നിങ്ങളാരായാലും പ്രത്യേകതരം ക്രൂരനായിരിക്കണം, അല്ലെങ്കില്‍ ഈ സമയത്ത് ആളുകളെ പറ്റിക്കാനിറങ്ങില്ല; കൊവിഡ് വ്യാജമരുന്നുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ ഫര്‍ഹാന്‍ അക്തര്‍
Entertainment
നിങ്ങളാരായാലും പ്രത്യേകതരം ക്രൂരനായിരിക്കണം, അല്ലെങ്കില്‍ ഈ സമയത്ത് ആളുകളെ പറ്റിക്കാനിറങ്ങില്ല; കൊവിഡ് വ്യാജമരുന്നുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ ഫര്‍ഹാന്‍ അക്തര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd May 2021, 7:57 pm

മുംബൈ: കൊവിഡ് ഭേദമാക്കുമെന്ന അവകാശവാദവുമായെത്തുന്ന  വ്യാജമരുന്നുകള്‍ക്കെതിരെ ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍. അതിക്രൂരന്മാരയവര്‍ മാത്രമേ ഇത്രയും നിരാശാജനകമായ സമയത്തും ജനങ്ങളെ പറ്റിക്കാനിറങ്ങുകയുള്ളൂവെന്ന് ഫര്‍ഹാന്‍ പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്നത് ഭീതി പരത്തുന്നതിനിടെ കൊവിഡ് ഭേദമാക്കുമെന്ന പേരില്‍ പല വിധത്തിലുള്ള വ്യാജമരുന്നുകളുമായി ചിലര്‍ രംഗത്തുവരുന്നതിനെ കുറിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫര്‍ഹാന്റെ ട്വീറ്റ് വന്നിരിക്കുന്നത്.

‘വ്യാജ കൊവിഡ് മരുന്നുകള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്നതിന്റെ ചില റിപ്പോര്‍ട്ടുകള്‍ കാണാനിടയായി. നിങ്ങളെന്തായാലും പ്രത്യേകതരം ക്രൂരനായിരിക്കണം, അല്ലെങ്കില്‍ ഇത്രയും ഇരുണ്ട നിരാശാജനകമായ സമയത്തും ആളുകളെ പറ്റിക്കാനിറങ്ങില്ല. നിങ്ങളാരായാലും ഷെയിം ഓണ്‍ യു,’ ഫര്‍ഹാന്‍ അക്തര്‍ ട്വീറ്റ് ചെയ്തു.

നേരത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കരീന കപൂര്‍ രംഗത്തെത്തിയിരുന്നു.
‘നമ്മുടെ രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ അപകടവും ആഴവും ചിലര്‍ക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നത് എനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല.


അടുത്ത തവണ നിങ്ങള്‍ പുറത്തുപോകുമ്പോള്‍, അല്ലെങ്കില്‍ താടിയ്ക്ക് താഴേക്ക് മാസ്‌ക് വലിച്ചിടുമ്പോള്‍, നിയന്ത്രണങ്ങളൊക്കെ ലംഘിക്കുമ്പോള്‍, നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കണം. അവര്‍ ശാരീരകമായും മാനസികമായും അത്രയും തളര്‍ന്നിരിക്കുകയാണ്. ബ്രേക്കിംഗ് പോയിന്റില്‍ എത്തിനില്‍ക്കുകയാണവര്‍.

എന്റെ ഈ മെസേജ് വായിക്കുന്ന ഓരോരുത്തരും ബ്രേക്കിംഗ് ദ ചെയിനില്‍ ഉത്തരവാദിത്തമുള്ളവരാണ്. ഇന്ത്യയ്ക്ക് മറ്റെപ്പോഴേത്തേക്കാളും കൂടുതലായി നിങ്ങളെ ഇപ്പോള്‍ ആവശ്യമുണ്ട്,’ കരീന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bollywood actor and director Farhan Akhtar against fake covid medicines