മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് ബിനു പപ്പു. ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് ബിനു പപ്പു അഭിനയലോകത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ബിനു പപ്പു ശ്രദ്ധേയനായി. വൈറസ്, പുഴു, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും ബിനു പപ്പു പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന തുടരും എന്ന ചിത്രത്തിലും ബിനു പപ്പുവിന്റെ സാന്നിധ്യമുണ്ട്. കോ ഡയറക്ടറായി പ്രവര്‍ത്തിച്ചതിന് പുറമെ ചിത്രത്തില്‍ പ്രധാനവേഷവും ബിനു പപ്പു കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ വില്ലനായി വേഷമിട്ട പ്രകാശ് വര്‍മയെക്കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു.
പ്രധാന വില്ലനായി പുതുമുഖ നടന്‍ വേണമെന്ന നിര്‍ബന്ധം തരുണ്‍ മൂര്‍ത്തിക്ക് ഉണ്ടായിരുന്നെന്ന് ബിനു പപ്പു പറഞ്ഞു. ആരെയെങ്കിലും കണ്ടാല്‍ അയാളെ അടുത്ത സിനിമയില്‍ അഭിനയിപ്പിക്കാന്‍ തരുണിന് തോന്നുമെന്നും എന്ത് ചെയ്തിട്ടായാലും അവരെക്കൊണ്ട് അഭിനയിപ്പിക്കുമെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു. പ്രകാശ് വര്‍മയെ കണ്ടെത്തിയതും അങ്ങനെയായിരുന്നെന്നും ബിനു പറയുന്നു.
പരസ്യസംവിധായകനാണെങ്കിലും അഭിനയിക്കാന്‍ താത്പര്യമുള്ളയാളാണ് പ്രകാശ് വര്‍മയെന്ന് ബിനു പപ്പു പറഞ്ഞു. ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ എന്ന സിനിമയില്‍ പ്രകാശ് വര്‍മ ശബ്ദം നല്‍കിയിട്ടുണ്ടെന്നും അധികം ആളുകള്‍ക്ക് അക്കാര്യം അറിയില്ലെന്നും ബിനു കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ തുടക്കത്തില്‍ കേള്‍ക്കുന്ന വോയിസ് ഓവര്‍ പ്രകാശ് വര്‍മയുടേതാണെന്ന് ബിനു പപ്പു പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.
‘മെയിന്‍ വില്ലനായ ജോര്‍ജ് സാറിനെ അവതരിപ്പിക്കാന്‍ പുതിയ ഒരാള്‍ വേണമെന്ന് ആദ്യമേ നിര്‍ബന്ധമുണ്ടായിരുന്നു. തരുണിന്റെ സ്വഭാവം എങ്ങനെയാണെന്ന് വെച്ചാല്‍ ആരെയെങ്കിലും കണ്ടാല്‍ അയാളെ പുതിയ സിനിമയിലെ ഒരു കഥാപാത്രമായി അങ്ങ് സങ്കല്പിക്കും. പിന്നീട് എന്ത് ചെയ്തിട്ടാണെങ്കിലും അയാളെക്കൊണ്ട് അഭിനയിപ്പിക്കും. ഈ സിനിമയിലെ ജോര്‍ജ് സാറിനെയും അങ്ങനെ കിട്ടിയതാണ്.
പ്രകാശ് വര്‍മ നല്ലൊരു ആഡ് ഫിലിം ഡയറക്ടറാണ്. ഇഷ്ടം പോലെ പരസ്യങ്ങള്‍ പുള്ളി ചെയ്തിട്ടുണ്ട്. ഹച്ച്, വോഡഫോണ്‍ സൂസൂ, മഹീന്ദ്ര എന്നീ പരസ്യങ്ങള്‍ പുള്ളി ചെയ്തതാണ്. പക്ഷേ, അഭിനയിക്കുന്നതിന് മുമ്പ് പുള്ളി ഗ്യാങ്സ്റ്റര്‍ എന്ന പടത്തില്‍ വോയിസ് കൊടുത്തിട്ടുണ്ട്. ആ സിനിമയുടെ തുടക്കത്തിലെ നരേഷന്‍ പ്രകാശ് വര്‍മയുടേതാണ്,’ ബിനു പപ്പു പറയുന്നു.
Content Highlight: Binu Pappu saying Prakash Varma gave voice narration in Mammootty’s Gangster movie