ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. പാഞ്ച് എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച അനുരാഗ് കശ്യപ് പിന്നീട് നോ സ്മോക്കിങ്, ബ്ലാക്ക് ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. ഇന്ത്യന്‍ സിനിമ അതുവരെ കാണാത്ത തരത്തില്‍ ഗ്യാങ്സ് ഓഫ് വസേപൂര്‍ എന്ന ചിത്രം പുറത്തിറക്കിയതോടെ ഇന്ത്യ മുഴുവന്‍ അനുരാഗ് കശ്യപ് ശ്രദ്ധേയനായി.
പാന്‍ ഇന്ത്യന്‍ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അനുരാഗ് കശ്യപ് ഇപ്പോള്‍. ബാഹുബലി, കെ.ജി.എഫ്, പുഷ്പ എന്നീ ചിത്രങ്ങള്‍ കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കുകയും ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്നും അത് അത്തരം സിനിമകളുടെ ശൈലിയെ അനുകരിക്കാനുള്ള പ്രവണതയ്ക്ക് തുടക്കമിട്ടുവെന്നും അനുരാഗ് കശ്യപ് പറയുന്നു.
തന്റെ അഭിപ്രായത്തില്‍ പാന്‍ ഇന്ത്യന്‍ എന്ന വിശേഷണം ഒരു തട്ടിപ്പാണെന്നും ബഡ്ജറ്റും ഫീസും വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു. ദി ഹിന്ദുവിന്റെ ദി ഹഡില്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനുരാഗ് കശ്യപ്.
‘ബാഹുബലി, കെ.ജി.എഫ്, പുഷ്പ എന്നീ ചിത്രങ്ങള്‍ കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കുകയും ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു.
അത് സിനിമാ വ്യവസായത്തില്‍ അത്തരം സിനിമകളുടെ ശൈലിയെ അനുകരിക്കാനുള്ള പ്രവണതയ്ക്ക് തുടക്കമിട്ടു. ഈ റിവേഴ്സ് എഞ്ചിനിയറിങ് തന്ത്രപരമല്ല. ചിലപ്പോള്‍ ബഡ്ജറ്റും ഫീസും വര്‍ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്.
എന്റെ അഭിപ്രായത്തില്‍ പാന്‍ ഇന്ത്യന്‍ എന്ന വിശേഷണം വലിയ തട്ടിപ്പാണ്. ഒരു സിനിമ മൂന്ന്- നാല് വര്‍ഷമെടുത്താണ് നിര്‍മിക്കാന്‍ പോകുന്നതെന്ന് കരുതുക. അപ്പോള്‍ ഒരുപാട് പേര്‍ ആ സിനിമയിലൂടെ ജീവിക്കുകയും അവരുടെ ജീവിത ശൈലി അതിനെ ആശ്രയിച്ചുമിരിക്കുന്നു.
സിനിമക്ക് എന്ന് പറയുന്ന പണം അതിലേക്കല്ല മുഴുവന്‍ പോകുന്നത്. ആവശ്യമില്ലാത്ത വലിയ സെറ്റുകള്‍ക്കായി ചിലര്‍ പൈസ ചിലവഴിക്കുന്നു. ആ പണത്തില്‍ നിന്ന് ഒരു ശതമാനം മാത്രമെ യഥാര്‍ത്ഥ നിര്‍മാണത്തിലേക്ക് പോകുന്നുള്ളൂ,’ അനുരാഗ് കശ്യപ് പറയുന്നു.