'മോദിജി, ഈ രാജ്യം നിങ്ങളുടെ അച്ഛന്റെ വകയല്ല'; ജനറല്‍ ഡയറിനോട് മോദിയെ ഉപമിച്ച് കെജ്‌രിവാള്‍
India
'മോദിജി, ഈ രാജ്യം നിങ്ങളുടെ അച്ഛന്റെ വകയല്ല'; ജനറല്‍ ഡയറിനോട് മോദിയെ ഉപമിച്ച് കെജ്‌രിവാള്‍
റെന്വര്‍ പി
Tuesday, 21st July 2026, 8:20 pm

ന്യൂഡല്‍ഹി: ദല്‍ഹിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. ജാലിയന്‍ വാലാഭാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട കുപ്രസിദ്ധ ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന്‍ ജനറല്‍ ഡയറിനോട് മോദിയെ ഉപമിച്ചായിരുന്നു കെജ്‌രിവാളിന്റെ വിമര്‍ശനം.

ഈ രാജ്യം മോദിയുടെ അച്ഛന്റെ വകയല്ലെന്നും കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ജനത സ്വേച്ഛാധിപതികളെ ഒരു ചരിത്രപരമായ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘മോദി ജീ, ഈ രാജ്യം നിങ്ങളുടെ അച്ഛന്റെ വകയല്ല. ഇത് 140 കോടി ജനത്തിന് അവകാശപ്പെട്ടതാണ്. ഭീഷണികള്‍ ഉയര്‍ത്തുന്നത് നിര്‍ത്തൂ. ഇല്ലെങ്കില്‍ ചരിത്രത്തില്‍ എക്കാലവും ഓര്‍ത്തുവെക്കുന്ന ഒരു പാഠം ഈ രാജ്യത്തെ ജനം നിങ്ങളെ പഠിപ്പിക്കും. ഈ രാജ്യത്തെ സ്വേച്ഛാധിപതിയുടെ വിധിയെന്തായിരിക്കുമെന്ന് പഠിപ്പിക്കും,’ കെജ്‌രിവാള്‍ പറഞ്ഞു.

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു കെജ്‌രിവാള്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുണ്ടായത് പോലുള്ള ക്രൂരമായ അതിക്രമത്തിന് ചരിത്രം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ജനങ്ങളെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ മോദി ബ്രിട്ടീഷുകാരെ പോലും മറികടന്നു. മോദി സര്‍ക്കാര്‍ ഈ രാജ്യത്തെ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് പോലുള്ള ലാത്തിച്ചാര്‍ജുകള്‍ ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് നേര്‍ക്ക് നടത്തിയിട്ടില്ല.

ജാലിയന്‍ വാലാഭാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട ബ്രിട്ടീഷ് സൈനികോദ്യാഗസ്ഥന്‍ ജനറല്‍ ഡയറിന്റെ പുനര്‍ ജന്മമായിരിക്കാം മോദിയെന്ന് ചിലര്‍ പറയുന്നുവെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

‘ഇത്തരം ക്രൂരതകള്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല. ജാലിയന്‍ വാലാഭാഗില്‍ ജനറല്‍ ഡയര്‍ ചെയ്തതിനെ മോദി മറികടന്നതായാണ് തോന്നുന്നത്. ജനറല്‍ ഡയര്‍ പുനര്‍ജനിച്ചതാണ് മോദിയെന്ന് ചിലര്‍ പറയുക പോലും ചെയ്യുന്നു,’ കെജ്‌രിവാള്‍ പറഞ്ഞു.

പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വേണ്ടി ഒരു അഭിഭാഷക സംഘത്തിന് എ.എ.പി രൂപം നല്‍കിയതായി കെജ്‌രിവാള്‍ അറിയിച്ചു. ഒരു ഹെല്‍പ് ലൈനും (8588833548) ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുണ്ടായ അതിക്രമത്തില്‍ ഇന്നലെയും (ജൂലൈ 20, തിങ്കള്‍) കെജ്‌രിവാള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ലാത്തിചാര്‍ജിന് ഉത്തരവിടുന്നതിന് പകരം യുവാക്കളെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറാവണമായിരുന്നെന്നാണ് ഇന്നലെ എക്‌സ് പോസ്റ്റില്‍ കെജ്രിവാള്‍ അഭിപ്രായപ്പെട്ടത്.

‘ഇത് തെറ്റാണ്, ലാത്തിചാര്‍ജിന് ഉത്തരവിടുന്നതിന് പകരം യുവാക്കളെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറാവണം,’ എന്ന് എക്സില്‍ പുങ്കുവെച്ച ഒരു വീഡിയോയില്‍ കെജ്രിവാള്‍ പറഞ്ഞിരുന്നു.

‘രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളാണ് ജന്തര്‍ മന്ദറില്‍ ഒത്തുചേര്‍ന്നിട്ടുള്ളത്. അവരെ കേള്‍ക്കുന്നതിന് പകരം ലാത്തിച്ചാര്‍ജിന് ഉത്തരവിടുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത് ശരിയല്ല,’ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത് നമ്മുടെ സ്വന്തം രാജ്യത്തിന്റെ കുട്ടികളാണെന്നും അവര്‍ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു. അവര്‍ക്കെതിരായ ധാര്‍ഷ്ട്യം അവസാനിപ്പിച്ച് അവരെ കേള്‍ക്കാന്‍ തയ്യറാകണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlight: Police Forcefully Detained Senior Opposition Leaders Including Rahul Gandhi From Protest on NEET Issue

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.