ജോ സിഗരറ്റ് വലിക്കുന്ന സീനുണ്ടെന്ന് കേട്ടപ്പോള്‍ ആന്റണി ചേട്ടന്റെ വൈഫിന് ടെന്‍ഷനായി, ഷോട്ട് കണ്ടശേഷം ചേച്ചി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു: ബോബി കുര്യന്‍
Malayalam Cinema
ജോ സിഗരറ്റ് വലിക്കുന്ന സീനുണ്ടെന്ന് കേട്ടപ്പോള്‍ ആന്റണി ചേട്ടന്റെ വൈഫിന് ടെന്‍ഷനായി, ഷോട്ട് കണ്ടശേഷം ചേച്ചി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു: ബോബി കുര്യന്‍
അമര്‍നാഥ് എം.
Friday, 14th August 2026, 9:41 pm

റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രകടനമാണ് തുടക്കം കാഴ്ചവെക്കുന്നത്. വിസ്മയ മോഹന്‍ലാല്‍ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ ചിത്രം വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. വിസ്മയക്കൊപ്പം പലരും എടുത്തുപറയുന്ന പ്രകടനമാണ് വില്ലനായി വേഷമിട്ട ആശിഷ് ജോ ആന്റണിയുടേതും.

എമ്പുരാനിലൂടെ ക്യാമറക്ക് മുന്നില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ആശിഷിന്റെ ആദ്യ വില്ലന്‍ വേഷം ഗംഭീര പ്രതികരണമാണ് സ്വന്തമാക്കുന്നത്. ഡയലോഗൊന്നുമില്ലാതെ നോട്ടത്തിലൂടെ ക്രൂരത കാണിക്കുന്ന വില്ലന്‍ കഥാപാത്രം ആശിഷില്‍ ഭദ്രമായിരുന്നു. ചിത്രത്തില്‍ ആശിഷിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച ബോബി കുര്യന്‍.

സെറ്റില്‍ ആശിഷ് എല്ലാവരുമായും നല്ല കമ്പനിയായിരുന്നെന്ന് ബോബി പറഞ്ഞു. സിനിമയിലെത്തുന്നതിന് മുമ്പ് ആശിഷും വിസ്മയയും തമ്മില്‍ പരിചയമുണ്ടായിരുന്നെന്നും അതിനാല്‍ എല്ലാവരും വളരെ വേഗത്തില്‍ സിങ്കായെന്നും താരം കൂട്ടിച്ചേര്‍ത്തു. ഫൈറ്റ് സീനിലെല്ലാം ആശിഷിന്റെ പ്രകടനം ഗംഭീരമായിരുന്നെന്നും ബോബി പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ബോബി കുര്യന്‍.

‘ഈ പടത്തിന്റെ ഷൂട്ടിന്റെ സമയത്ത് ഒരുപാട് കോമഡിയുണ്ടായിട്ടുണ്ട്. ജോ കുട്ടന്‍ (ആശിഷ്) സിഗരറ്റ് വലിക്കുന്ന ഒരുപാട് സീന്‍ ഉണ്ടെന്ന് ജൂഡ് പറഞ്ഞു. ഇവന് ചെറുതായിട്ട് ടെന്‍ഷനായി. സെറ്റില്‍ ആന്റണി ചേട്ടനും ഫാമിലിയും എല്ലാദിവസവും ഉണ്ടാകും. സ്വന്തം ഫാമിലിയുടെ മുന്നില്‍ വെച്ച് സിഗരറ്റ് വലിക്കാന്‍ ഇവന് ചെറിയ മടിയായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചിട്ട് ആന്റണി ചേട്ടന്റെ വൈഫ് ‘അയ്യോ, ജോക്കുട്ടന്‍ സിഗരറ്റ് വലിക്കുന്ന സീനാണ് കൂടുതലും. എന്താകുമോ’ എന്ന് ചോദിച്ചിട്ടുണ്ടായിരുന്നു.

ഈ പടത്തില്‍ ഞാന്‍ ജോക്കുട്ടന്റെ കഥാപാത്രത്തെ കാണാന്‍ വരുമ്പോള്‍ ഇവന്‍ സിഗരറ്റ് വലിച്ച് റൗണ്ട് ഷേപ്പില്‍ പുക വിടണമെന്ന് ജൂഡ് പറഞ്ഞു. ഇവനെക്കൊണ്ട് അത് പറ്റുമോ എന്ന് ഡൗട്ടടിച്ചപ്പോള്‍ ഇവന്‍ ലൗ ഷേപ്പിലൊക്കെ പുക വിട്ടു. അത് കണ്ടിട്ട് ചേച്ചി ആന്റണി ചേട്ടന്റെയടുത്ത് ‘ചേട്ടാ, ദേ ജോക്കുട്ടന്‍ മൂക്കില്‍ കൂടെയൊക്കെ പുകവിടുന്നു’ എന്ന് പറഞ്ഞു. ഇത് കേട്ട് സെറ്റ് മുഴുവന്‍ ചിരിയായിരുന്നു,’ ബോബി പറഞ്ഞു.

ചിത്രത്തിലെ ഫൈറ്റ് സീനെല്ലാം ഡ്യൂപ്പില്ലാതെയാണ് താനും ആശിഷും വിസ്മയയും ചെയ്തതെന്നും ചെറിയ ചില പരിക്കുകളുണ്ടായെന്നും ബോബി പറയുന്നു. താനും ആശിഷുമായുള്ള ഫൈറ്റ് സീനിനിടെ ചില്ല് കൈയില്‍ കൊണ്ട് കീറിയെന്നും അത് വകവെക്കാതെ ഷൂട്ട് പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിസ്മയയും ആശിഷും തന്നെ ഞെട്ടിച്ചെന്നും ബോബി കുര്യന്‍ പറയുന്നു.

Content Highlight: Bobby Kurien shares the shooting experience with Aashish Joe Antony

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം