പാട്‌ന: ഉത്തര്‍പ്രദേശിന് സമാനമായി മാംസ വില്പനയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ബീഹാര്‍.
സംസ്ഥാനത്തുടനീളം തുറന്ന മാംസം വില്പന ഇനി അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ പ്രഖ്യാപിച്ചു.
‘ സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ രൂപപ്പെടുത്തുകയാണ്. അത് കര്‍ശനമായി നടപ്പാക്കും. ഒരു സാഹചര്യത്തിലും തുറന്ന സ്ഥലത്ത് മാംസം വില്ക്കാന്‍ അനുവദിക്കില്ല, കൃത്യമായ സര്‍ക്കാര്‍ ലൈസന്‍സുളളവര്‍ക്ക് മാത്രമേ മാംസം വില്‍ക്കാന്‍ അനുവാദമുള്ളൂ,’ ഉപമുഖ്യ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മാംസം പരസ്യമായി വില്‍ക്കുന്നത് സംബന്ധിച്ച് ഉത്തര്‍പ്രദേശ് ഇതിനകം തന്നെ കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം, ഏതെങ്കിലും കടയ്ക്ക് പുറത്ത് മാംസം പ്രദര്‍ശിപ്പിക്കുന്നതോ തൂക്കിയിടുന്നതോ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. റോഡിലൂടെ നടക്കുന്നവരില്‍ നിന്ന് മാംസം കാണപ്പെടാതിരിക്കാന്‍ കട ഉടമകള്‍ മുന്‍വശത്ത് ഇരുണ്ട ഗ്ലാസ് പാനലുകളോ കട്ടിയുള്ള തൂണിയോ വെച്ച് മറയ്ക്കണമെന്നും ഉത്തരവുണ്ട്.
കൂടാതെ ഏതെങ്കിലും മത സ്ഥാപനങ്ങളുടെയോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ 50 മുതല്‍ 100 മീറ്റര്‍ വരെ പരിധിയില്‍ ഒരു മാംസക്കടയും പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും കൃത്യമായ ലൈസന്‍സുള്ള കടയുടമകള്‍ക്ക് മാത്രമേ മാംസം വില്‍ക്കാന്‍ അനുവാദമുള്ളൂ.
Content Highlight: Bihar to ban sale of meat in open places
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.