വരുമാനമുള്ളത് കൊണ്ട് എനിക്ക് വിവാഹമോചനം നേടാന്‍ കഴിഞ്ഞു, സമൂഹത്തിന് ഇന്നും അത് നിഷിദ്ധമാണ്: ബോളിവുഡ് നടി ഷെഫാലി
Entertainment
വരുമാനമുള്ളത് കൊണ്ട് എനിക്ക് വിവാഹമോചനം നേടാന്‍ കഴിഞ്ഞു, സമൂഹത്തിന് ഇന്നും അത് നിഷിദ്ധമാണ്: ബോളിവുഡ് നടി ഷെഫാലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd May 2021, 10:31 pm

ന്യൂദല്‍ഹി: എല്ലാ വയലന്‍സും ശാരീരികമാകണമെന്നില്ലെന്നും മാനസിക പീഡനവും ഒരാളെ തകര്‍ത്തുകളയുമെന്നും ബോളിവുഡ് നടിയും നര്‍ത്തകിയുമായി ഷെഫാലി ജരിവാല. ടൈംസ് നൗ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആദ്യ ഭര്‍ത്താവായ സംഗീതസംവിധായകന്‍ ഹര്‍മീത് സിംഗുമായി വിവാഹമോചനം നടത്താനുള്ള കാരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഷെഫാലി.

ഭര്‍ത്താവില്‍ നിന്നും മാനസിക പീഡനം അനുഭവിച്ചിരുന്നെന്നും താന്‍ ആ വിവാഹത്തില്‍ ഒട്ടും സന്തോഷവതിയല്ലായിരുന്നെന്നും ഷെഫാലി പറഞ്ഞു. ‘നിങ്ങള്‍ ചെയ്യുന്ന ഒരു കാര്യത്തെയും അഭിനന്ദിക്കാതിരിക്കുകയും അംഗീക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അതേ കുറിച്ച് നന്നായി മനസ്സിലാക്കേണ്ടതുണ്ട്. എല്ലാ വയലന്‍സും പീഡനവും ശാരീരികമാകണമെന്നില്ല. മാനസികമായി പീഡിപ്പിക്കപ്പെടുമ്പോള്‍ അതും നിങ്ങളുടെ ജീവിതത്തിലെ സന്തോഷം മുഴുവന്‍ ഇല്ലാതാക്കും,’ ഷെഫാലി പറഞ്ഞു.

സാമ്പത്തികമായി സ്വാശ്രയത്വം നേടിയതുകൊണ്ടാണ് തനിക്ക് വിവാഹമോചനം എന്ന തീരുമാനമെടുക്കാന്‍ കഴിഞ്ഞതെന്നും നടി കൂട്ടിച്ചേര്‍ത്തു. ഞാന്‍ സ്വന്തമായി സമ്പാദിക്കുന്നുണ്ടായിരുന്നു. എനിക്ക് വരുമാനമുണ്ടായിരുന്നു. അതുകൊണ്ടാണ് വിവാഹമോചനം എന്ന തീരുമാനം നടപ്പില്ലാക്കാന്‍ കഴിഞ്ഞതെന്നും നടി പറഞ്ഞു.

‘സമൂഹം എന്ത് ചിന്തിക്കുമെന്നതാണ് ഈ രാജ്യത്തെ ഏറ്റവും വലിയ പേടി. വിവാഹമോചനം ഒരു നിഷിദ്ധമായ കാര്യമായിട്ടാണ് ഇന്നും നമ്മുടെ സമൂഹം കാണുന്നത്. പക്ഷെ ശരിയെന്ന് തോന്നുന്നത് ചെയ്യുക എന്നാണ് എന്നെ ചെറുപ്പം തൊട്ട് പഠിപ്പിച്ചിരുന്നത്. സമൂഹത്തെ കുറിച്ച് ഞാന്‍ കാര്യമായി ചിന്തിക്കാറില്ല. അതേസമയം എന്നെ പിന്തുണയ്ക്കാന്‍ ആളുകളുണ്ടായിരുന്നതുകൊണ്ടാണ് എനിക്ക് അത്രയും ശക്തമായ ഒരു തീരുമാനമെടുക്കാന്‍ കഴിഞ്ഞത്,’ ഷെഫാലി പറഞ്ഞു.

കാന്ദ ലഗാ എന്ന പാട്ടിലെ നൃത്തത്തിലൂടെയാണ് ഷെഫാലി ശ്രദ്ധ നേടുന്നത്. പിന്നീട് ഡാന്‍സ് റിയാലിറ്റി ഷോകളില്‍ മികച്ച പ്രകടനം നടത്തിയ ഷെഫാലിയെ തേടി ബോളിവുഡ് അവസരങ്ങളും തേടി വരികയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bollywood actress and dancer Shefali Jariwala about her divorce