ലാലേട്ടന്റെ കൂടെ നില്‍ക്കാനുള്ള കൊതി കൊണ്ട് അഭിനയിച്ചതാണ്, സ്റ്റാര്‍ഡം ഒന്നും ഞാന്‍ നോക്കിയില്ല: അര്‍ജുന്‍ അശോകന്‍
Entertainment
ലാലേട്ടന്റെ കൂടെ നില്‍ക്കാനുള്ള കൊതി കൊണ്ട് അഭിനയിച്ചതാണ്, സ്റ്റാര്‍ഡം ഒന്നും ഞാന്‍ നോക്കിയില്ല: അര്‍ജുന്‍ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th May 2025, 2:11 pm

തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി തന്റെ ഇഷ്ടനടനെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളില്‍ ഒന്നായി തുടരും മാറി. ബോക്സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിയോളം ചിത്രം സ്വന്തമാക്കി.

ചിത്രത്തില്‍ അപ്രതീക്ഷിതമായി പ്രേക്ഷകരെ ഞെട്ടിച്ച സാന്നിധ്യമായിരുന്നു അര്‍ജുന്‍ അശോകന്റേത്. ഇന്റര്‍വെലിന് മുമ്പ് ഒരൊറ്റ സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട അര്‍ജുന്‍ അശോകന്‍ കൈയടി വാങ്ങിയാണ് കളംവിട്ടത്. ചിത്രത്തിലേക്ക് താന്‍ എത്തിപ്പെട്ടതിനെക്കുറിച്ച് അര്‍ജുന്‍ അശോകന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ആകെ ഒരു സീന്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് ആദ്യമേ തന്നോട് പറഞ്ഞിരുന്നെന്ന് അര്‍ജുന്‍ അശോകന്‍ പറഞ്ഞു. രണ്ട് ഡയലോഗ് മാത്രമേ കാണുകയുള്ളൂവെന്ന് അറിഞ്ഞെന്നും എന്നിട്ടും താന്‍ ആ വേഷം സ്വീകരിച്ചെന്നും അര്‍ജുന്‍ അശോകന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനൊപ്പം നില്‍ക്കാനുള്ള കൊതി കൊണ്ടാണ് ആ സീനിന് സമ്മതിച്ചതെന്നും അര്‍ജുന്‍ പറഞ്ഞു.

നായകനടനായി നില്‍ക്കുമ്പോള്‍ ഈ വേഷം ചെയ്യുന്നത് എന്തിനാണെന്ന ചോദ്യത്തോടും അര്‍ജുന്‍ അശോകന്‍ പ്രതികരിച്ചു. നായകനടനായതുകൊണ്ട് ഈ വേഷം ചെയ്യാന്‍ പാടില്ലേ എന്ന് അര്‍ജുന്‍ പ്രതികരിച്ചു. അപ്പുറത്ത് നില്‍ക്കുന്നത് മോഹന്‍ലാലായതുകൊണ്ട് ഒന്നും നോക്കാതെ ഓക്കെ പറഞ്ഞതാണെന്നും സ്റ്റാര്‍ഡം നോക്കിയില്ലെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു. മോഹന്‍ലാലിനൊപ്പം മുഴുനീളവേഷം കിട്ടിയാല്‍ ചെയ്യുമെന്നും അര്‍ജുന്‍ അശോകന്‍ പറയുന്നു.

‘കൊതി കൊണ്ട് ചെയ്ത പടമാണ് തുടരും. ആകെ ഒരു സീന്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് ആദ്യമേ പറഞ്ഞിരുന്നുള്ളൂ. ഒരു സീനെങ്കില്‍ ഒരു സീന്‍, രണ്ട് ഡയലോഗെങ്കില്‍ അത്. ആ ഒരു ചിന്തയിലാണ് സെറ്റിലേക്ക് പോയത്. ഒരു സീനിലെങ്കിലും ലാലേട്ടന്റെ കൂടെ നില്‍ക്കാമല്ലോ. അപ്പുറത്ത് നില്‍ക്കുന്നത് ആരാണെന്ന് നോക്കിയാല്‍ നമ്മള്‍ പിന്നെ ഒന്നും ചിന്തിക്കില്ല.

നായകനടനായതുകൊണ്ട് ആ റോള്‍ ചെയ്യാന്‍ പാടില്ല എന്നുണ്ടോ. ലാലേട്ടന്റെ കൂടെ ഒരു സീന്‍ ചെയ്യാന്‍ വിളിക്കുമ്പോള്‍ നമ്മുടെ വലിപ്പ ചെറുപ്പമൊക്കെ നോക്കാന്‍ തോന്നുമോ. ആ ഒരു ഭാഗ്യം കളയാന്‍ പറ്റുമോ. ഇപ്രാവശ്യം ഒരു സീനില്‍ കൂടെ നിന്നു. മുഴുനീള വേഷം ഭാവിയില്‍ കിട്ടുമെന്ന് വിചാരിക്കുന്നു. കിട്ടിയാല്‍ ഉറപ്പായും ചെയ്യും,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

Content Highlight: Arjun Ashokan about his scene with Mohanlal in Thudarum movie