മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ആശ ശരത്. കുങ്കുമപ്പൂവ് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്.
പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയിലെ ഗീത പ്രഭാകർ എന്ന കഥാപാത്രത്തിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇന്നും മലയാള സിനിമയിലെ ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നായി ഗീത പ്രഭാകർ മാറിക്കഴിഞ്ഞു.
ഇപ്പോഴിതാ സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ വീണ്ടും ‘ദൃശ്യം’ സെറ്റിലേക്ക് പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് താരം.
വർഷങ്ങൾക്കുശേഷം സിനിമയുമായി ബന്ധപ്പെട്ട ഓർമകൾ വീണ്ടും മനസിലേക്ക് എത്തിയതിനെക്കുറിച്ചും പഴയ താരങ്ങളെ വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തെക്കുറിച്ചും ആശ ശരത് പറഞ്ഞു.
മലയാളത്തിൽ വലിയ വിജയമായ ‘ദൃശ്യം’ പിന്നീട് നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ഓരോ ഭാഷയിലും ഗീത പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചത് തന്റെ അഭിനയജീവിതത്തിലെ വലിയ നേട്ടങ്ങളിലൊന്നാണെന്നാണ് താരത്തിന്റെ വിലയിരുത്തൽ. കഥാപാത്രത്തോടുള്ള പ്രേക്ഷകസ്വീകാര്യത ഇന്നും തുടരുന്നതായും താരം വ്യക്തമാക്കി.
സിനിമയിൽ ബാലതാരങ്ങളായിരുന്ന അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരെ വീണ്ടും കണ്ട സന്തോഷവും താരം പങ്കുവെച്ചു.
‘അൻസിബയെയും എസ്തറിനെയും വീണ്ടും കണ്ടപ്പോൾ സന്തോഷമായി. കുട്ടികളെല്ലാം വളർന്നു. ഒപ്പം കഥാപാത്രവും വളർന്നു,’ എന്നാണ് ആശ ശരത് പറഞ്ഞത്.
ഇത്രയും വർഷങ്ങൾക്കുശേഷവും ഗീത ഐ.പി.എസ്. എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസിൽ നിലനിൽക്കുന്നുവെന്നത് വലിയ സന്തോഷമാണെന്നും സിനിമ റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും കഥാപാത്രത്തോടുള്ള ആരാധകരുടെ സ്‌നേഹം ഇന്നും അതേപടി തുടരുകയാണെന്നും ആശ ശരത് കൂട്ടിച്ചേർത്തു.
Content Highlight: Asha Sharath shares her experiences shooting for Drishyam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.