ബി.ടി.എസ് ഡോക്യുമെന്ററി സീരീസ് ട്രെയ്‌ലര്‍; സമ്മര്‍ദ്ദം സഹിക്കാതെ ഓടിപോകാന്‍ ആഗ്രഹിച്ചിരുന്നെന്ന് ഷുഗ
Entertainment news
ബി.ടി.എസ് ഡോക്യുമെന്ററി സീരീസ് ട്രെയ്‌ലര്‍; സമ്മര്‍ദ്ദം സഹിക്കാതെ ഓടിപോകാന്‍ ആഗ്രഹിച്ചിരുന്നെന്ന് ഷുഗ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th November 2023, 9:07 pm

ബി.ടി.എസ് അംഗങ്ങളുടെ കഴിഞ്ഞ 10 വര്‍ഷക്കാലത്തെ യാത്രയെ കുറിച്ച് പറയുന്ന ‘ബി.ടി.എസ് മോണ്യുമെന്റ്സ്: ബിയോണ്ട് ദ സ്റ്റാര്‍’ ഡോക്യുമെന്ററി സീരീസിന്റെ പ്രധാന ട്രെയ്‌ലര്‍ പുറത്തുവന്നു. ഒരു മിനിറ്റും 41 സെക്കറ്റും ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് ഇത്.

ട്രെയ്‌ലറില്‍ പ്രധാനമായും പറയുന്നത്, കൊവിഡ് സമയത്ത് ബി.ടി.എസിന്റെ ഷോകള്‍ ക്യാന്‍സല്‍ ചെയ്തതും അതിന് ശേഷം അവര്‍ എങ്ങനെയാണ് ആ അവസ്ഥ കൈകാര്യം ചെയ്തതെന്നുമാണ്.

പെര്‍മിഷന്‍ റ്റു ഡാന്‍സ് സ്റ്റേഡിയം ടൂറിന്റെ രംഗങ്ങളും കാണിക്കുന്നുണ്ട്. താന്‍ പലപ്പോഴും സമ്മര്‍ദ്ദം സഹിക്കാതെ ഓടിപോകാന്‍ ആഗ്രഹിച്ചിരുന്ന കാര്യത്തെ പറ്റി ട്രെയ്‌ലറിന് ഇടയില്‍ ഷുഗ പറയുന്നുണ്ട്.

ബി.ടി.എസിന്റെ ഔദ്യോഗിക എക്സ് അകൗണ്ടിലൂടെ ട്രെയ്‌ലറിലെ രംഗങ്ങള്‍ ഉള്‍പ്പെടെ ഡോക്യുമെന്ററിയുടെ രണ്ട് പോസ്റ്ററുകളും പുറത്തുവന്നിട്ടുണ്ട്.

ബി.ടി.എസിനെ സംബന്ധിച്ചുള്ള ഡോക്യുമെന്ററി സീരീസ് വരുമെന്ന് നേരത്തെ തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. ഈയടുത്തായിരുന്നു ഡിസ്‌നി ഡേറ്റ് അനൗണ്‍സ് ചെയ്തത്.

എട്ട് എപ്പിസോഡുകളുള്ള സീരീസ് ഡിസംബര്‍ 20 മുതലാണ് ഡിസ്നി പ്ലസില്‍ പ്രീമിയര്‍ ചെയ്തു തുടങ്ങുക. പിന്നീട് എല്ലാ ബുധനാഴ്ചയും രണ്ട് പുതിയ എപ്പിസോഡുകള്‍ വീതം റിലീസ് ചെയ്യും.

‘ബി.ടി.എസ് മോണ്യുമെന്റ്സ്: ബിയോണ്ട് ദ സ്റ്റാര്‍’ ലൂടെ ബാന്‍ഡിനെ പറ്റി കൂടുതല്‍ അറിയാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ് ബി.ടി.എസ് ആരാധകരായ ആര്‍മി.

ബി.ടി.എസ് സ്വന്തമാക്കിയ നേട്ടങ്ങള്‍ക്കൊപ്പം അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികളെ പറ്റിയും ഇതിലൂടെ പറയാനാണ് ഡോക്യുമെന്ററി ലക്ഷ്യമിടുന്നത്.

ഇപ്പോള്‍ രാജ്യത്തിന് വേണ്ടി നിര്‍ബന്ധിത സൈനിക സേവനം നിറവേറ്റാനായുള്ള ഇടവേളയിലാണ് ഈ സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡ്. കഴിഞ്ഞ ദിവസമായിരുന്നു വി, ജിമിന്‍, ജങ്കുക്ക്, ആര്‍.എം എന്നിവരും മറ്റംഗങ്ങള്‍ക്ക് പിന്നാലെ സൈനിക സേവനത്തിന് പോകാന്‍ തയ്യാറെടുക്കുന്ന കാര്യം പുറത്തുവിട്ടത്.

Content Highlight: BTS Monuments: Beyond The Star  Documentary Series Main  Trailer Out; Suga Says He Really Going To Run Away