കൊച്ചി: ആന്‍ജിയോപ്ലാസ്റ്റി ആവശ്യമില്ലാത്തവര്‍ക്ക് പോലും ചെയ്യുന്ന അവസ്ഥയ്‌ക്കെതിരെ കാംപെയ്ന്‍ നടത്തണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ഹൃദ്രോഗവിദഗ്ധന്‍ ഡോക്ടര്‍ ജോ ജോസഫ്.

കോഴിക്കോട് നടന്ന ഒരു പൊതുപരിപാടിയിലാണ് പത്ത് ആന്‍ജിയോപ്ലാസ്റ്റി ചെയ്താല്‍ രണ്ടെണ്ണത്തിന്റെ കാശ് ഡോക്ടര്‍ക്ക് കിട്ടുമെന്നും അതുകൊണ്ട് രോഗി വന്നിരിക്കുമ്പോഴേക്കും ആന്‍ജിയോപ്ലാസ്റ്റി നിര്‍ദേശിക്കുമെന്നും പറഞ്ഞത്. വീടിന്റെ ആധാരം വരെ പണയം വെച്ച് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുമെന്നും രണ്ടാമതൊരു അഭിപ്രായം പോലും എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇതിനോട് പ്രതികരിച്ചാണ് ഹൃദ്രോഗവിദഗ്ധന്‍ ഡോക്ടര്‍ ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

ആന്‍ജിയോപ്ലാസ്റ്റിയുടെയും അതിനുപയോഗിക്കുന്ന കൊറോണറി സ്‌റ്റെന്റിനെയും കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയുള്ളതിനാല്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കാനുണ്ട് എന്നുപറഞ്ഞാണ് ഡോക്ടറുടെ കുറിപ്പ് തുടങ്ങുന്നത്.

സ്‌റ്റെന്റുകളുടെ വിലയെപ്പറ്റിയാണ് ഡോക്ടര്‍ ആദ്യം പറയുന്നത്. ഇന്ത്യയില്‍ കൊറോണറി സ്റ്റെന്റകളുടെ പരമാവധി വില നിശ്ചയിക്കുന്നത് ആശുപത്രികളോ ഡോക്ടര്‍മാരോ അല്ലെന്നും അത് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി(NPPA) ആണെന്നും പറയുന്നു.

2026 ഏപ്രില്‍ മുതല്‍ ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്റ്(മരുന്ന് പുറത്തുവിടുന്ന സ്റ്റെന്റ്) ന്റെ പരമാവധി വില 39186.03 ആണെന്നും ഒരു സ്റ്റെന്റിന്റെ വില് 1.20 ലക്ഷം ആണ് എന്ന തരത്തിലുള്ള പ്രസ്താവന ഇതുമായി പൊരുത്തപ്പെടുന്നതല്ലെന്നും ഡോക്ടര്‍ പറയുന്നു.

ഡോക്ടര്‍ ജോ ജോസഫ് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന വിഷയം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമില്ലാത്തവര്‍ക്കും അത് നിര്‍ബന്ധിച്ച് ചെയ്യിക്കുന്നു എന്ന പരാമര്‍ശമാണ്.

ആന്‍ജിയോപ്ലാസ്റ്റി എല്ലാ രോഗികള്‍ക്കും ആവശ്യമുള്ള ചികിത്സയല്ലെന്നും എല്ലാ ആന്‍ജിയോപ്ലാസ്റ്റികളും ഒരേ സാഹചര്യത്തില്‍ ചെയ്യുന്നവയല്ലെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. സ്റ്റേബിള്‍ കൊറോണറി ആര്‍ട്ടറി ഡിസീസ് ഉള്ള ചില രോഗികളില്‍ മരുന്ന് ചികിത്സ, കൂടുതല്‍ പരിശോധന, ഫിസിയോളജി അസസ്‌മെന്റ്, സെക്കന്റ് ഒപ്പീനിയന്‍ എന്നിവയ്ക്കുള്ള സമയമുണ്ടായേക്കാം എന്നും അവിടെ വ്യക്തമായ ക്ലിനിക്കല്‍ ജഡ്ജ്‌മെന്റ് ആവശ്യമാണെന്നും ഡോക്ടര്‍ പറയുന്നു.

എന്നാല്‍ അക്യൂട്ട് മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍ (തീവ്രമായ ഹൃദയാഘാതം) സംഭവിക്കുമ്പോള്‍ സ്ഥിതി പൂര്‍ണമായും വ്യത്യസ്തമാണെന്നും അടഞ്ഞ രക്തധമനി എത്രയും വേഗം തുറന്ന് രക്തപ്രവാഹം പുനസ്ഥാപിക്കുകയാണഅ ചികിത്സയുടെ പ്രധാന ലക്ഷ്യമെന്ന് ഡോക്ടര്‍ പറയുന്നു.

ചികിത്സ വൈകുന്നത് കൂടുതല്‍ രക്തപേശി നഷ്ടപ്പെടാന്‍ ഇടയാകുന്നത് കൊണ്ടാണ് ടൈം ഈസ് മസില്‍(സമയം പേശിയാണ്) എന്നു പറയുന്നതെന്നും കുറിപ്പില്‍ പറയുന്നു.

എ.സി.എസ് ക്വിക്ക് പഠനത്തില്‍ ലക്ഷണങ്ങള്‍ ആരംഭിക്കുന്നത് മുതല്‍ ആശുപത്രിയിലെത്തുന്നത് വരെയുള്ള ശരാശരി സമയം പുരുഷന്മാരില്‍ 238 മിനിറ്റും സ്ത്രീകളില്‍ 300 മിനിറ്റുമാണെന്നും ഇതില്‍ സ്ത്രീകള്‍ക്ക് അടിയന്തര ആന്‍ജിയോപ്ലാസ്റ്റി ചികിത്സ ലഭിക്കുന്നതും താരതമ്യേന കുറവാണെന്നും കുറിപ്പില്‍ പറയുന്നു.

അതിനാല്‍ ഹൃദയാഘാതം സംഭവിച്ച ഒരാള്‍ക്ക് അടിയന്തര പ്രാഥമിക ആന്‍ജിയോപ്ലാസ്റ്റി നിര്‍ശേക്കപ്പെട്ടിട്ടും അത് ശരിക്കും ആവശ്യമാണോ എന്ന സംശയം മൂലം ചികിത്സ വൈകിപ്പിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുമെന്ന് ഡോക്ടര്‍ പറയുന്നു.

ഇതിനൊപ്പം തന്നെ ഒരു കാര്‍ഡിയോളജിസ്‌റ്റോ ആശുപത്രിയോ മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമായി അനാവശ്യമായ ചികിത്സ നടത്തുന്നു എന്ന വ്യക്തമായ പരാതി ഉണ്ടെങ്കില്‍ നടപടി എടുക്കണമെന്നും ഇക്കാര്യത്തില്‍ കാര്‍ഡിയോളജി സമൂഹത്തിന് എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

പക്ഷേ, ചിലരുടെ തെറ്റായ പ്രവര്‍ത്തനമോ അത് സംബന്ധിച്ച ആരോപണങ്ങളോ മുഴുവന്‍ കാര്‍ഡിയോളജി സമൂഹത്തെയും സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിലുള്ള പൊതുവായ പ്രസ്താവനകള്‍ക്ക് ഇടയാക്കുമ്പോള്‍ അത് ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം തകരാന്‍ ഇടയാക്കുന്നുവെന്ന് ഡോക്ടര്‍ ജോ ജോസഫ് പറയുന്നു.

കേരളത്തിന്റെ ആരോഗ്യ നിലവാരം ഉയര്‍ത്തുന്നതില്‍ കാര്‍ഡിയാക് കെയര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അതിന് പിന്നില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുടെ അധ്വാനമുണ്ടെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയും അനാവശ്യഭയവും സൃഷ്ടിക്കാനിടയുള്ള ഭാഗങ്ങളില്‍ വ്യക്തത വരുത്തുകയോ തിരുത്തുകയോ ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് കൊണ്ടാണ് ഡോക്ടര്‍ ജോ ജോസഫ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു ഹൃദ്രോഗ വിദഗ്ധന്‍ എന്ന നിലയില്‍ ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത്.
കോഴിക്കോട് നടന്ന ഒരു പൊതുപരിപാടിയില്‍ കേരള മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശന്‍ ആന്‍ജിയോപ്ലാസ്റ്റിയെയും അതില്‍ ഉപയോഗിക്കുന്ന coronary stent കളെയും കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയുള്ളതിനാല്‍, ചില വസ്തുതകള്‍ വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്.

ആദ്യമായി, coronary കൊറോണറി സ്‌റ്റെന്റുകളുടെ വിലയെക്കുറിച്ചുള്ള പരാമര്‍ശം.
ഇന്ത്യയില്‍ കൊറോണറി സ്‌റ്റെന്റുകളുടെ ceiling price ആശുപത്രികളോ ഡോക്ടര്‍മാരോ തീരുമാനിക്കുന്നതല്ല. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള National Pharmaceutical Pricing Authortiy — NPPA — ആണ് വില നിശ്ചയിക്കുന്നത്.

2026 ഏപ്രില്‍ 1 മുതല്‍ Drug-Eluting Stent-IfpsS ceiling price ?39,186.03 ആണ്. അതുകൊണ്ട് ഒരു stent-ന്റെ വില ?1.20 ലക്ഷം എന്ന തരത്തിലുള്ള പ്രസ്താവന നിലവിലുള്ള ഔദ്യോഗിക വിലയുമായി പൊരുത്തപ്പെടുന്നില്ല.
രണ്ടാമത്തെയും അതിലേറെ പ്രധാനപ്പെട്ടതുമായ വിഷയം, angioplasty ആവശ്യമില്ലാത്ത രോഗികള്‍ക്കും അത് വ്യാപകമായി നിര്‍ബന്ധിച്ച് ചെയ്യിക്കുന്നു എന്ന ധാരണ സൃഷ്ടിക്കുന്ന പരാമര്‍ശമാണ്.

Angioplasty എല്ലാ രോഗികള്‍ക്കും ആവശ്യമുള്ള ചികിത്സയല്ല. അതുപോലെ എല്ലാ angioplasty-കളും ഒരേ clinical സാഹചര്യത്തില്‍ ചെയ്യുന്നവയുമല്ല.Stable coronary artery disease ഉള്ള ചില രോഗികളില്‍ മരുന്ന് ചികിത്സ, കൂടുതല്‍ പരിശോധന, physiology assessment, second opinion എന്നിവയ്ക്കുള്ള സമയം ഉണ്ടായേക്കാം. അവിടെ വ്യക്തമായ clinical judgement ആവശ്യമാണ്.

 

എന്നാല്‍ acute myocardial infarction, പ്രത്യേകിച്ച് STEMI പോലുള്ള സാഹചര്യങ്ങളില്‍ സ്ഥിതി പൂര്‍ണ്ണമായും വ്യത്യസ്തമാണ്. അടഞ്ഞ കൊറോണറി രക്തധമനി എത്രയും വേഗം തുറന്ന് രക്തപ്രവാഹം പുനഃസ്ഥാപിക്കുകയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടാണ് ‘Time is Muscle’ എന്ന് പറയുന്നത്. ചികിത്സ വൈകുന്ന ഓരോ നിമിഷവും കൂടുതല്‍ ഹൃദയപേശി നഷ്ടപ്പെടാന്‍ ഇടയാക്കാം.

കേരളത്തില്‍ നിലവില്‍ തന്നെ ഹാര്‍ട്ട് അറ്റാക്കിന് ശേഷം രോഗികള്‍ ആശുപത്രിയിലെത്തുന്നതില്‍ ഗണ്യമായ താമസം ഉണ്ടെന്ന് പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്. ACS QUIK പഠനത്തില്‍s ymptom onset മുതല്‍ hospital presentation വരെ median സമയം പുരുഷന്മാരില്‍ 238 മിനിറ്റും സ്ത്രീകളില്‍ 300 മിനിറ്റുമായിരുന്നു. സ്ത്രീകള്‍ക്ക് primary PCI ലഭിക്കുന്നതും താരതമ്യേന കുറവായിരുന്നു.

 

ഈ സാഹചര്യത്തില്‍ ‘angioplasty ആവശ്യമില്ലാതെയും ചെയ്യപ്പെടുന്നു’ എന്നൊരു പൊതുവായ സന്ദേശം രോഗികളുടെ മനസ്സില്‍ സംശയം സൃഷ്ടിച്ചാല്‍ അതിന് അപകടകരമായ പ്രത്യാഘാതം ഉണ്ടാകാം. ഹൃദയാഘാതം സംഭവിച്ച ഒരാള്‍ അടിയന്തര primary angioplasty നിര്‍ദ്ദേശിക്കപ്പെട്ടിട്ടും ‘ഇത് ശരിക്കും ആവശ്യമാണോ?’ എന്ന് സംശയിച്ച് ചികിത്സ വൈകിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്.

അതേസമയം മറ്റൊരു കാര്യവും വ്യക്തമായി പറയണം. ഒരു cardiologist-Hm ആശുപത്രിയോ medical ethicsന് വിരുദ്ധമായി അനാവശ്യമായ procedure നടത്തുന്നു എന്ന വ്യക്തമായ പരാതി ഉണ്ടെങ്കില്‍, അത് അന്വേഷിക്കണം. Audit നടത്തണം. തെളിവുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കണം. അതില്‍ cardiology സമൂഹത്തിനും എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല.

 

പക്ഷേ ചിലരുടെ തെറ്റായ പ്രവര്‍ത്തനമോ അത് സംബന്ധിച്ച ആരോപണങ്ങളോ മുഴുവന്‍ cardiology സമൂഹത്തെയും സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിലുള്ള പൊതുവായ പ്രസ്താവനകള്‍ക്ക് ഇടയാക്കുമ്പോള്‍ അത് വലിയൊരു അപകടം സൃഷ്ടിക്കുന്നു — രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം തകരാന്‍ ഇടയാക്കുന്നു.

കേരളത്തിന്റെ ആരോഗ്യനിലവാരം ഉയര്‍ത്തുന്നതില്‍ cardiac care വലിയ പങ്കുവഹിച്ചിട്ടുണ്ട്. Emergency cardiology, coronary care units, cath labs, primary angioplasty , cardiac surgery, heart failure care എന്നിവ അനവധി ജീവനുകള്‍ രക്ഷിച്ചിട്ടുണ്ട്. അതിന് പിന്നില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ അധ്വാനമുണ്ട്.

 

അനാവശ്യ angioplasty ഉണ്ടെങ്കില്‍ അത് തടയണം.
ആവശ്യമായ angioplasty വൈകാതെയും ഉറപ്പാക്കണം.
ഈ രണ്ടു ലക്ഷ്യങ്ങളും ഒരേസമയം സംരക്ഷിക്കുകയാണ് ഉത്തരവാദിത്തമുള്ള പൊതുജനാരോഗ്യ സമീപനം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവന പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയും, പ്രത്യേകിച്ച് acute heart attack ചികിത്സയെക്കുറിച്ച് അനാവശ്യ ഭയവും സൃഷ്ടിക്കാനിടയുള്ള ഭാഗങ്ങളില്‍ വ്യക്തത വരുത്തുകയോ തിരുത്തുകയോ ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Content Highlight: Cardiologist Dr Jo Joseph says CM VD Satheesan’s statement on unwanted angioplasties could create misudnerstanding among public.