തമിഴ് റൊമാന്റിക് ത്രില്ലര്‍ ചിത്രത്തില്‍ നായികയായി നിത്യ മേനോന്‍; ഒപ്പം ജയം രവിയും; ചര്‍ച്ചയായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Entertainment news
തമിഴ് റൊമാന്റിക് ത്രില്ലര്‍ ചിത്രത്തില്‍ നായികയായി നിത്യ മേനോന്‍; ഒപ്പം ജയം രവിയും; ചര്‍ച്ചയായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th November 2023, 8:02 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് നിത്യ മേനോനും ജയം രവിയും. ഇരുവരും ഒന്നിക്കുന്ന തമിഴ് റൊമാന്റിക് ത്രില്ലര്‍ ചിത്രം ‘കാതലിക്ക നേരമില്ലൈ’യുടെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തിറങ്ങി.

കിരുത്തിഗ ഉദയനിധിയുടെ ചിത്രത്തിന്റെ ടൈറ്റിലും പോസ്റ്ററുമാണ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.

പോസ്റ്ററില്‍ പരസ്പരം കൈവിരലുകള്‍ കോര്‍ത്തുകൊണ്ട് ചേര്‍ന്നു നില്‍ക്കുന്ന നിത്യയെയും ജയം രവിയെയുമാണ് കാണുന്നത്.

പുറത്തു വന്നതിന് പിന്നാലെ പോസ്റ്റര്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. പോസ്റ്ററില്‍ സിനിമയുടെ ടൈറ്റിലിന് മുകളില്‍ ഇരുവരുടെയും പേരുകള്‍ ചേര്‍ത്തിട്ടുണ്ട്.

അതില്‍ നായികക്കും നായകനും ഒരേ പ്രാധാന്യം നല്‍കിയെന്ന് മാത്രമല്ല, നിത്യയുടെ പേര് ആദ്യം നല്‍കുകയും ചെയ്തു.

നായക സ്ഥാനത്ത് വലിയ നടനാണെങ്കില്‍ സിനിമകളില്‍ പൊതുവെ നായികമാര്‍ക്ക് പ്രാധാന്യം കുറവായിരിക്കുമെന്നും ഇവിടെ പോസ്റ്ററില്‍ ഇരുവര്‍ക്കും ഒരേ പ്രാധാന്യം നല്‍കിയത് പ്രശംസയര്‍ഹിക്കുന്ന കാര്യമാണെന്നും പലരും കമന്റ് ചെയ്തു.

റൊമാന്റിക് ത്രില്ലറായ ചിത്രത്തില്‍ യോഗി ബാബു, വിനയ് റായ്, ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ. ആര്‍. റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് എന്നാണെന്നോ കൂടുതല്‍ അപ്ഡേറ്റുകള്‍ എന്താണെന്നോ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, 1964ല്‍ ബാലയ്യയും രാജശ്രീയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ‘കാതലിക്ക നേരമില്ലൈ’ എന്ന തമിഴ് സിനിമയുടെ അതേ പേര് തന്നെയാണ് ഈ സിനിമക്ക് എന്നതും ഏറെ ശ്രദ്ധനേടി. ഈ സിനിമയുമായി നിത്യ മേനോന്‍ – ജയം രവി സിനിമക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

Content Highlight: Nithya Menon And Jayam Ravi Tamil Romantic Thriller Movie Kadhalikka Neramillai  First Look Poster Out