ലോകകപ്പ് ഭദ്രമാക്കാന്‍ മിശിഹാ അവതരിക്കും; ഫിഫ ലോകകപ്പിനുള്ള അര്‍ജന്റൈന്‍ സ്‌ക്വാഡ് പുറത്തുവിട്ടു
Football
ലോകകപ്പ് ഭദ്രമാക്കാന്‍ മിശിഹാ അവതരിക്കും; ഫിഫ ലോകകപ്പിനുള്ള അര്‍ജന്റൈന്‍ സ്‌ക്വാഡ് പുറത്തുവിട്ടു
ശ്രീരാഗ് പാറക്കല്‍
Friday, 29th May 2026, 8:35 am

2026ലെ ഫിഫ ലോകകപ്പിനായുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് അര്‍ജന്റീന. 26 അംഗങ്ങളുള്ള സ്‌ക്വാഡാണ് അര്‍ജന്റീന പ്രഖ്യാപിച്ചത്. 2022ലെ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി കളിച്ച 12 പേര്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. സൂപ്പര്‍ താരം ലയണല്‍ മെസി തന്നെയാണ് അര്‍ജന്റീനയുടെ പടനായകന്‍. ലോകകപ്പ് നില നിര്‍ത്തുക എന്ന വലിയ ലക്ഷ്യമായിട്ടാണ് സ്‌കലോണിപ്പട കളത്തിലിറങ്ങാനിരിക്കുന്നത്.

മാത്രമല്ല കളത്തിലിറങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡും മെസിക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരമെന്ന നേട്ടമാണ് മെസിയെ കാത്തിരിക്കുന്നത്. ഇതുവരെ 26 മത്സരങ്ങളാണ് മെസി കളിച്ചത്. നിലവില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി പന്തു തട്ടുന്ന മെസി പരിക്കിന്റെ പിടിയിലായത് ആരാധകര്‍ക്ക് വലിയ ആശങ്കയായിരുന്നു നല്‍കിയത്. എന്നാല്‍ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ മെസി സ്‌ക്വാഡിലെത്തിയത് ആഘോഷിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍.

ലയണല്‍ മെസി

2026 ഫിഫ ലോകകപ്പിനുള്ള അര്‍ജന്റൈന്‍ സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോണിമോ റുല്ലി, ജുവാന്‍ മുസോ

ഡിഫന്‍ഡര്‍മാര്‍: ലിയോനാര്‍ഡോ ബലേര്‍ഡി, ഗോണ്‍സാലോ മോണ്ടിയേല്‍, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടാമെന്‍ഡി, ഫാകുണ്ടോ മദീന, നഹുവല്‍ മൊലിന

മിഡ്ഫീല്‍ഡര്‍മാര്‍: ലിയാന്‍ഡ്രോ പരേഡെസ്, റോഡ്രിഗോ ഡി പോള്‍, വാലന്റൈന്‍ ബാര്‍കോ, ജിയോവാനി ലോ സെല്‍സോ, എക്‌സിക്വല്‍ പലാസിയോസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്

ഫോര്‍വേഡുകള്‍: ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസി, നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ജിയുലിയാനോ സിമിയോണി, നിക്കോളാസ് പാസ്, ജോസ് മാനുവല്‍ ലോപ്പസ്, ലൗട്ടാരോ മാര്‍ട്ടിനെസ്2022ല്‍ ലോകകപ്പ് നേടിയ അര്‍ജന്റൈന്‍ ടീം

ലോകകപ്പില്‍ ഗ്രൂപ്പ് ജി-യിലാണ് ലയണല്‍ മെസിയും സംഘവും ഇടം നേടിയിട്ടുള്ളത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പിലുള്ളത്. ജൂണ്‍ 17ന് അള്‍ജീരിയക്കെതിരെയാണ് മെസിയും സംഘവും ആദ്യ മത്സരത്തിനിറങ്ങുന്നത്.

അതേസമയം 2026 ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജൂണ്‍ 12ന് ആരംഭിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് മെക്‌സിക്കോ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ് ഇത്തവണത്തെ ലോകകപ്പ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

Content Highlight: Argentina Release Their FIFA World Cup Squad 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ