Bihar Election: അടിത്തട്ടില്‍ ശക്തമായ സംഘടനാ സ്വാധീനം, 5 വര്‍ഷമായി കൃത്യമായ പ്രവര്‍ത്തനം; 35 സീറ്റുകള്‍ ആവശ്യപ്പെട്ട് സി.പി.ഐ, സി.പി.ഐ.എം
national news
Bihar Election: അടിത്തട്ടില്‍ ശക്തമായ സംഘടനാ സ്വാധീനം, 5 വര്‍ഷമായി കൃത്യമായ പ്രവര്‍ത്തനം; 35 സീറ്റുകള്‍ ആവശ്യപ്പെട്ട് സി.പി.ഐ, സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th October 2025, 6:58 am

പാട്‌ന: വരുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തില്‍ ആകെ 35 സീറ്റുകള്‍ ആവശ്യപ്പെട്ട് സി.പി.ഐയും സി.പി.ഐ.എമ്മും. സി.പി.ഐ 24 സീറ്റുകളും സി.പി.ഐ.എം 11 സീറ്റുകളുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവര്‍ക്കും പുറമെ ആര്‍.ജെ.ഡി, സി.പി.ഐ.എം (എല്‍), കോണ്‍ഗ്രസ് പാര്‍ട്ടികളുമാണ് മഹാഗഡ്ബന്ധനില്‍ ഉള്ളത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ സീറ്റ് ധാരണ എത്രയും പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കണമെന്നും ഒപ്പം പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിക്കണമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

സി.പി.ഐയും സി.പി.ഐ.എമ്മും സംയുക്തമായി വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തിലാണ് സീറ്റ് വിഭജനത്തെ കുറിച്ച് പാര്‍ട്ടികള്‍ സംസാരിച്ചത്.

‘മഹാഗഡ്ബന്ധനിലെ വലിയ പാര്‍ട്ടികള്‍ സി.പി.ഐക്കും സി.പി.ഐ.എമ്മിനുമായി സീറ്റ് വിഭജനത്തില്‍ കുറച്ച് ത്യാഗം സഹിക്കണം,’ സി.പി.ഐ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡേ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വോട്ടര്‍ പട്ടികയുടെ ആധികാരികത ഉറപ്പാക്കാന്‍ സി.പി.ഐയും സി.പി.ഐ.എമ്മും എല്ലാ ജില്ലകളിലും ഒന്നിച്ച് പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ ഇരു പാര്‍ട്ടികളും അടിത്തട്ടില്‍ വേരോട്ടമുള്ളവരും ശക്തമായ സംഘടനാ കെട്ടുറപ്പുള്ളവരും പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ ആശയാദര്‍ശങ്ങളുടെ അടിത്തറയുള്ളവരുമാണ്. എന്‍.ഡി.എ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗ്രൗണ്ട് ലെവലില്‍ ഞങ്ങള്‍ കൃത്യമായി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഞങ്ങള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുകയാണെങ്കില്‍ അത് മഹാഗഡ്ബന്ധന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ തീര്‍ച്ചയായും സഹായകരമാകും,’ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ലലന്‍ ചൗധരി വ്യക്തമാക്കി.

എത്രയും പെട്ടന്ന് തന്നെ സീറ്റ് വിഭജനത്തില്‍ ധാരണയുണ്ടാക്കണമെന്ന് തങ്ങള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളുടെ ആവശ്യങ്ങള്‍ ഇനിയും പരിഗണിച്ചിട്ടില്ല. സഖ്യത്തിലെ മറ്റ് പാര്‍ട്ടികളില്‍ നിന്നും വാക്കാലുള്ള ഉറപ്പ് മാത്രമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്,’ പാണ്ഡേ പറഞ്ഞു.

2020 തെരഞ്ഞെടുപ്പില്‍ തങ്ങള്‍ മികച്ച പ്രകടനം നടത്തിയെന്നും ഇരുവരും വ്യക്തമാക്കി.

2020ല്‍ ആകെയുള്ള 243 സീറ്റുകളില്‍ ആകെ 29 സീറ്റുകളിലാണ് ഇടതുപാര്‍ട്ടികള്‍ മത്സരിച്ചത്. സി.പി.ഐ.എം (എല്‍) 19 സീറ്റുകളില്‍ മത്സരിച്ചു. 12ലും വിജയിച്ചു. മഹാഗഡ്ബന്ധനില്‍ ഏറ്റവുമധികം സ്‌ട്രൈക് റേറ്റുള്ളതും സി.പി.ഐ.എം. (എല്‍)ന് തന്നെയായിരുന്നു. സി.പി.ഐ മത്സരിച്ച ആറില്‍ രണ്ടിടത്ത് വിജയിച്ചപ്പോള്‍ നാലില്‍ രണ്ട് സീറ്റുകളിലാണ് സി.പി.ഐ.എമ്മിന് വിജയിക്കാന്‍ സാധിച്ചത്.

കഴിഞ്ഞ തവണ മഹാഗഡ്ബന്ധനിന്റെ ഭാഗമായി കോണ്‍ഗ്രസ് 70 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ 19 ഇടത്ത് മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ആര്‍.ജെ.ഡി തെരഞ്ഞെടുപ്പിനെ നേരിട്ട 144 മണ്ഡലങ്ങളില്‍ 75 ഇടങ്ങളില്‍ വിജയം സ്വന്തമാക്കി.

243 മണ്ഡലങ്ങളിലേക്കാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജെ.ഡി.യുവും ബി.ജെ.പിയും ചേര്‍ന്ന എന്‍.ഡി.എ സഖ്യത്തോട് തന്നെയാണ് ഇത്തവണയും മഹാഗഡ്ബന്ധനിന്റെ പോരാട്ടം.

 

Content Highlight: Bihar Assembly Elections 2025; CPI, CPI(M) demand 35 seats