മറ്റൊരു സമൂഹം തന്നെ കേരളത്തിലുണ്ട്.

സൗരവ് ഗാംഗുലിയിലെ മികച്ച കളിക്കാരനെ പുറത്തെടുക്കണമെങ്കില്‍ ബംഗാളിന്റെ ചക്രവര്‍ത്തി എന്ന രാജപട്ടം ചാര്‍ത്തിക്കൊടുത്താലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് തൃപ്തിയാകൂ. രജപുത്ര രക്തം വഴിഞ്ഞൊഴുകുന്ന മേവാറിന്റെ വിരിമാറിലൂടെ എന്നെഴുതിയാലേ രാജസ്ഥാനെ പൂര്‍ണ്ണമായി അടയാളപ്പെടുത്തുവാന്‍ മാധ്യമഭാഷയ്ക്കു സാധിക്കൂ. അനന്തപുരിയുടെ വിരിമാറിലൂടെ, ശ്രീപത്മനാഭന്റെ നാട്ടിലൂടെ എന്നൊക്കെ തിരുവനന്തപുരത്തെ വര്‍ണ്ണിക്കുമ്പോള്‍ റദ്ദ് ചെയ്യപ്പെടുന്നത് അനന്തന്‍കാട് എന്ന് തിരുവനന്തപുരത്തിന്റെ തദ്ദേശ ജനതയെയാണ്. ജാതി അധിക്ഷേപങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രകടമായും പ്രകടമല്ലാതെയും കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും കാണാവുന്നതാണ്.
കോട്ടയത്തെ കെവിന്റെ കൊലപാതകം ദുരഭിമാനകൊലയാകുന്നതിലെ അപകടം വ്യക്തമാകുന്നത് അതിനെ ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്യുമ്പോള്‍ ഓണര്‍ കില്ലിംഗ് ആയി മാറുന്നിടത്താണ്. കാസ്റ്റ് ബേസ്ഡ് മര്‍ഡര്‍ (caste based murder ) ആവുമ്പോഴേ അത് ജാതിക്കൊലയായി മാറുന്നുള്ളൂ. അതിന്റെ ഗൗരവം സമൂഹത്തില്‍ കൃത്യമായി എത്തണമെങ്കില്‍ ജാതിക്കൊല എന്നുള്ള യാഥാര്‍ത്ഥ്യം വെളിയില്‍വരേണ്ടതുതന്നെയാണ്. പരോക്ഷമായി മാധ്യമങ്ങള്‍ നടത്തുന്ന Honour Killing പ്രയോഗങ്ങള്‍ ഒരു തരത്തിലുള്ള ജാതി അധിക്ഷേപം തന്നെയാണ്.
കുറച്ചുവിശാലമായ കണ്ണുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അത് കണ്ടെത്താനാവുകയുള്ളൂ എന്നു മാത്രം. വര്‍ക്കല ജാതിക്കുളം വിഷയമുണ്ടായപ്പോള്‍ അതിലെവിടെയാണ് ജാതി അത് കേവലം സ്ത്രീകള്‍ക്കിടയിലുണ്ടായ ഒരു തര്‍ക്കം മാത്രമയിരുന്നു എന്നു ന്യൂനീകരിച്ച ജനപ്രതിനിധിമാരുള്ള നാട്ടില്‍ ജാതിവിരുദ്ധതയോടൊപ്പം സ്ത്രീ വിരുദ്ധതയും നടമാടുന്നു എന്നുള്ളത് ഓര്‍ക്കേണ്ടതാണ്.

നോര്‍വെയുടെ അമ്മ എന്നു വിളിക്കപ്പെട്ട ഗ്രോ ഹാര്‍ലെ ബ്രണ്ട്ലാന്റിന്റെ ക്യാബിനറ്റിലെ പകുതിയിലധികം മന്ത്രിസഭാംഗങ്ങളും സ്ത്രീകളായിരുന്നു. സ്ത്രീപക്ഷത്തുനിന്നു പരിസ്ഥിതിയുടെ രാഷ്ട്രീയം പറയാന്‍ ആ കാബിനിറ്റിനു കഴിഞ്ഞിട്ടുണ്ട്. ഫെമിനിസം, രാഷ്ട്രീയം, പരിസ്ഥിതി എന്നിവയില്‍ പുതുവായന നടത്തിയ ബ്രണ്ട്ലാന്റ് ഐക്യ രാഷ്ട്രസഭയുടെ പാരിസ്ഥിതിക അവബോധത്തിന്റെ അംബാസിഡര്‍ ആവുകയും ചെയ്തു.
ലോകത്തിന്റെ തന്നെ ഇത്തരം സ്ത്രീമുന്നേറ്റങ്ങളെ, ഫെമിനൈന്‍ അവബോധത്തെ ഒക്കെ തള്ളിക്കളഞ്ഞതുകൊണ്ടാണ് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സാഹിത്യ സമൂഹം കേവലം ജാതി അധിക്ഷേപങ്ങളില്‍, വംശീയ അധിക്ഷേപങ്ങളില്‍ ദളിത് സ്ത്രീ കരുത്തുകളുടെ ചെറുത്തുനില്‍പ്പുകളെ നേരിടുന്നത്. ജനപ്രതിനിധി പി.സി. ജോര്‍ജ്ജ് അപമാനിച്ചത് ഒരു ജനതയോടൊപ്പം ഒരു സ്ത്രീയുടെ മാനത്തെക്കൂടിയായിരുന്നു. അതിലദ്ദേഹത്തിന് മനസ്താപമില്ലായെന്നുള്ളത് കേരളത്തിന്റെ ബഹുഭൂരിപക്ഷത്തിനും മനസ്താപമില്ല എന്നുള്ളതിന്റെ തെളിവാണ്.
