പണ്ട് അവന്മാരെല്ലാം കൂടി ഒരുത്തന്റെ ചെരിവ് മാറ്റാന്‍ നടന്നതാണെന്ന് മുരളി സാര്‍ പറഞ്ഞു: മിഥുന്‍
Entertainment news
പണ്ട് അവന്മാരെല്ലാം കൂടി ഒരുത്തന്റെ ചെരിവ് മാറ്റാന്‍ നടന്നതാണെന്ന് മുരളി സാര്‍ പറഞ്ഞു: മിഥുന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th November 2023, 10:01 pm

അവതാരകനെന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് മിഥുന്‍. നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ജോഷിയുടെ റണ്‍വെ സിനിമയില്‍ നടന്‍ മുരളിയുടെ മകനായാണ് മിഥുന്‍ അഭിനയിച്ചിട്ടുള്ളത്.

ഇപ്പോള്‍ ആ സിനിമയിലെ ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് താരം. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മിഥുന്‍.

തന്റെ തോളിന്റെ ചെരിവ് കണ്ട് സെറ്റിലെ ചിലര്‍ അത് മാറ്റിയെടുത്താല്‍ നല്ലതാകുമെന്ന് പറഞ്ഞെന്നും അത് കേട്ട് മുരളി ഉറക്കെ ചിരിച്ചെന്നും മിഥുന്‍ പറയുന്നു.

‘മുരളി സാര്‍ റണ്‍വെ സിനിമയില്‍ എന്റെ അച്ഛനായിരുന്നു. ഞാന്‍ ആ സിനിമയില്‍ ഒരു സീന്‍ എടുത്തിട്ട് വരികയാണ്. അതായത് ലോറി താവളത്തില്‍ ഒരു സീനുണ്ട്, അയാള് പോണേല്‍ പോട്ടേ അപ്പാ എന്ന് പറയുന്ന സീന്‍.

കുറച്ച് ലെങ്ത്തുള്ള ഡയലോഗായിരുന്നു അതില്‍. ഞാന്‍ ആ ഡയലോഗ് കാണാതെ പറഞ്ഞു. തുടക്കത്തില്‍ ഉള്ള ആവേശം കൊണ്ടായിരുന്നു അത്. ആ സീന്‍ കഴിഞ്ഞതും ജോഷി സാര്‍ വെരി ഗുഡെന്ന് പറഞ്ഞു.

അപ്പോള്‍ ഞാന്‍ വളരെ ആത്മാഭിമാനത്തില്‍ നടന്നു വരികയാണ്. അന്ന് നടക്കുമ്പോള്‍ എനിക്ക് ചെറിയ ഒരു ചെരിവ് ഉണ്ടായിരുന്നു. മുരളി സാര്‍ ഈ സമയത്ത് അവിടെ ഇരുന്ന് സിഗരറ്റ് വലിക്കുകയാണ്.

ഞാന്‍ അങ്ങോട്ട് ചെന്നതും ചുറ്റുമുള്ള എല്ലാവരും സീന്‍ നന്നായിരുന്നെന്ന് എന്നോട് പറഞ്ഞു. പിന്നെ ‘നിന്റെ നടപ്പില്‍ ചെറിയ കൂനുണ്ട്, നിനക്ക് ഒരു ചെരിവും കൂനുമുണ്ട്. അപ്പോള്‍ അതൊന്ന് മാറ്റിയെടുത്താല്‍ നല്ലതാകും,’ എന്ന് പറഞ്ഞു.

അതുകേട്ട് മുരളി സാര്‍ ഉറക്കെ ചിരിച്ചു. അതോടെ എല്ലാവരും സാറിനെ നോക്കി. ‘പണ്ട് അവന്മാരെല്ലാം കൂടി ഒരുത്തന്റെ ചെരിവ് മാറ്റാന്‍ നടന്നതാണ്,’ എന്ന് പറഞ്ഞു. അത്രമാത്രമേ മുരളി സാര്‍ പറഞ്ഞുള്ളു,’ മിഥുന്‍ പറഞ്ഞു.


Content Highlight: Mithun Ramesh Talks About Actor Murali And Mohanlal