താരമൂല്യമുപയോഗിച്ച് മമ്മൂക്ക വ്യത്യസ്തമായ സിനിമകള്‍ കാണാന്‍ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്നു: ബേസില്‍ ജോസഫ്
Film News
താരമൂല്യമുപയോഗിച്ച് മമ്മൂക്ക വ്യത്യസ്തമായ സിനിമകള്‍ കാണാന്‍ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്നു: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th November 2023, 11:13 pm

മലയാളത്തില്‍ ഇപ്പോള്‍ മാസോ എന്റര്‍ടൈന്‍മെന്റോ ആയ സിനിമകളേക്കാള്‍ കൂടുതലായി വ്യത്യസ്തമായ കഥ പറയുന്ന ധാരാളം സിനിമകള്‍ വരുന്നുണ്ട്. ഈ കാരണത്താല്‍ മലയാള സിനിമകള്‍ ലോകവ്യാപകമായി ചര്‍ച്ചചെയ്യപെടുന്നുമുണ്ട്.

ഇപ്പോള്‍ വ്യത്യസ്തമായ ഴോണറിലുള്ള സിനിമകള്‍ അഭിനയിച്ച് പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ മമ്മൂട്ടി തന്റെ താരമൂല്യം ഉപയോഗിക്കുന്നതിനെ പറ്റി പറയുകയാണ് ബേസില്‍ ജോസഫ്. ഗലാട്ടാ പ്ലസിലെ മെഗാ മലയാളം റൗണ്ട്‌ടേബിളില്‍ സംസാരിക്കുകയായിരുന്നു താരം.

‘പ്രേക്ഷകര്‍ എപ്പോഴും ക്ലാസ്സ് സിനിമകള്‍ മാത്രമല്ല കാണുന്നത്. ഡ്രാമ ഫിലിമും റൊമാന്‍സും എല്ലാം കാണുന്നുണ്ട്. പ്രേക്ഷകര്‍ക്ക് വേണ്ടത് ഒരുമിച്ച് വന്ന് കാണാന്‍ കഴിയുന്ന സിനിമകളാണ്.

അവര്‍ക്ക് സിനിമയുടെ ബഡ്ജറ്റ് ഒന്നും വിഷയമല്ല. അവര്‍ക്ക് മാസ് സിനിമകളാണ് വേണ്ടതെന്ന് നമ്മള്‍ പറയുമ്പോഴും അവര്‍ക്ക് അത്തരം സിനിമകള്‍ മാത്രമല്ല വേണ്ടത്.

നമ്മളാണ് മാസ് സിനിമകള്‍ അവര്‍ക്ക് നല്‍കുന്നത്. പ്രേക്ഷകര്‍ക്ക് വേണ്ടത് എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് കാണാന്‍ ഒരു സിനിമയാണ്. ‘രോമാഞ്ച’വും ‘ജയ ജയ ജയ ജയഹേ’യും ‘ന്നാ താന്‍ കേസ് കൊട്’ സിനിമകളൊക്കെ ചെറിയ ബഡ്ജറ്റില്‍ ചെയ്തതാണ്. അതൊന്നും വലിയ ബഡ്ജറ്റ് സിനിമകളല്ല.

മമ്മൂക്ക ചെയ്യുന്നത് അത്തരം സിനിമകളാണ്. അദ്ദേഹം വ്യത്യസ്ഥമായ ഉള്ളടക്കമുള്ള സിനിമകളില്‍ അഭിനയിച്ച ശേഷം തന്റെ താരമൂല്യം ഉപയോഗിച്ച് പ്രേക്ഷകരെ തിയേറ്ററിലേക്ക് കൊണ്ടുവരികയാണ്.

മമ്മൂക്ക ‘റോഷാക്ക്’ പോലെയുള്ള മിസ്റ്ററി ത്രില്ലര്‍ സിനിമ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതുതായി അനൗണ്‍സ് ചെയ്ത ‘ബ്രഹ്മയുഗം’ ഒരു ഹൊറര്‍ സിനിമയാണ്.

മമ്മൂക്കയെ പോലെയുള്ള ഒരു നടന്‍ അത്തരം സിനിമ ചെയ്യുമ്പോള്‍ ആളുകള്‍ തിയേറ്ററിലെത്തുന്നു. നമ്മുടെ സ്റ്റാര്‍സും ആക്‌റ്റേഴ്‌സും ഇപ്പോള്‍ മാസ് സിനിമകള്‍ അല്ലാത്തവയും ചെയ്യാന്‍ തയ്യാറാകുന്നുണ്ട്,’ ബേസില്‍ ജോസഫ് പറയുന്നു.


Content Highlight: Basil Joesph Talks About Mammootty