തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ചിത്രമാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച ചിത്രം ഇതിനോടകം 130 കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിക്കഴിഞ്ഞു.
ചിത്രത്തില്‍ എല്ലാവരും എടുത്തുപറയുന്ന കാര്യങ്ങളിലൊന്നാണ് ആക്ഷന്‍ രംഗങ്ങള്‍. മോഹന്‍ലാല്‍ എന്ന നടന്‍ ഈ പ്രായത്തിലും ഫൈറ്റ് സീനുകളില്‍ കാണിക്കുന്ന ഫ്‌ളെക്‌സിബിലിറ്റി അസാധ്യമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബിനു പപ്പു.
ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തത് ഫാന്റം ക്യാമറയിലാണെന്ന് ബിനു പപ്പു പറഞ്ഞു. ആക്ഷന്‍ സീക്വന്‍സിലെ ചെറിയ ഗ്യാപ്പ് പോലും ആ ക്യാമറയില്‍ എടുത്തുകാണിക്കുമെന്നും അതിനാല്‍ ശരിക്ക് ടച്ച് ചെയ്യേണ്ടി വരുമെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ ഒരിക്കലും ഫൈറ്റ് സീനില്‍ ആര്‍ട്ടിസ്റ്റുകളുടെ ദേഹത്ത് തൊടില്ലെന്നും കൃത്യമായ അകലത്തില്‍ മാത്രമേ കൈ വരികയുള്ളൂവെന്നും ബിനു പപ്പു പറഞ്ഞു.
ഒരു ഫൈറ്റ് സീനില്‍ തന്നെ ചവിട്ടേണ്ട ഭാഗം വന്നെന്നും മോഹന്‍ലാല്‍ ആ സമയത്ത് വെറുതേ ആക്ഷന്‍ കാണിച്ചതേയുള്ളൂവെന്നും ബിനു പപ്പു പറയുന്നു. ശരിക്കും ചവിട്ടണമെന്ന് ഫൈറ്റ് മാസ്റ്റര്‍ സില്‍വ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്കത് ചെയ്യാന്‍ പറ്റില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞെന്നും ബിനു കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ താന്‍ ടൈമിങ് തെറ്റിച്ച് മോഹന്‍ലാലിന്റെയടുത്ത് നിന്ന് ചവിട്ട് വാങ്ങുകയായിരുന്നെന്ന് ബിനു പപ്പു പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ പടത്തിലെ ഫൈറ്റൊക്കെ എടുത്തിരിക്കുന്നത് ഫാന്റം ക്യാമറയിലാണ്. അതിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഫൈറ്റിലെ ചെറിയ മൂവ്‌മെന്റ് പോലും അത് ക്യാപ്ചര്‍ ചെയ്യും. അപ്പോള്‍ ഈ അടിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയും ഇടയില്‍ ചെറിയ ഗ്യാപ് വന്നാല്‍ പോലും ക്യാമറയില്‍ പതിയും. ലാലേട്ടന്റെ കാര്യമാണെങ്കില്‍ പുള്ളി ഒരിക്കലും നമ്മുടെ ശരീരത്തില്‍ തൊടില്ല. കറക്ട് ഗ്യാപില്‍ പുള്ളി നിര്‍ത്തും.
ഈ ഫൈറ്റ് സീന്‍ എടുക്കുമ്പോള്‍ ലാലേട്ടന്‍ അത് തന്നെ ചെയ്തു. ക്യാമറയില്‍ അത് കറക്ടായി കാണുകയും ചെയ്തു. ഫൈറ്റ് മാസ്റ്റര്‍ സില്‍വ എന്നെ ശരിക്ക് ചവിട്ടാന്‍ ലാല്‍ സാറിനോട് പറഞ്ഞു. ‘അയ്യോ മോനെ, ഞാന്‍ എങ്ങനെയാ ഇവനെ ചവിട്ടുക’ എന്ന് ലാല്‍ സാര്‍ ചോദിച്ചു. മൂന്ന് ടേക്ക് പോയിട്ടും ശരിയാകാതെ വന്നപ്പോള്‍ ഞാന്‍ ടൈമിങ് തെറ്റിച്ചു. ആ സമയത്ത് ലാല്‍ സാറിന്റെ ചവിട്ട് കൊണ്ടു,’ ബിനു പപ്പു പറയുന്നു.
Content Highlight: Binu Pappu shares the experience of Fight scene with Mohanlal in Thudarum movie