ലാലേട്ടന്റെ ആ സിനിമ കണ്ടപ്പോഴാണ് കുറച്ചുകാലത്തിന് ശേഷം ഒരു കുടുംബ ചിത്രം കണ്ടത്: അനുശ്രീ
Entertainment
ലാലേട്ടന്റെ ആ സിനിമ കണ്ടപ്പോഴാണ് കുറച്ചുകാലത്തിന് ശേഷം ഒരു കുടുംബ ചിത്രം കണ്ടത്: അനുശ്രീ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st May 2025, 8:32 am

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനുശ്രീ. 2012ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്സ് എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആ സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഇതിഹാസ തുടങ്ങിയ സിനിമകളിലൂടെയാണ് അനുശ്രീ ഒരു മുന്‍നിര നടിയായി വരുന്നത്. ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കുറയുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടി.

കുറയുന്നുണ്ടെന്നാണ് അനുശ്രീയുടെ മറുപടി. പുതിയ മലയാള സിനിമകള്‍ നായകന്റെയും നായകന്റെ കൂട്ടുകാരുടെയും കഥ മാത്രമായിട്ടാണ് പോയിക്കൊണ്ടിരിക്കുന്നതും അടുത്തിറങ്ങിയ സിനിമകളൊക്കെ അങ്ങനെയാണെന്നും നടി പറയുന്നു.

തരുണ്‍ മൂര്‍ത്തി -മോഹന്‍ലാല്‍ ചിത്രമായ തുടരും കണ്ടപ്പോഴാണ് കുറച്ചുകാലത്തിന് ശേഷം ഒരു കുടുംബ ചിത്രം കണ്ടതെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. കുറച്ചുകാലമായി കുടുംബം മലയാള സിനിമയിലില്ലെന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നും നടി പറഞ്ഞു.

‘സത്യമാണ്. നായകന്റെയും നായകന്റെ കൂട്ടുകാരുടെയും കഥ മാത്രമായാണ് പുതിയ മലയാള സിനിമകള്‍ പോയിക്കൊണ്ടിരിക്കുന്നത്. അടുത്തിറങ്ങിയ സിനിമകളൊക്കെ എടുത്തുനോക്കൂ. സ്ത്രീ കഥാപാത്രങ്ങള്‍ ഒന്നുംതന്നെയില്ല. പേരിന് ഒരു നായികയുണ്ടാകും.

തുടരും കണ്ടപ്പോഴാണ് കുറച്ചുകാലത്തിന് ശേഷം ഒരു കുടുംബ ചിത്രം കണ്ടത്. പ്രിന്‍സ് ആന്‍ഡ് ഫാമിലി കണ്ടപ്പോള്‍ ‘കുറച്ച് കാലത്തിന് ശേഷം അമ്മയെയും അച്ഛനെയും ചേട്ടന്‍മാരെയും കാണാന്‍ പറ്റി’യെന്ന് ഞാന്‍ കമന്റ് ചെയ്തിരുന്നു.

കുറച്ചുകാലമായി കുടുംബം മലയാള സിനിമയിലില്ല. എന്താണ് കാരണം എന്നറിയില്ല. നായകനും കുറച്ച് കൂട്ടുകാരും മാത്രമുള്ള കഥകളാണോ റിയലിസ്റ്റിക് സിനിമയെന്ന് അറിയില്ല. കുടുംബം റിയലിസ്റ്റിക് അല്ലാതെയായി മാറിയോ എന്നും അറിയില്ല.

പണ്ടത്തെ പോലെ ഒരുപാട് കുടുംബവും സ്ത്രീകഥാപാത്രങ്ങളുമെല്ലാമുള്ള സിനിമകള്‍ ഇനിയും സംഭവിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അതിനായി ഞാന്‍ കാത്തിരിക്കുന്നു,’ അനുശ്രീ പറയുന്നു.

Content Highlight: Anusree Talks About Mohanlal’s Thudarum Movie