തരുണ്‍ എനിക്ക് ആദ്യമായി മെസ്സേജയച്ചത് ആ കഥാപാത്രം കാരണം, ഇന്നും പലരും എന്നെ ഓര്‍ക്കുന്നത് ആ പേരിലാണ്: ആര്‍ഷ ബൈജു
Entertainment
തരുണ്‍ എനിക്ക് ആദ്യമായി മെസ്സേജയച്ചത് ആ കഥാപാത്രം കാരണം, ഇന്നും പലരും എന്നെ ഓര്‍ക്കുന്നത് ആ പേരിലാണ്: ആര്‍ഷ ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th May 2025, 11:58 am

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ആര്‍ഷ ബൈജു. കരിക്കിന്റെ ആവറേജ് അമ്പിളി എന്ന വെബ് സീരീസിലൂടെയും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാന്‍ ആര്‍ഷക്ക് സാധിച്ചു. വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റസ് താരത്തിന്റെ കരിയറിലെ ബ്രേക്ക് ത്രൂവായി മാറി. തിയേറ്ററുകളില്‍ ചരിത്രവിജയം നേടിയ തുടരും എന്ന ചിത്രത്തിലും ആര്‍ഷയുടെ സാന്നിധ്യമുണ്ട്.

ആവറേജ് അമ്പിളി എന്ന സീരീസാണ് തനിക്ക് വലിയൊരു ബ്രേക്ക് ത്രൂ ആയതെന്ന് പറയുകയാണ് ആര്‍ഷ ബൈജു. ആ സീരീസ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയെന്ന് ആര്‍ഷ പറഞ്ഞു. തരുണ്‍ മൂര്‍ത്തി തനിക്ക് മെസ്സേജയച്ചെന്നും ആ ബന്ധമാണ് തുടരും എന്ന ചിത്രത്തിലേക്ക് വഴി തെളിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായി കരുതുന്നത് അമ്പിളിയെയാണെന്നും ആര്‍ഷ പറയുന്നു. ആ സീരീസിലെ മൂന്നാമത്തെ എപ്പിസോഡിലെ സ്‌ക്രീന്‍ഷോട്ട് കാണിച്ച് അതാണ് തുടരും സിനിമയില്‍ ഉദ്ദേശിക്കുന്നതെന്ന് തരുണ്‍ മൂര്‍ത്തി തന്നോട് പറഞ്ഞെന്നും അത് സന്തോഷം തന്ന നിമിഷമായിരുന്നെന്നും ആര്‍ഷ ബൈജു പറഞ്ഞു. മനോരമ ആഴ്ചപതിപ്പിനോട് സംസാരിക്കുകയായിരുന്നു അവര്‍.

ആവറേജ് അമ്പിളി റിലീസ് ആയപ്പോള്‍ തരുണ്‍ മൂര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചിരുന്നു. ആ സമയത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അതിലെ എന്റെ അഭിനയം നന്നായിരുന്നുവെന്ന് തരുണ്‍ പറഞ്ഞു. എന്നാല്‍, അന്ന് സിനിമയുടെ കാര്യമൊന്നും സംസാരിച്ചിരുന്നില്ല. തുടരും സിനിമയിലേക്ക് എന്നെ ആദ്യം വിളിക്കുന്നത് ബിനു പപ്പു ആയിരുന്നു. അദ്ദേഹം കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചശേഷമാണ് തരുണ്‍ മൂര്‍ത്തി വിളിക്കുന്നത്.

എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് കരിക്കിനുവേണ്ടി ചെയ്ത ആവറേജ് അമ്പിളിയിലേത്. ഇപ്പോഴും ആളുകള്‍ ഓര്‍ക്കുന്ന കഥാപാത്രങ്ങളില്‍ ആദ്യത്തേത് അതുതന്നെയാകും. തുടരും എന്ന ചിത്രത്തിലേക്കും എന്നെ എത്തിച്ചത് ആവറേജ് അമ്പിളി തന്നെയാണന്ന് പറയാന്‍ സാധിക്കും.

ഈ സിനിമയിലേക്ക് എത്തിയപ്പോഴും ആവറേജ് അമ്പിളിയിലെ മൂന്നാമത്തെ എപ്പിസോഡില്‍ നിന്നുള്ള ഒരു സ്‌ക്രീന്‍ ഷോട്ട് എന്നെ കാണിച്ചിട്ട് ഈ ഒരു ലുക്കാണ് നമ്മള്‍ ഇവിടെയുമെടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് തരുണ്‍ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു അത്,’ ആര്‍ഷ ബൈജു പറയുന്നു.

Content Highlight: Arsha Baiju saying Tharun Moorthy messaged her after watching Average Ambili series