തിരുവനന്തപുരം: ജാതി വിവേചനത്തിന്റെ പേരില്‍ രാജിവെച്ച് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു എ.പി. എസ്.സി വിഭാഗക്കാരനായതിനാല്‍ പാര്‍ട്ടിയില്‍ പരിഗണനയില്ലെന്നും നേതൃത്വം മാനസികമായി ഒറ്റപ്പെടുത്തിയെന്നും ആരോപിച്ചാണ് വിഷ്ണു രാജിവെച്ചത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനാണ് വിഷ്ണു രാജിക്കത്ത് നല്‍കിയത്. പാര്‍ട്ടിയില്‍ പരിഗണന വേണമെങ്കില്‍ ഉന്നതകുലജാതിയില്‍ ജനിക്കണമെന്നും എസ്.ഡി.പി.ഐ പോലുള്ള വര്‍ഗീയശക്തികളുടെ അടിമത്വത്തിലാണ് കോണ്‍ഗ്രസെന്നും രാജിക്കത്തിലൂടെ വിഷ്ണു വിമര്‍ശിച്ചു.
കഴിഞ്ഞകാലങ്ങളില്‍ താന്‍ അനുഭവിക്കേണ്ടി വന്ന അവഗണനയും ഒറ്റപ്പെടലും വളരെ വലുതാണെന്നും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ബലിയാടാണ് താനെന്നും രാജിക്കത്തില്‍ വിഷ്ണു പറഞ്ഞു.
താനൊരു എസ്.സി സമുദായത്തില്‍ പെടുന്ന ആളായത് കൊണ്ട് നാളിതുവരെ യാതൊരു പരിപാടിയിലും തന്നെ സഹകരിപ്പിക്കുകയോ പരിപാടികള്‍ അറിയിക്കുകയോ ചെയ്യാറില്ലെന്നും അദ്ദേഹം ആരോപിച്ചു.
നേതൃത്വം തന്നെ മാനസികമായി വേദനിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുകയാണെന്നും വിഷ്ണു രാജിക്കത്തില്‍ പറഞ്ഞു. ഒരു ഇന്ത്യക്കാരന്‍ എന്നത് പോലെ തന്നെ കോണ്‍ഗ്രസുകാരന്‍ എന്നതില്‍ അഭിമാനിച്ചിരുന്ന തനിക്ക് ഈ പ്രസ്ഥാനത്തില്‍ തുടരുവാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.
2011ല്‍ എസ്.എന്‍ കോളേജില്‍ യൂണിറ്റ് പ്രസിഡന്റായി വന്ന് പിന്നീട് സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ആളാണ് വിഷ്ണു എ.പി. ശേഷം യൂത്ത് കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് ആവുകയായിരുന്നു.
Content Highlight: Caste discrimination; Youth Congress Thiruvananthapuram district vice president Vishnu AP resigns