ന്യൂദൽഹി: ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകി കച്ചവടമുറപ്പിക്കുന്ന മരുന്ന് കമ്പനികളെ നിയന്ത്രിക്കാൻ സുപ്രീംകോടതി ഇടപെടൽ.

മരുന്ന് കമ്പനികളും ഡോക്ടർമാരും തമ്മിലുള്ള അധാർമികബന്ധം തടയാൻ നിയമപരമായ ചട്ടക്കൂടിന് ഒരു സമിതിയെ നിയോഗിക്കാൻ കോടതി കേന്ദ്രസർക്കാരിനോട് ഉത്തരവിട്ടു.

ലഭിക്കുന്ന ശുപാർശകൾ പരിശോധിച്ച് അത് കേന്ദ്രസർക്കാരിന് സമിതി കൈമാറുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. സൗജന്യം പറ്റി ഡോക്ടർമാർ മരുന്നുകമ്പനികളെ സഹായിക്കാൻ കുറിപ്പടി നൽകുന്നതടക്കം ചോദ്യം ചെയ്തുള്ള ഹരജിയിലാണിത്.

ഡോക്ടർമാരെ സ്വാധീനിച്ച് അനാവശ്യമായി കൂടുതൽ മരുന്നുകൾ എഴുതിക്കുന്നത് ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ റെപ്രസന്റേറ്റീവുമാരുടെ സംഘടനയാണ് ഹരജി നൽകിയത്.

അധാർമിക മരുന്ന് വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സമിതി പരിശോധിക്കണം. ഹരജിക്കാരടക്കം ആർക്കും ശുപാർശ നൽകാം. 2027 ജനുവരി 27-നുള്ളിൽ ഉത്തരവ് നടപ്പാക്കി കോടതിയെ അറിയിക്കണം.

2024-ലെ യൂണിഫോം കോഡ് ഫോർ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങ് പ്രാക്ടീസ് പ്രകാരം കമ്പനികളിൽനിന്ന് സൗജന്യം പറ്റുന്ന ഡോക്ടർമാരെ ശിക്ഷിക്കാൻ മതിയായ ചട്ടക്കൂട് നിലവിലുണ്ട്.

എന്നാൽ ആനുകൂല്യം നൽകുന്ന കമ്പനികളെ ശിക്ഷിക്കാൻ വ്യവസ്ഥയില്ല. ചട്ടം ഫലപ്രദമല്ലെന്ന് നിരീക്ഷിച്ച കോടതി പൗരന്മാരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും നേരിട്ട് ബാധിക്കുന്ന മേഖലയിൽ ചട്ടങ്ങളുടെ ശക്തമായ നടത്തിപ്പാണ് പ്രധാനമെന്ന് ഉത്തരവിൽ നിരീക്ഷിച്ചു.

കേന്ദ്രം നിയമിക്കുന്ന മൂന്നംഗസമിതി രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകുമെന്നും ഉടൻ നടപടിയുണ്ടാകുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിന് ഉറപ്പുനൽകി.

Content Highlight:Boosting sales by offering freebies to doctors: Supreme Court moves to rein in pharmaceutical companies.